മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: മന്ത്രി എം.ബി. രാജേഷ്

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ 'മാറ്റം' ശില്പശാലയ്ക്ക് തുടക്കമായി
Trivandrum / July 3, 2023

തിരുവനന്തപുരം: മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയും വിവിധ നടപടികളിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ മാലിന്യ നിര്‍മ്മാര്‍ജന സംസ്കാരം വളര്‍ത്തുകയും ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) നഗരസഭ പ്രതിനിധികള്‍ക്കായി കോവളത്ത് സംഘടിപ്പിച്ച 'മാറ്റം' ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ദ്വിദിന ശില്പശാലയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ ഓരോ നഗരസഭകളിലെയും മാലിന്യ പരിപാലനത്തിലെ പോരായ്മകള്‍ കൂടുതല്‍ വിശകലനത്തിന് വിധേയമാക്കും. ഇതിന്‍റെ  അടിസ്ഥാനത്തില്‍ അടിയന്തിരമായി  നടപ്പിലാക്കേണ്ട ഉപപദ്ധതികള്‍ നിശ്ചയിക്കും. ഇതോടൊപ്പം മാലിന്യ പരിപാലനത്തില്‍ സുസ്ഥിര നേട്ടം കൈവരിക്കുന്നതിന് ഓരോ നഗരസഭകളിലും നടപ്പാക്കേണ്ട മാസ്റ്റര്‍ പ്ലാനും ശില്പശാലയില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. ഓരോ നഗരസഭകളിലെയും ജനപ്രതിനിധികളും  നിര്‍വഹണ ഉദ്യോഗസ്ഥരും ശില്പശാലയുടെ ഭാഗമാകുന്നതോടെ പദ്ധതി നിര്‍വഹണത്തില്‍ സമഗ്രമായ നേട്ടം കൈവരിക്കാനാകും.

മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനോടൊപ്പം പൊതുജനങ്ങളില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക പ്രധാനമാണ്. ഇതിന് ജനപ്രതിനിധികളാണ് നേതൃത്വം നല്‍കേണ്ടത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് തെരുവുകള്‍ തോറും ബിന്നുകള്‍ സ്ഥാപിക്കുകയും കൃത്യമായി മാലിന്യം ശേഖരിക്കുകയും തരംതിരിക്കുകയും ചെയ്യുന്ന ശീലം പൗരന്‍മാരില്‍ വളര്‍ത്തണം. മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എസ്.ഡബ്ല്യു.എം.പിയുടേതടക്കം നിരവധി ഫണ്ടുകളുണ്ട്. ഇവ ശരിയായി വിനിയോഗിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കണം. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കണം. ഇവര്‍ക്ക് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും നല്‍കി നവീകരിക്കണം. നൂതന സാങ്കേതിക വിദ്യയുടെ സഹായം മാലിന്യ നിര്‍മാര്‍ജ്ജന പ്രക്രിയയില്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ നഗരസഭ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തുന്നതിലൂടെ പദ്ധതി നിര്‍വ്വഹണത്തിന് കൂടുതല്‍ വേഗത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. 87 നഗരസഭകളിലെയും 6 കോര്‍പ്പറേഷനുകളിലെയും അധ്യക്ഷന്‍മാരും ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ശില്പശാലകള്‍ 4 മേഖലകളിലായിട്ടാണ് നടത്തുക. ഇതിന്‍റെ ആദ്യഘട്ടത്തിനാണ് തിരുവനന്തപുരത്ത് തുടക്കമായത്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നഗരസഭ പ്രതിനിധികളാണ് ആദ്യഘട്ട ശില്പശാലയില്‍ പങ്കെടുക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് മേഖല ശില്പശാലകള്‍ തുടര്‍ന്ന് നടക്കും.


മാലിന്യ സംസ്ക്കരണത്തിന് ശക്തമായ പിന്തുണാ സംവിധാനം കേരളത്തില്‍ ഉണ്ടെന്നും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നവകേരള മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു. മാലിന്യ സംസ്കരണം സംബന്ധിച്ച വെല്ലുവിളി എത്രമാത്രം ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാനാകുമെന്നത് പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖരമാലിന്യ സംസ്കരണത്തില്‍ മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമായ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും ഇത് നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും മുഖ്യപ്രഭാഷണം നടത്തിയ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ ജി. മുരളീധരന്‍ പറഞ്ഞു.

ഖരമാലിന്യ സംസ്കരണത്തില്‍ നഗരസഭകള്‍ ഇതുവരെ ചെയ്ത പ്രവൃത്തികളും ഇനി എന്തെല്ലാമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നുമുള്ള അവലോകനമാണ് ശില്പശാലയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്വാഗതം ആശംസിച്ച കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ള പറഞ്ഞു.

കേരള മുന്‍സിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ യു.വി. ജോസ്, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്ക്കരന്‍, സി.കെ.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ് കുമാര്‍, അര്‍ബന്‍ അഫേഴ്സ് ഡയറക്ടര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഖരമാലിന്യ പരിപാലനം- നിലവിലെ സാഹചര്യം, നഗരസഭകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വെല്ലുവിളികള്‍ ഉപയോഗിച്ച തന്ത്രങ്ങള്‍, ഖരമാലിന്യ പരിപാലനത്തെ സംബന്ധിച്ച നിയമങ്ങള്‍, ആസൂത്രിതമായ ഇടപെടല്‍, വിവിധ മാതൃകകളും സാങ്കേതിക വിദ്യകളും, ഖരമാലിന്യ പരിപാലനത്തിന് സാമ്പത്തികലഭ്യത-സംയോജിത സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടന്നു. ഈ വിഷയങ്ങളിലുള്ള ഗ്രൂപ്പ് ചര്‍ച്ചകളും അവതരണവും രണ്ടാംദിനം നടക്കും.

സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 15  നാണ് മാലിന്യമുക്തം നവകേരളം കാമ്പയിന്‍ ആരംഭിച്ചത്. 2024ല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള ക്യാമ്പയിന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്.  ഇതിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിധികളേയും ഉദ്യോഗസ്ഥന്‍മാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പരിശീലന, നിര്‍വഹണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Photo Gallery

+
Content