മാലിന്യമുക്തം നവകേരളം നഗരസഭ പ്രതിനിധി ശില്പശാലയ്ക്ക് ഇന്ന് (ജൂലൈ 3) തുടക്കം

മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും
Trivandrum / July 2, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള നഗരസഭ പ്രതിനിധികളുടെ ശില്പശാല 'മാറ്റം' ഇന്നും നാളെയുമായി (ജൂലൈ 3, 4) നടക്കും. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) സംഘടിപ്പിക്കുന്ന ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും.

കോവളം ഉദയസമുദ്രയില്‍ നടക്കുന്ന ചടങ്ങില്‍ നവകേരള മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷയാകും. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, കേരള മുന്‍സിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം, കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ള, കെ.എസ്.ഡബ്ല്യു.എം.പി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ യു.വി. ജോസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്ക്കരന്‍, സി.കെ.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഖരമാലിന്യ പരിപാലനം- നിലവിലെ സാഹചര്യം, നഗരസഭകള്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വെല്ലുവിളികള്‍ ഉപയോഗിച്ച തന്ത്രങ്ങള്‍, ഖരമാലിന്യ പരിപാലനത്തെ സംബന്ധിച്ച നിയമങ്ങള്‍, ആസൂത്രിതമായ ഇടപെടല്‍, വിവിധ മാതൃകകളും സാങ്കേതിക വിദ്യകളും, ഖരമാലിന്യ പരിപാലനത്തിന് സാമ്പത്തികലഭ്യത-സംയോജിത സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടക്കും. രണ്ടാംദിനത്തില്‍ ഈ വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചകളും തുടര്‍ന്ന് ചര്‍ച്ചയുടെ അവതരണവും നടക്കും.

ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ ഓരോ നഗരസഭകളിലെയും മാലിന്യ പരിപാലനത്തിലെ പോരായ്മകള്‍ ശില്പശാലയില്‍ വിശകലനത്തിന്  വിധേയമാക്കും. ഇതിന്‍റെ  അടിസ്ഥാനത്തില്‍  അടിയന്തിരമായി നടപ്പിലാക്കേണ്ട ഉപപദ്ധതികള്‍ നിശ്ചയിക്കും. ഇതോടൊപ്പം മാലിന്യ പരിപാലനത്തില്‍  സുസ്ഥിര നേട്ടം കൈവരിക്കുന്നതിന് ഓരോ നഗരസഭകളിലും നടപ്പാക്കേണ്ട മാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാനും ശില്പശാലയില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ വിവിധ ഘടകകങ്ങള്‍ നഗരസഭാ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തുന്നതിലൂടെ പദ്ധതി നിര്‍വ്വഹണത്തിന് കൂടുതല്‍ വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലെയും അധ്യക്ഷډാരും ആരോഗ്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ നാലു മേഖലകളിലായാണ് ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടമാണ് ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കുന്നത്.

Photo Gallery