ശുചിത്വ മാലിന്യ സംസ്കരണം; കേരളത്തിന് ഒ.ഡി.എഫ് പ്ലസ് പദവി

Trivandrum / July 2, 2023

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ഗ്രാമങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങളുടെ വിലയിരുത്തലില്‍ എല്ലാ വില്ലേജുകളെയും ഒ.ഡി.എഫ് പ്ലസ് പദവിയില്‍ എത്തിച്ച് കേരളം. കേന്ദ്ര കുടിവെള്ള ശുചിത്വ വകുപ്പിന്‍റെ വിലയിരുത്തല്‍ മാനദണ്ഡമനുസരിച്ച് ഓരോ ഗ്രാമങ്ങളെയും ശുചിത്വ മാലിന്യ
സംസ്കരണ മേഖലയിലെ ഭൗതിക സൗകര്യങ്ങളുടെയും ശുചിത്വ നിലവാരത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പ്രക്രിയയില്‍ ആണ് കേരളം ഒ.ഡി.എഫ് പ്ലസ് പദവി നേടിയത്.

സംസ്ഥാനത്തെ എല്ലാ വില്ലേജുകളും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപിച്ചതിനാലാണ് കേരളത്തിന് ഈ നേട്ടത്തിലെത്താന്‍ സാധിച്ചത്. 2016 ല്‍ കേരളം കൈവരിച്ച സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവി എന്ന നേട്ടത്തിന്‍റെ അടുത്ത പടിയായി ഗ്രാമങ്ങളില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൂടുതലായി ഒരുക്കുന്ന സൗകര്യങ്ങള്‍ ആണ് ഒ.ഡി.എഫ് പ്ലസ് നേടുന്നതിനായി വിലയിരുത്തപ്പെടുന്നത്. ഖര ദ്രവ മാലിന്യ സംസ്ക്കരണ രംഗത്ത് ഗ്രാമതലങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ഒ.ഡി.എഫ് പ്ലസിന്‍റെ ലക്ഷ്യം. കേരളം കൂടാതെ കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കും ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചിട്ടുണ്ട്.

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുകയും വ്യക്തിഗത ശുചിമുറി നിര്‍മ്മാണം, പൊതു ശൗചാലയ നിര്‍മ്മാണം, പൊതു ജൈവ മാലിന്യ സംസ്ക്കരണ ഉപാധികള്‍ സ്ഥാപിക്കല്‍, പൊതു ദ്രവമാലിന്യ സംസ്കരണ ഉപാധികള്‍, വിവിധ വിവരവിജ്ഞാന പ്രവത്തനങ്ങള്‍ എന്നിവയാണ് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകള്‍ നടപ്പിലാക്കിയത്. നിലവില്‍ സംസ്ഥാനത്തെ 1509 ഗ്രാമങ്ങളില്‍ 491 എണ്ണം ആസ്പയറിങ് വിഭാഗത്തിലും 48 എണ്ണം റൈസിംഗ് വിഭാഗത്തിലും 970 എണ്ണം മോഡല്‍ വിഭാഗത്തിലുമാണ് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചത്. ശതമാന കണക്കില്‍ നിലവില്‍  ഏറ്റവും അധികം മോഡല്‍ വില്ലേജുകള്‍ ഉള്ള സംസ്ഥാനവും കേരളമാണ്.

2023 ഡിസംബറിന് മുന്‍പായി മുഴുവന്‍ വില്ലേജുകളെയും ഒ.ഡി.എഫ് പ്ലസ് മോഡലിലെത്തിച്ച് ഈ നേട്ടത്തിലെത്തുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേരളം. ഇതിനായി എല്ലാ വില്ലേജുകളിലും കൃത്യമായ പരിപാലന സംവിധാനമുള്ള പൊതു ശൗചാലയം, വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, ഗ്രാമപഞ്ചായത്ത് ആസ്ഥാനം, പൊതുസ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ ശുചിമുറികള്‍, പൊതു ഇടങ്ങളില്‍ മലിനജലം കെട്ടിനില്‍ക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയുള്ള പരിപാലനം, കമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനം, ദ്രവമാലിന്യ സംസ്ക്കരണ സംവിധാനം, അജൈവ മാലിന്യ ശേഖരണ- സംസ്ക്കരണ സംവിധാനം, ഹരിത കര്‍മ്മസേന സേവനം, ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ തുടങ്ങി സമ്പൂര്‍ണ ഒ.ഡി.എഫ് പ്ലസ് മോഡല്‍ പദവി നേടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.

Photo Gallery