18 മുസിരിസ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി: മന്ത്രി പി എ. മുഹമ്മദ് റിയാസ്

പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍
Trivandrum / June 24, 2023

തിരുവനന്തപുരം: കോവിഡ് മഹാമാരി കാരണമുണ്ടായ തടസ്സങ്ങളെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതികളിലൊന്നായ മുസിരിസുമായി ബന്ധപ്പെട്ട 18 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സംസ്ഥാന ടൂറിസം -പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതികളുടെ വിലയിരുത്തല്‍ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് കാലത്ത് മുസിരിസ് പദ്ധതിയുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ഇടപെടലും അതത് ജില്ലകളിലെ ജനപ്രതിനിധികളുടെ പിന്തുണയും കാരണം തടസ്സങ്ങള്‍ പരിഹരിച്ച് വളരെ വേഗത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുതല്‍ എറണാകുളം ആലപ്പുഴ ജില്ലകളിലായുള്ള പദ്ധതികളാണ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ചേരമന്‍ ജുമാ മസ്ജിദ്, പട്ടണം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, കൊടുങ്ങല്ലൂര്‍ ക്ഷേത്ര മ്യൂസിയം, ഊട്ടുപുര, തിരുവഞ്ചിക്കുളം കനാല്‍ ഓഫീസ്, കീഴ്ത്തളി ക്ഷേത്രം, മതിലകത്ത് പി.എ. സയ്യിദ് മുഹമ്മദ് സ്മാരക സാംസ്കാരിക നിലയം, പതിനെട്ടരയാളം കോവിലകം, അഴീക്കോടും മുനക്കലിലുമുള്ള ബോട്ട് ജെട്ടികള്‍, വടക്കന്‍ പറവൂരിലെ കോട്ടയില്‍ കോവിലകം, ഹോളി ക്രോസ് ചര്‍ച്ച്, പാലിയം ഊട്ടുപുര, പട്ടണം ടൂറിസ്റ്റ് ഇന്‍റര്‍പ്രെറ്റേഷന്‍ സെന്‍റര്‍ തുടങ്ങിയ പദ്ധതികള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിവിധ പരിപാടികളിലായി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് മുടങ്ങിക്കിടന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുസിരിസ് പദ്ധതിയുടെ വിപൂലീകരണത്തിലൂടെ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ പൈതൃക സംരക്ഷണ പദ്ധതികളിലൊന്നാണ് മുസിരിസ്. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ താലൂക്കിലേയും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കിലെയും സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി 2018 ല്‍ തുടങ്ങിയ പദ്ധതിയില്‍ പൊന്നാനിയും കൊല്ലവും പിന്നീട് ഉള്‍പ്പെടുത്തി.

മ്യൂസിയങ്ങള്‍, മതപരമായ സ്ഥലങ്ങള്‍, ബീച്ചുകള്‍, ചരിത്ര സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 3000 വര്‍ഷത്തിലേറെ സമ്പന്നമായ സംസ്കാരവും പൈതൃകവും സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 25 മ്യൂസിയങ്ങളാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. ബിസി ഒന്നാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് സജീവമായ തുറമുഖമായിരുന്നു മുസിരിസ്.

കോവളത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു. വര്‍ക്കല ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താന്‍ പുതിയൊരു പദ്ധതി നടപ്പിലാക്കുമെന്നും ലൈഫ് ഗാര്‍ഡുമാരുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Photo Gallery