കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ സ്വാധീനത്തെക്കുറിച്ച് ക്ലിനിക്കല്‍ ഗവേഷണം നടത്താന്‍ ആര്‍ജിസിബി

ആര്‍സിസി, സത്സംഘ് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിക്കാന്‍ ധാരണ
Trivandrum / June 21, 2023

തിരുവനന്തപുരം: കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) റീജിയണല്‍ കാന്‍സര്‍ സെന്‍ററും (ആര്‍സിസി) സത്സംഘ് ഫൗണ്ടേഷനുമായി സഹകരിക്കാന്‍ ധാരണയായി. ആര്‍ജിസിബിയില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിന പരിപാടിയിലായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം.


പദ്ധതിയനുസരിച്ച് ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ. നായരുടെ നേതൃത്വത്തില്‍ പഠനത്തിന്‍റെ ക്ലിനിക്കല്‍ വശങ്ങള്‍ ആര്‍സിസി ഏകോപിപ്പിക്കും. സത്സംഘ് ഫൗണ്ടേഷന്‍ യോഗ പരിശീലനം നല്‍കും. ആര്‍ജിസിബി വ്യക്തിഗത തലത്തില്‍ കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ പ്രവര്‍ത്തന സാധ്യതകള്‍ പരിശോധിക്കുകയും ആര്‍സിസി തെരഞ്ഞെടുക്കുന്ന രോഗികളില്‍ സെല്ലുലാര്‍ മീഡിയേഷന്‍ നടത്തുകയും ചെയ്യും.

രാജ്യത്ത് ഭാവിയില്‍ വലിയ സാധ്യതകളുള്ള സുപ്രധാന സംരംഭമാണിതെന്ന് സഹകരണം പ്രഖ്യാപിച്ചുകൊണ്ട് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു. സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് സ്ഥാപനങ്ങള്‍ തമ്മില്‍ അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്നത് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാനസിക, ശാരീരികാരോഗ്യം ലക്ഷ്യമിട്ടുള്ള യോഗ സെഷനുകളും പ്രവര്‍ത്തനങ്ങളുമായിട്ടാണ് ആര്‍ജിസിബിയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചത്. ആര്‍ജിസിബിയുടെ ജെന്‍ഡര്‍ അഡ്വാന്‍സ്മെന്‍റ് ഫോര്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (ജിഎടിഐ) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞരും ജീവനക്കാരും ഗവേഷകരും വിദ്യാര്‍ഥികളും പങ്കെടുത്ത യോഗാ സെഷനോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. 'യോഗ വസുധൈവ കുടുംബകത്തിന്'എന്നതാണ് ഈ വര്‍ഷത്തെ ദേശീയ യോഗ ദിനത്തിന്‍റെ പ്രമേയം.

യോഗയുടെ വിവിധ വശങ്ങളെക്കുറിച്ചും സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കുന്നതിന് ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ആര്‍സിസിയിലെ അഡ്മിനിസ്ട്രേഷന്‍ അഡീഷണല്‍ ഡയറക്ടറും റേഡിയേഷന്‍ ഓങ്കോളജി പ്രൊഫസറുമായ ഡോ. സജീദ് എ സംസാരിച്ചു. സത്സംഗ് ഫൗണ്ടേഷന്‍

കേരള കേന്ദ്രത്തിലെ താരാ അജയ് സിംഗ്, ഡോ ബസന്തി നായര്‍, അന്താരാഷ്ട്ര യോഗ റിസര്‍ച്ച് ഫൗണ്ടേഷനിലെ പ്രൊഫ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് സത്സംഘ് ഫൗണ്ടേഷന്‍ കേരള കേന്ദ്രത്തിലെ അനീഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ യോഗാസനങ്ങളുടെ പ്രദര്‍ശനം നടന്നു. ആര്‍ജിസിബിയിലെ വിദ്യാര്‍ഥികളുടെ യോഗാ നൃത്തവും നടന്നു.

Photo Gallery