മാലിന്യമുക്ത നവകേരളം; അടിയന്തരഘട്ടം പൂര്‍ത്തിയായി

ജൂണ്‍ അഞ്ചിന് സംസ്ഥാനവ്യാപകമായി ഹരിതസഭകള്‍
Trivandrum / June 3, 2023

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്‍റെ ഭാഗമായുള്ള മൂന്ന് ഘട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായി കൈവരിച്ചതിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജൂണ്‍ അഞ്ചിന് ഹരിതസഭകള്‍ നടക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായി രണ്ട് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ഹരിതസഭ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ജനകീയ അവലോകനം നടത്തുന്നതിനുള്ള വേദിയാകും. ഇത് മാലിന്യ സംസ്കരണ രംഗത്ത് പൗര വിദ്യാഭാസത്തിന്‍റെ വേദി കൂടിയായി മാറും.

2024 ല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള ക്യാമ്പയിന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. ഇതില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഹരിത കര്‍മ്മസേന മുഖേനയുള്ള വാതില്‍പ്പടി പാഴ്വസ്തു ശേഖരണത്തില്‍ ഉണ്ടായ പുരോഗതി ആണ് ഏറ്റവും പ്രധാനമായത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിനും വാതില്‍പ്പടി ശേഖരണ സേവനം 50 ശതമാനത്തിന് മുകളില്‍ വീടുകളിലേക്ക് എത്തിക്കുന്നതിനും ക്യാമ്പയിന്‍റെ ആദ്യ ഘട്ടത്തില്‍ സാധിച്ചു. രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് പടിപടിയായി ഉയര്‍ത്തി 100 ശതമാനത്തില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടം ജൂണ്‍ ഒന്നിന് പൂര്‍ത്തിയായി. ഇതിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ തുടക്കമെന്ന നിലയിലും ആദ്യഘട്ടത്തിന്‍റെ വിശകലനവും വിലയിരുത്തലും എന്ന രീതിയിലുമാണ് ഹരിതസഭ പ്രചാരണ പരിപാടികള്‍ നടത്തുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹരിതസഭകളുടെ നിരീക്ഷണത്തിനായി രണ്ട് പേരെ വീതം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരടക്കം 14 പേരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഒന്നാം ഘട്ടത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള വിശദമായ പദ്ധതി രേഖയും ഹരിതസഭയില്‍ അവതരിപ്പിക്കും. ജൂണ്‍ പന്ത്രണ്ട് മുതല്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങളിലെ ജനകീയ ഓഡിറ്റ് നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വ്യാപാരി വ്യവസായി സംഘടനകള്‍, ആരോഗ്യ-ശുചിത്വ മേഖല, റെസിഡന്‍സ് അസോസിയേഷന്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, പെന്‍ഷന്‍ സംഘടനകള്‍, എന്‍എസ്എസ്-എന്‍സിസി അംഗങ്ങള്‍, യുവജനപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാകും ഓഡിറ്റ് സമിതി. നിര്‍ദ്ദേശിത അംഗങ്ങളെ കൂടാതെ സ്വയം അംഗങ്ങളാകാന്‍ അപേക്ഷിക്കുന്നവരില്‍ നിന്ന് നാല് പേരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി അതത് നിയോജകമണ്ഡലങ്ങളിലെ എംഎല്‍എ അധ്യക്ഷനായ നിരീക്ഷണ സമിതിയും ഉണ്ടാകും. നിശ്ചിത ഇടവേളകളില്‍ സമിതി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം.

അടിയന്തര മാലിന്യനിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 23 കര്‍മ്മ സംഘത്തെയാണ് റെയിഡുകള്‍ നടത്താനായി നിയോഗിച്ചിരുന്നത്. ഇവര്‍ 8981 റെയിഡുകള്‍ നടത്തി. അതില്‍ കണ്ടെത്തിയ 3270 നിയമലംഘനങ്ങളില്‍ 2727 എണ്ണത്തില്‍ കേസെടുത്തിരിക്കുകയാണ്. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് കഴിഞ്ഞ മാസം വരെ 1,02,44,650 രൂപയാണ് പിഴയിട്ടത്. ഇതില്‍ ഏതാണ്ട് 14.25 ലക്ഷം രൂപ ഈടാക്കി കഴിഞ്ഞു. 105 ടണ്ണോളം നിരോധിത ഡിസ്പോസബിള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു

കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവയുടെ സജീവമായ പങ്കാളിത്തം മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലുണ്ടായി. രണ്ട് ലക്ഷത്തില്‍പരം അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് സംസ്ഥാനത്തുള്ള 44,415 ജലസ്രോതസ്സുകളാണ് വൃത്തിയാക്കിയത്. 17 ലക്ഷത്തോളം വീടുകളില്‍ ബോധവത്കരണ സന്ദര്‍ശനം നടത്തുകയും പതിനായിരത്തിലേറെ പൊതുസ്ഥലങ്ങള്‍ ഇവര്‍ വൃത്തിയാക്കുകയും ചെയ്തു.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമെന്ന പ്രതിജ്ഞ, ഏപ്രില്‍ 30 ന് മാലിന്യവിമുക്ത ദിനം ആചരിക്കല്‍ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്‍റെ പാഠങ്ങള്‍ കുട്ടികളില്‍ നിന്ന് തുടങ്ങുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയോടൊപ്പമുള്ള ബാലസഭകളിലെ കുട്ടികളില്‍ ബോധവത്കരണം നടത്തുകയും രണ്ടായിരത്തിലേറെ ശുചിത്വ പാര്‍ലമെന്‍റ് നടത്തുകയും ചെയ്തു. മാലിന്യവിമുക്ത സന്ദേശവുമായി 1.7 ലക്ഷം വീടുകളാണ് ബാലസഭകളിലെ കുട്ടികള്‍ സന്ദര്‍ശിച്ചത്. ജില്ലാ-സംസ്ഥാന തലങ്ങളില്‍ കുടുംബശ്രീ 8000-ത്തോളം ഓഫീസുകളാണ് വൃത്തിയാക്കിയത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ജലാശയങ്ങള്‍ മലിനമാക്കുന്നത്, മാലിന്യം വലിച്ചെറിയുന്നത് തുടങ്ങിയവ തടയുന്നതിന് പ്രത്യേക സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തോറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ അതത് സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും മേല്‍നടപടികള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യും. മാലിന്യക്കൂമ്പാരത്തിന്‍റെ ചിത്രം പങ്ക് വച്ചാല്‍ ഉടനടി അവിടം വൃത്തിയാക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Photo Gallery