തീരദേശ വികസന കോര്‍പ്പറേഷന് പുതിയ ആസ്ഥാന മന്ദിരം

മന്ത്രി സജി ചെറിയാന്‍ നാളെ (ജൂണ്‍ 1) ഉദ്ഘാടനം നിര്‍വ്വഹിക്കും
Trivandrum / May 30, 2023

തിരുവനന്തപുരം: സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന് (കെ.എസ്.സി.എ.ഡി.സി) തിരുവനന്തപുരം കമലേശ്വരത്ത് പുതിയ ആസ്ഥാന മന്ദിരം. ഇതിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നാളെ (ജൂണ്‍ 1) വൈകുന്നേരം 3.30 ന് മത്സ്യബന്ധന സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും.

പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അന്താരാഷ്ട്ര  വിപണിയില്‍ മൂല്യവര്‍ധിത മത്സ്യ ഉത്പന്നങ്ങളുടെ വിതരണ വിപുലീകരണത്തിന്‍റെ ഭാഗമായി കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി രേഖകള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു കൈമാറും.

പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ സൗകര്യപ്രദമാകുന്ന രീതിയില്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ്, ഫിഷറീസ് മേഖലാ ഓഫീസ്, മത്സ്യഫെഡ് ഓഫീസ്, ഹൈഡ്രോഗ്രാഫിക്ക് സര്‍വ്വേ ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന കോംപ്ലക്സ് ആണ് പുതിയ കെട്ടിടത്തിലുള്ളത്. 5400 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരുനില കെട്ടിടത്തില്‍ രണ്ട് നിലകളിലായി ഓഫീസ് സമുച്ചയം, കോണ്‍ഫറന്‍സ് റൂം എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍, , മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷേയ്ക് പരീത് തുടങ്ങിയവര്‍ സംബന്ധിക്കും.

സംസ്ഥാനത്തെ തീരപ്രദേശത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ തീരദേശ വികസന കോര്‍പ്പറേഷന്‍ തീരമേഖലയുടെ വികസനത്തിനായി അടിസ്ഥാന സൗകര്യമൊരുക്കല്‍, സാങ്കേതികവിദ്യ ഏറ്റെടുക്കല്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, അറ്റകുറ്റപ്പണിപ്പണികള്‍, ഡ്രഡ്ജിംഗ് തുടങ്ങി വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

വിദേശത്ത് മലയാളികള്‍ ഏറെയുളള സ്ഥലങ്ങളില്‍ കേരളത്തില്‍ നിന്നുള്ള മത്സ്യ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ സാധ്യത കണക്കിലെടുത്താണ് തീരദേശവികസന കോര്‍പ്പറേഷന്‍ വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നത്. മത്സ്യത്തിന് ന്യായവില ഉറപ്പാക്കുന്നതിനും ഈ മേഖലയിലെ തൊഴില്‍സാധ്യത കണക്കിലെടുത്തും സംസ്ഥാനത്ത് ഇത്തരം കൂടുതല്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളി മേഖലയിലെ വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊല്ലം ശക്തികുളങ്ങരയിലാണ് മത്സ്യം ഉണക്കുകയും 18 ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം നടത്തിവരികയും ചെയ്യുന്നതെന്ന് പി.ഐ. ഷേയ്ക് പരീത് പറഞ്ഞു.

 

Photo Gallery

+
Content