ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യം- മന്ത്രി ജെ ചിഞ്ചുറാണി

Kochi / May 30, 2023

കൊച്ചി: ക്ഷീരമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് സമ്മേളനവും(ലയം 2023) മികച്ച കര്‍ഷകര്‍ക്കും ഡീലര്‍മാര്‍ക്കുമുള്ള പുരസ്ക്കാര സമര്‍പ്പണവും  നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തുന്നതിന് ക്ഷീരസഹകരണ സംഘങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സംഘങ്ങളുടെ പ്രസിഡന്‍റ് , സെക്രട്ടറി എന്നിവരെക്കൂടി ക്ഷീരവ്യവസായത്തിലേക്ക് കൊണ്ടുവരികയെന്നതാണ് ലയം സമ്മേളനത്തിന്‍റെ ലക്ഷ്യം. ഇതോടൊപ്പം കേരള ഫീഡ്സിന്‍റെ സ്വകാര്യ ഡീലര്‍മാരെക്കൂടി ക്ഷീരവ്യവസായത്തിലേക്ക് എത്തിക്കണം. ക്ഷീരകാര്‍ഷകവൃത്തി നടത്തുന്ന സ്വകാര്യ ഡീലര്‍മാര്‍ക്കുള്ള പുരസ്ക്കാരം ഈ ലക്ഷ്യത്തിലേക്കുള്ള കാല്‍വയ്പാണെന്നും മന്ത്രി പറഞ്ഞു.

കാലിത്തീറ്റയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണത്തോടെ പുറത്തു നിന്നുള്ള ഗുണമേന്മ കുറഞ്ഞ കാലിത്തീറ്റയുടെ വരവ് ഒരുപരിധി വരെ കുറയ്ക്കാനാകും. ഉത്പാദനച്ചെലവ് കുറയ്ക്കുകയാണ് ക്ഷീരവ്യവസായം ലാഭകരമാകാനുള്ള അടിസ്ഥാന പോംവഴി. തീറ്റപ്പുല്‍ കൃഷി വ്യാപകമാക്കും. ആന്ധ്രയില്‍ നിന്ന് സൈലേജ് എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ക്ഷീരകര്‍ഷകര്‍ക്ക് ലാഭകരമായി വ്യവസായം നടത്താന്‍ മില്‍മ ഉത്പന്നങ്ങള്‍ വ്യാപകമാക്കണം. സ്കൂളുകളില്‍ മില്‍മ ബുത്തുകള്‍ തുടങ്ങാനുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ലഹരിക്കെതിരായുള്ള പോരാട്ടത്തിന്‍റെ ഭാഗമായി കൂടിയാണ് ഈ ഉദ്യമമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ക്ഷീരകര്‍ഷകരനെന്നത് ദൈവതുല്യമായ ബഹുമതിയാണെന്ന് തന്‍റെ അനുഭവം പഠിപ്പിച്ചതായി കേരള ഫീഡ്സ് ബ്രാന്‍ഡ് അമ്പാസിഡര്‍ ചലച്ചിത്രതാരം ജയറാം പറഞ്ഞു. തെലുങ്ക്, കന്നഡ, തമിഴ് സിനിമ മേഖലയില്‍ തനിക്ക് ലഭിക്കുന്ന ബഹുമാനം ഇതില്‍ നിന്നാണ് ലഭിക്കുന്നത്. ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതിന്‍റെ ഉദാഹരമാണ് തന്‍റെ പശുവളര്‍ത്തല്‍. ഈ വകുപ്പിനെ നയിക്കുന്ന മന്ത്രി ചിഞ്ചുറാണി ഈ മേഖലയെക്കുറിച്ച് അടിമുടി പഠിച്ചാണ് മുന്നോട്ടു പോകുന്നതെന്നും ജയറാം പറഞ്ഞു.

 കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ ക്ഷീരകര്‍ഷകരെ സഹായിച്ചത് കേരള ഫീഡ്സ് ആണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ പറഞ്ഞു. സാമൂഹിക പ്രതിബദ്ധത നിലനിറുത്തുന്നതിലും കേരള ഫീഡ്സ് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഗ്രാമീണമേഖലയുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ക്ഷീരമേഖലയുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനിയന്ത്രിതമായ കാലിത്തീറ്റ വില തടയുന്നതില്‍ കേരള ഫീഡ്സ് വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കേരള ഫീഡ്സിന്‍റെ നിലനില്‍പ്പും കേരളത്തിലെ ക്ഷീരകര്‍ഷകരുടെ നിലനില്‍പ്പും പരസ്പര പൂരകമാണ്. പ്രളയം, കൊവിഡ് എന്നീ പ്രതിസന്ധികളില്‍ ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സ്ഥാപനമാണ് കേരള ഫീഡ്സ്. അതില്‍ ആത്മാര്‍ത്ഥതയും ചുറുചുറുക്കുമുള്ള തൊഴിലാളികളുടെ പങ്ക് വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തമായി ഡയറി ഫാമുകളുള്ള പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിലെ പ്രസിഡന്‍റിനുള്ള പുരസ്ക്കാരം കോട്ടയം ഇരുമ്പയം കെയുസിഎസ് പ്രസിഡന്‍റ് ജോസഫ് പിഡിയ്ക്ക് ലഭിച്ചു. സ്വന്തമായി ഡയറി ഫാമുകളുള്ള പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിലെ സെക്രട്ടറിയ്ക്കുള്ള പുരസ്ക്കാരം ഇടുക്കി ഇരുമ്പുപാലം കെയുസിഎസ് സെക്രട്ടറി ആശ മാത്യുവിന് നല്‍കി. ആലപ്പുഴയിലെ നമിത എസ് ലാല്‍ കേരള ഫീഡ്സിന്‍റെ സ്വകാര്യ ഡീലര്‍മാരിലെ മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള പുരസ്ക്കാരം നേടി.
സംസ്ഥാനത്തെ മികച്ച ഡീലറായി എറണാകുളം ജില്ലയിലെ അനൂപ് പി എയും കണ്ണൂരിലെ മാത്യു എജി രണ്ടാം സ്ഥാനവും നേടി. മികച്ച സൊസൈറ്റിയായി വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സിഎസ്എംഎസ് അര്‍ഹരായി. രണ്ടാം സ്ഥാനം മാനന്തവാടി കെയുസിഎസിന് ലഭിച്ചു. മന്ത്രി ജെ ചിഞ്ചുറാണി പുരസ്കാര ദാനം നല്‍കി. ജേതാക്കളെ ജയറാം പൊന്നാട അണിയിച്ചു.

ഇതിനു പുറമെ വിവിധ ഇനങ്ങളിലുള്ള ഡീലര്‍ പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.

കേരള ഫീഡ്സ് അസി. ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്‍ നന്ദി അറിയിച്ചു. ഇആര്‍എംസിപിയു-മില്‍മ ചെയര്‍മാന്‍ എം ടി ജയന്‍, കേരള ഫീഡ്സ് ഡയറക്ടര്‍മാരായ പി എന്‍ ബിനു, കെഎല്‍ഡിബി എംഡി ഡോ. ആര്‍ രാജീവ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധി ച്ചു.

ഉച്ചതിരിഞ്ഞ് ഡീലര്‍മാരുമായി ആശയവിനിമയ പരിപാടിയും നടന്നു.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content
+
Content