കേരള ഫീഡ്സ് ബിടുബി സമ്മേളനവും പുരസ്ക്കാര സമര്‍പ്പണവും നാളെ(30.05.2023)

Kochi / May 28, 2023

കൊച്ചി: പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് സമ്മേളനവും മികച്ച കര്‍ഷകര്‍ക്കും ഡീലര്‍മാര്‍ക്കുമുള്ള പുരസ്ക്കാര സമര്‍പ്പണവും നാളെ(30.05.2023) നടക്കും. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങ് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

കേരള ഫീഡ്സിന്‍റെ വരാനിരിക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ 'ലയം 2023' എന്ന ഡീലര്‍ സമ്മേളനം ആരംഭിക്കുന്നത്. വര്‍ഷം തോറും നടത്താനുദ്ദേശിക്കുന്ന ഈ സമ്മേളനത്തില്‍ സ്വന്തമായി ഡയറി ഫാമുകളുള്ള പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളിലെ പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള പുരസ്ക്കാരം നല്‍കുമെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ അറിയിച്ചു. ഇതേ മാതൃകയില്‍ ഡയറി ഫാമുകളുള്ള കേരള ഫീഡ്സിന്‍റെ സ്വകാര്യ ഡീലര്‍മാരിലെ മികച്ച കര്‍ഷകര്‍ക്കും പുരസ്ക്കാരം നല്‍കാനാണ് തീരുമാനം.

 ഇതോടെ എല്ലാവര്‍ഷവും കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് ക്ഷീരകര്‍ഷകരെ കണ്ടെത്തുകയും കേരള ഫീഡ്സ് പുരസ്ക്കാരങ്ങള്‍ നല്‍കുകയും ചെയ്യും. പുരസ്ക്കാരത്തുക, പ്രശസ്തിപത്രം എന്നിവയും ഇവര്‍ക്ക് നല്‍കും. ഇതിനു പുറമെ ക്ഷീരസഹകരണ സംഘങ്ങള്‍ നടത്തുന്ന മികച്ച ഫാമുകള്‍ക്കും പുരസ്ക്കാരം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ അധ്യക്ഷനാകും. മൃഗസംരക്ഷണ-ക്ഷീരവികസന സെക്രട്ടറി പ്രണബ് ജ്യോതിനാഥ് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ചലച്ചിത്രതാരവും കേരള ഫീഡ്സ് ബ്രാന്‍ഡ് അമ്പാസിഡറുമായ ജയറാം, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മൃഗസംരക്ഷണ-ക്ഷീരവികസന ഡയറക്ടര്‍ ഡോ. എ കൗശിഗന്‍ എന്നിവര്‍ സംസാരിക്കും.

ഡോ. ബി ശ്രീകുമാര്‍ സ്വാഗതവും കേരള ഫീഡ്സ് അസി. ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്‍ നന്ദിയും പറയും.

ഇആര്‍എംസിപിയു-മില്‍മ ചെയര്‍മാന്‍ എം ടി ജയന്‍, ടിആര്‍എംസിപിയു-മില്‍മ അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍. കേരള ഫീഡ്സ് ഡയറക്ടര്‍മാരായ ടി സിദ്ധാര്‍ത്ഥന്‍, പി എന്‍ ബിനു, മില്‍മ എംഡി ആസിഫ് കെ യൂസറ്, ധനവകുപ്പ് അഡി. സെക്രട്ടറി എ എം ജാഫര്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റെ സെക്രട്ടറി ഡോ. ആര്‍ രാജീവ്, എംപിഐ എം ഡി ഡോ. എ എസ് ബിജുലാല്‍, കെഎസ്പിഡിസി എം ഡി ഡോ. പി സെല്‍വകുമാര്‍, തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.

ഉച്ചതിരിഞ്ഞ് ഡീലര്‍മാരുമായി ആശയവിനിമയ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

Photo Gallery