ടൂറിസം മേഖലയില്‍ ഇനി ബ്രാന്‍ഡഡ് സുവനീറുകള്‍: കേരള സുവനീര്‍ നെറ്റ്ര്‍വക്കിന് തുടക്കമായി

പദ്ധതി നടപ്പിലാക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷന്‍
Trivandrum / May 18, 2023

തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നാടിന്‍റെ സംസ്കാരവും കലയും പ്രകൃതിഭംഗിയും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന സുവനീറുകള്‍ നിര്‍മ്മിക്കുന്ന കേരള സുവനീര്‍ നെറ്റ്വര്‍ക്കിന്‍റെ ഉദ്ഘാടനവും ഏകദിന ശില്പശാലയും തിരുവനന്തപുരത്തെ വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.  ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തിലാണ് സ്മരണികകള്‍ നിര്‍മ്മിക്കുന്നത്.

കേരളത്തിന്‍റെ തനത് പ്രത്യേകതകള്‍ സ്വാംശീകരിക്കാനുവുന്നതും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വൈവിദ്ധ്യങ്ങളെ പ്രതിനിധീകരിക്കുന്നതുമായ സുവനീറുകള്‍ കേരളത്തിലുടനീളം ലഭ്യമാക്കുകയെന്നതാണ് കേരള സുവനീര്‍ നെറ്റ്വര്‍ക്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. നാടിന്‍റെ ചരിത്രം, സംസ്കാരം, കല, ഭൂമിശാസ്ത്രപരമായ പ്രത്യേകത എന്നിവയുമായി ബന്ധപ്പെട്ട 15 ബ്രാന്‍ഡഡ് സുവനീറുകളാണ് തയ്യാറാക്കുന്നത്‌. കേരളം കണ്ട് മടങ്ങുന്ന സഞ്ചാരികള്‍ക്ക് സൂക്ഷിക്കാവുന്ന മനോഹരങ്ങളായ ചെറുശില്പങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളാണിവ.

ഇതിനായി സംസ്ഥാനത്തെ വിവിധ കരകൗശല വസ്തു നിര്‍മാതാക്കളെ ചേര്‍ത്ത് സ്മരണികാ ശൃംഖല തയ്യാറാക്കി വിദഗ്ധ പരിശീലനം നല്‍കും. സ്മരണിക ശൃംഖലകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇതിന്‍റെ വില്പനശാലകള്‍ പൊതുജനപങ്കാളിത്തത്തോടെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിലൂടെ പ്രാദേശിക തൊഴിലും വരുമാനവും വര്‍ധിപ്പിക്കാനാകും. ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ വെബ്സൈറ്റിലൂടെ ശില്പങ്ങള്‍ വാങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശൃംഖലയില്‍ ഉള്‍പ്പെട്ട ശില്പികള്‍ ഓരോ ജില്ലയ്ക്കും അനുയോജ്യമായ ശില്പങ്ങളുടെ മാതൃക തയ്യാറാക്കും. ഇതില്‍ നിന്ന് മികച്ച സ്മരണികകള്‍ തെരഞ്ഞെടുക്കും. പ്ലാസ്റ്റിക് ഒഴികെയുള്ള എന്ത് വസ്തുക്കള്‍ കൊണ്ടും ശില്പങ്ങള്‍ നിര്‍മിക്കാം. സുവനീര്‍ ശൃംഖലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇതൊരു ദീര്‍ഘകാല തുടര്‍പദ്ധതിയായി മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കോവളം എംഎല്‍എ അഡ്വ.എം.വിന്‍സെന്‍റ് അദ്ധ്യക്ഷനായി. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. കേരള സുവനീര്‍ നെറ്റ്വര്‍ക്കില്‍ 300ല്‍ അധികം കരകൗശല വിദഗ്ധരും 1200ല്‍ അധികം കരകൗശല യൂണിറ്റുകളും ഇതിനകം അംഗമായിട്ടുണ്ടെന്നും ഭാവിയില്‍ ഇത് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രൂപേഷ് കുമാര്‍ പറഞ്ഞു.

ആര്‍.എസ്.ശ്രീകുമാര്‍ (പ്രസിഡന്‍റ് വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്ത്), അഷ്ടപാലന്‍ വി.എസ് (ഗ്രാമപഞ്ചായത്തംഗം), ബേബി മാത്യു സോമതീരം (പ്രസിഡന്‍റ് കെടിഎം സൊസൈറ്റി), മനോജ്കുമാര്‍ കെ  (കെടിഐഎല്‍, എംഡി), ബിനു കുര്യാക്കോസ്(അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ), ഷാരോണ്‍(തിരുവനന്തപുരം ഡിടിപിസി സെക്രട്ടറി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

ചടങ്ങിനോടനുബന്ധിച്ച് നടന്ന ഏകദിന ശില്പശാലയില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി.നൂഹ് എന്നിവര്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നെത്തിയ ശില്പികള്‍ പങ്കെടുത്ത ശില്പശാലയ്ക്ക് കെടിഐഎല്‍, എംഡി മനോജ്കുമാര്‍ കെ, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ നാരായണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി.

Photo Gallery

+
Content
+
Content