സഞ്ചാരികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സ്മരണികാ ശില്‍പങ്ങളുമായി കേരള ടൂറിസം

Trivandrum / May 16, 2023

തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നാടിന്‍റെ സംസ്ക്കാരവും കലയും പ്രകൃതിഭംഗിയും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന സ്മരണികാ ശില്‍പങ്ങള്‍ കേരള ടൂറിസം തയ്യാറാക്കുന്നു. ഉത്തരവാദിത്ത മിഷന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ഈ സ്മരണികകള്‍ നിര്‍മ്മിക്കുന്ന കേരള സുവനീര്‍ നെറ്റ്വര്‍ക്കിന്‍റെ ഉദ്ഘാടനം മെയ് 18ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്തെ വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നിര്‍വഹിക്കും.

നാടിന്‍റെ ചരിത്രം, സംസ്കാരം, കല, ഭൂമിശാസ്ത്രപരമായ പ്രത്യേകത എന്നിവയുമായി ബന്ധപ്പെട്ട 15 സ്മരണികാ ശില്പങ്ങളാണ് തയ്യാറാക്കുന്നത്. കേരളം കണ്ട് മടങ്ങുന്ന സഞ്ചാരികള്‍ക്ക് സൂക്ഷിക്കാവുന്ന മനോഹരങ്ങളായ ചെറുശില്പങ്ങളാകും ഇവ. ഇതിനായി സംസ്ഥാനത്തെ വിവിധ കരകൗശല വസ്തു നിര്‍മാതാക്കളെ ചേര്‍ത്ത് സ്മരണികാ ശൃംഖല തയ്യാറാക്കി വിദഗ്ധ പരിശീലനം നല്‍കും.  

സ്മരണിക ശൃംഖലകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇതിന്‍റെ വില്പനശാലകള്‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കും. ഇതിലൂടെ പ്രാദേശിക തൊഴിലും വരുമാനവും വര്‍ധിപ്പിക്കാനാകും. ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ വെബ്സൈറ്റിലൂടെയും ശില്പങ്ങള്‍ വാങ്ങാം.  

ശൃംഖലയില്‍ ഉള്‍പ്പെട്ട ശില്പികള്‍  ഓരോ ജില്ലയ്ക്കും അനുയോജ്യമായ ശില്പങ്ങളുടെ മാതൃക തയ്യാറാക്കും. ഇതില്‍ നിന്ന് മികച്ച സ്മരണികകള്‍ തെരഞ്ഞെടുക്കും. പ്ലാസ്റ്റിക് ഒഴികെയുള്ള എന്ത് വസ്തുക്കള്‍ കൊണ്ടും ശില്പങ്ങള്‍ നിര്‍മിക്കാം.

 

Photo Gallery