അരിക്കൊമ്പന്‍ മുതല്‍ വളപ്രയോഗത്തിനുള്ള റോബോട്ട് വരെ; കൊച്ചു മാതൃകകളില്‍ അത്ഭുതങ്ങളൊരുക്കി ലിറ്റില്‍ കൈറ്റ്സ് പ്രദര്‍ശനം

Kochi / May 15, 2023

കൊച്ചി: സെന്‍സറുകള്‍ ഘടിപ്പിച്ച റോബോട്ടിക് കൈപ്പത്തിയുണ്ടാക്കാന്‍ തിരുവനന്തപുരത്ത് നിന്നുള്ള പ്രണവ് രാജേഷിന് വേണ്ടിയിരുന്നത് ചെറിയ സ്പ്രിംഗുകളാണ്. അതു സംഘടിപ്പിച്ചതാകട്ടെ ഞെക്കിത്തുറക്കുന്ന പേനയില്‍ നിന്നും. കൈറ്റ് പദ്ധതിയിലൂടെ നല്‍കിയ റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് കയ്യില്‍കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ വിദ്യാര്‍ത്ഥികള്‍ പ്രൊഫഷണലുകളെ വെല്ലുന്ന ഉത്പന്നമാതൃകകള്‍ നിര്‍മ്മിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷനും (കൈറ്റ്) ചേര്‍ന്ന് നടന്ന ലിറ്റില്‍കൈറ്റ്സ് സംസ്ഥാന ക്യാമ്പിലായിരുന്നു പ്രദര്‍ശനം.

കാഴ്ചപരിമിതിയുള്ളവര്‍ക്കുള്ള കണ്ണടയാണ് മാളയില്‍ നിന്നുള്ള ജെസ്ലെറ്റ് ജോബി ഒരുക്കിയത്. സെന്‍സറുകള്‍ ഘടിപ്പിച്ച ഈ കണ്ണടയുപയോഗിച്ചാല്‍ നിശ്ചിത അകലത്തിലുള്ള പ്രതിബന്ധങ്ങളെക്കുറിച്ച മുന്നറിയിപ്പ് നല്‍കും. വയര്‍ലെസ്സായും ഇതുപയോഗിക്കാവുന്നതാണ്.

 നാല് പൈപ്പ് കഷണങ്ങളും പഴയ സാനിറ്റൈസര്‍ കുപ്പിയും ഉപയോഗിച്ചാണ് കാസര്‍കോഡു നിന്നുള്ള ശ്രീനന്ദ് വിളകള്‍ക്ക് മരുന്നടിക്കാനുള്ള റോബോട്ട് നിര്‍മ്മിച്ചത്. മരുന്നടിക്കുന്നതിനു പുറമെ 360 ഡിഗ്രി തിരിയുന്ന മുനയുള്ള അഗ്നിശമന സംവിധാനവും ഇതില്‍ ഘടിപ്പിച്ചിരിക്കുന്നു. കൃഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കാനുള്ള സംവിധാനവും ഇതിലൊരുക്കിയിരിക്കുന്നു.

ശരീരത്തിലെ ഇന്‍സുലിന്‍ കുറയുന്നത് സ്വയം കണ്ടെത്തുകയും ആവശ്യമായ ഇന്‍സുലിന്‍ എത്തിക്കുകയും ചെയ്യുന്ന ഹെല്‍ത്ത് ടെക് ഉപകരണമാണ് മലപ്പുറത്ത് നിന്നുള്ള അഹമ്മദ് റഷദ് ഒരുക്കിയത്. പ്രമേഹമുള്ളവര്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്ന വാണിജ്യമാതൃകയൊരുക്കണമെന്നാണ് ഈ കൊച്ചുമിടുക്കന്‍റെ ആഗ്രഹം.

കേരളം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റു നോക്കിയ അരിക്കൊമ്പന്‍റെ കഥയാണ് വയനാട്ടില്‍ നിന്നുള്ള ആഘോഷ് കെ ആര്‍ എന്ന മിടുക്കന്‍ അനിമേഷന്‍ ഫിലിമിലൂടെ പറഞ്ഞത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ വിട്ട അരി ക്കൊമ്പന്‍ അവിടെ നിന്നും വീണ്ടും ചിന്നക്കനാലിലെത്തുന്നതാണ് ഇതിവൃത്തം. തെരഞ്ഞെടുത്ത നാല് അനിമേഷന്‍ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വിലകൂടിയ ഘടകഭാഗങ്ങളൊന്നും വാങ്ങാതെ സ്വന്തം വീട്ടിലും പരിസരപ്രദേശങ്ങളിലും മാത്രം ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ഈ മാതൃകകള്‍ ഉണ്ടാക്കിയതെന്ന് കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം, രീതികള്‍, വിദഗ്ധോപദേശം എന്നിവ കുട്ടികള്‍ക്ക് നേരിട്ടറിയുന്നതിനുള്ള അസുലഭ അവസരമാണ് കെഎസ്  യുഎം ആസ്ഥാനത്ത് വച്ച് നടത്തിയ ഈ പരിപാടിയിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

14 ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംസ്ഥാന ക്യാമ്പ് ചൊവ്വാഴ്ച അവസാനിക്കും

Photo Gallery

+
Content
+
Content
+
Content
+
Content