സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ സാധ്യതകളുമായി ഫോര്‍ട്ട് വെന്‍ട്യൂര്‍സ്

Kasargod / May 12, 2023

കാസര്‍കോഡ്: നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 2 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍കോഡ് നടത്തിയ ഇഗ്നൈറ്റ് സമ്മേളനത്തില്‍ പ്രഖ്യാപനം. കാസര്‍കോഡ് നിന്നുള്ള എയ്ഞ്ജല്‍ നിക്ഷേപകരുടെയും ധനശേഷിയുള്ള വ്യക്തികളുടെയും കൂട്ടായ്മയായ ഫോര്‍ട്ട് വെന്‍ട്യൂര്‍സാണ് നിക്ഷേപ പ്രഖ്യാപനം നടത്തിയത്.

വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ച് പരമാവധി 20 ലക്ഷം രൂപ വരെയാണ് ഒരു സ്റ്റാര്‍ട്ടപ്പിന് ലഭിക്കുന്നത്. സാസ്, ഇ-മൊബിലിറ്റി, അഗ്രിടെക്, ഹെല്‍ത്ത് ടെക് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നത്. മേല്‍പ്പറഞ്ഞ മേഖലകളിലെ വിജയകരമായി നടക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായിരിക്കും ഈ ധനസഹായം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്.

മലബാര്‍ മേഖലയിലെ എയ്ഞ്ജല്‍ നിക്ഷേപകരെ കണ്ടെത്തുക, ബോധവത്കരിക്കുക, സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിന്‍റെ സാധ്യതകള്‍ അറിയിക്കുക, ധനശേഷിയുള്ള വ്യക്തികളെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇഗ്നൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്.

 മാര്‍ക്കെറ്റ്ഫീഡ് ആപ്പ് സ്ഥാപകനും സിഇഒയുമായ ഷരീഖ് ഷംസുദ്ധീനാണ് ഫണ്ടിന്‍റെ പ്രഖ്യാപനം നടത്തിയത്. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ആന്‍ഡ് ഇന്‍വസ്റ്റ്മന്‍റ് മാനേജരായ സൂര്യ തങ്കം പരിപാടിയില്‍ സന്നിഹിതയായിരുന്നു. ദക്ഷിണേന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്ന കാര്യം സജീവപരിഗണനയിലാണെന്ന് ഐവിക്യാപ് വെഞ്ച്വേഴ്സിന്‍റെ ഡയറക്ടര്‍ തേജ് കപൂറും രാജേഷ് സാവ്ഹിനിയും പറഞ്ഞു. ചെറുകിട നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള കേരള സര്‍ക്കാര്‍ നയത്തെ ഇരുവരും സ്വാഗതം ചെയ്തു.

സുസ്ഥിരവ്യവസായം പടുത്തുയര്‍ത്തുന്നതില്‍ നിക്ഷേപത്തിന്‍റെ പ്രാധാന്യം എന്ന വിഷയത്തില്‍ പ്രമുഖ യൂട്യൂബര്‍ കൂടിയായ ഷരീഖ് ഷംസുദ്ധീന്‍ സംസാരിച്ചു. തുടര്‍ന്ന് അദ്ദേഹം സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി കൂടിക്കാഴ്ച നടത്തി.


പരമ്പരാഗത വ്യവസായങ്ങളിലല്ലാതെ നിക്ഷേപസാധ്യതകള്‍ ഉണ്ടെന്ന് നിക്ഷേപ സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇഗ്നൈറ്റ് പോലുള്ള പരിപാടികളെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. പുതുതലമുറ നിക്ഷേപകര്‍ ഇക്കാര്യത്തില്‍ വലിയ താത്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 100 ലേറെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും 50 ലേറെ ധനശേഷിയുള്ള വ്യക്തികളും പരിപാടിയില്‍ പങ്കെടുത്തു.

അറുപതിലേറെ കൂടിക്കാഴ്ചകളാണ് ഇഗ്നൈറ്റിന്‍റെ ഭാഗമായി നടന്ന എലവേറ്റര്‍ പിച്ചില്‍ നടന്നത്. ഒരുമിനിറ്റിനുള്ളില്‍ സ്വന്തം സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് അവതരണം നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഹാപ്പി മൈന്‍ഡ്സ്, വിസാര്‍ഡ് എന്നീ സ്റ്റാര്‍ട്ടപ്പുകളെ ഈ വിഭാഗത്തില്‍ നിന്ന് ഐവിക്യാപ്പ് നിക്ഷേപകരുമായി ഭാവികൂടിക്കാഴ്ചകള്‍ക്ക് തെരഞ്ഞെടുത്തു. ഇന്‍വസ്റ്റര്‍ കഫെയിലൂടെയും നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപങ്ങള്‍ നേടുന്നതിനുള്ള അവസരം ലഭിച്ചു.

 ധനശേഷിയുള്ള വ്യക്തികള്‍ക്കായി പ്രശസ്ത എയ്ഞ്ജല്‍ നിക്ഷേപകന്‍ പി കെ ഗോപാലകൃഷ്ണന്‍, വിജയ് കൈനാടി എന്നിവര്‍ ക്ലാസ് നയിച്ചു. എന്‍ട്രിആപ്പില്‍ നിന്ന് അഭിനാഷ് പി എ, ലത്തീഫ് കെ കെ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായുള്ള ബന്ധം ഇരുവരും വിവരിച്ചു. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള അവബോധം കേരളത്തില്‍ അല്‍പം വൈകിയാണുണ്ടായതെന്നും അവര്‍ പറഞ്ഞു. കെഎസ് യുഎം മലബാര്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍ സവാദ് സയ്യിദ്, കാസര്‍കോഡ് കമ്മ്യൂണിറ്റി സഹസ്ഥാപകന്‍ മുഹമ്മദ് ജാസിം എന്നിവരും വിവിധ സെഷനുകള്‍ നയിച്ചു.

Photo Gallery

+
Content