അതിര്‍ത്തികടന്നുള്ള പാല്‍ വില്‍പ്പന; എന്‍ഡിഡിബി ക്ഷീര ഫെഡറേഷനുകളുടെ യോഗം വിളിക്കും

എന്‍.സി.ഡി.എഫ്.ഐ യോഗത്തില്‍ വിഷയം ശക്തമായി ഉന്നയിച്ച് മില്‍മ ചെയര്‍മാന്‍
Trivandrum / May 11, 2023

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളുടെ അതിര്‍ത്തി കടന്നുള്ള പാല്‍ വില്‍പ്പന വിഷയത്തില്‍ ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി) ക്ഷീര സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍മാരുടെയും മാനേജിങ് ഡയറക്ടര്‍മാരുടെയും യോഗം ഈ മാസം വിളിക്കും. വാരാണസിയില്‍ നടന്ന നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍സ് ഓഫ് ഇന്ത്യ (എന്‍സിഡിഎഫ്ഐ) യോഗത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ഈ പ്രശ്നം ശക്തമായി ഉന്നയിച്ചതിനെ തുടര്‍ന്നാണ് എന്‍ഡിഡിബി ചെയര്‍മാന്‍ മീനേഷ് സി. ഷാ യോഗം വിളിക്കാന്‍ നിര്‍ദേശിച്ചത്.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) കേരളത്തിലെ ചില പ്രദേശങ്ങളില്‍ പാല്‍ വില്‍പ്പന നടത്തുന്നതിനെതിരെ മില്‍മ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കെഎംഎഫിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതിനാലാണ് വില കുറച്ച് പാല്‍ വില്‍ക്കാനാകുന്നത്. ഈ ആനുകൂല്യമാണ് അവര്‍ ഇതര സംസ്ഥാനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.

അതിര്‍ത്തി കടന്നുള്ള വില്‍പ്പന സങ്കീര്‍ണവും ബഹുമുഖവുമായ പ്രശ്നമാണെന്നും ഇത് ഒരു സംസ്ഥാനത്തെയും ക്ഷീരകര്‍ഷകരുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ലെന്നും എന്‍സിഡിഎഫ്ഐ യോഗത്തില്‍ കെ.എസ് മണി പറഞ്ഞു. രാജ്യത്തിന്‍റെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ ഫെഡറല്‍ തത്വങ്ങളെയും സഹകരണ മനോഭാവത്തെയും ലംഘിക്കുന്ന പ്രവണതയാണിത്. ഫെഡറേഷനുകള്‍ ഈ പ്രശ്നത്തെ സഹകരണ മനോഭാവത്തോടെയും നയതന്ത്രപരമായും സമീപിക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരത്തിലുള്ള പാല്‍ ഉറപ്പാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ കെ.എസ് മണി ഉന്നയിച്ച നിലപാടിനെ തുടര്‍ന്ന് എന്‍ഡിഡിബി ചെയര്‍മാന്‍ സംസ്ഥാന ഫെഡറേഷന്‍ ചെയര്‍മാന്‍മാരുടെയും എംഡിമാരുടെയും യോഗം വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ മാസം തന്നെ യോഗം ചേര്‍ന്ന് പ്രശ്നം ചര്‍ച്ചചെയ്യുകയും എല്ലാ അംഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കി സാധ്യമായ പരിഹാരങ്ങള്‍ ആരായുമെന്നും മീനേഷ് സി. ഷാ പറഞ്ഞു.

Photo Gallery