ജെന്‍റോബോട്ടിക്സിന്‍റെ ജി-ഗെയ്റ്റര്‍ കണ്ണൂര്‍ തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റിയില്‍ ആരംഭിച്ചു

Trivandrum / May 9, 2023

തിരുവനന്തപുരം: പക്ഷാഘാത രോഗികളുടെ ശാരീരിക പുനരധിവാസം സുഗമമാക്കുന്നതിനായി റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ജെന്‍റോബോട്ടിക്സ് വികസിപ്പിച്ച 'ജി-ഗെയ്റ്റര്‍- അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിംഗ് റോബോട്ട്' കണ്ണൂരിലെ തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റി സെന്‍ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മസ്തിഷ്കാഘാതം, തളര്‍വാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, സെറിബ്രല്‍ പാള്‍സി എന്നിവയാല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടത്തം പരിശീലിപ്പിക്കുന്ന റോബോട്ടാണിത്.

തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റിയിലെ ജി-ഗെയ്റ്റര്‍ ഉദ്ഘാടനം പാരാഷൂട്ടര്‍ സിദ്ധാര്‍ഥ ബാബു നിര്‍വ്വഹിച്ചു. ജെന്‍റോബോട്ടിക്സ് മെഡിക്കല്‍ ആന്‍ഡ് മൊബൈലിറ്റി റീജണല്‍ ഡയറക്ടര്‍ അഫ്സല്‍ മുട്ടിക്കല്‍, തണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഇദ്രീസ് എന്നിവര്‍ സംബന്ധിച്ചു.

വിവിധ കാരണങ്ങളാല്‍ പക്ഷാഘാതം ബാധിച്ച രോഗികള്‍ക്ക് ചലനശേഷി, കാര്യക്ഷമത, ശാരീരിക സ്ഥിരത തുടങ്ങിയവ വീണ്ടെടുക്കാന്‍ ജി-ഗെയ്റ്റര്‍ സഹായകമാകും. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സയെക്കാള്‍ കാര്യക്ഷമമായി രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കുന്ന ജി-ഗെയ്റ്ററിന് കേരളത്തിന്‍റെ ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനായേക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പക്ഷാഘാത രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ജെന്‍റോബോട്ടിക്സ് ജി-ഗെയ്റ്റര്‍ സാങ്കേതികവിദ്യ നടപ്പിലാക്കിയത്.

ഗെയ്റ്റ് പരിശീലനത്തിലൂടെ രോഗികളുടെ അരയ്ക്ക് താഴെയുള്ള ഭാഗം നിയന്ത്രിക്കാനുള്ള കഴിവ് മെച്ചപ്പെടുകയും സന്ധികളില്‍ ചലനം വര്‍ധിക്കുകയും ചെയ്യുമെന്ന് ജെന്‍റോബോട്ടിക്സ് മെഡിക്കല്‍ ആന്‍ഡ് മൊബൈലിറ്റി റീജണല്‍ ഡയറക്ടര്‍ അഫ്സല്‍ മുട്ടിക്കല്‍ പറഞ്ഞു. രോഗിയുടെ ആവശ്യമനുസരിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ ക്രിയാത്മകമായി തെറാപ്പി സംവിധാനം രൂപപ്പെടുത്താന്‍ ജി-ഗെയ്റ്റര്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യസംരക്ഷണത്തില്‍ റോബോട്ടിക്സ് ഉപയോഗിക്കുന്നത് ഫിസിയോതെറാപ്പി ചികിത്സയിലെ ഗുണനിലവാരവും ഫലപ്രാപ്തിയും ഗണ്യമായി മെച്ചപ്പെടുമെന്ന് ഡോ. ഇദ്രീസ് പറഞ്ഞു. പക്ഷാഘാത രോഗികള്‍ക്കുള്ള പരമ്പരാഗത നടത്ത പരിശീലന രീതിയുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ബദലുകളില്‍ ഒന്നായിരിക്കും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരമ്പരാഗത ഫിസിയോതെറാപ്പി രീതികളെ അപേക്ഷിച്ച് ജി -ഗെയ്റ്ററിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജിന്‍സ്, വി. ആര്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രോഗിക്ക് ചികിത്സ നല്‍കാനും കാര്യക്ഷമമായ രീതിയില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ജി- ഗെയ്റ്ററിനു സാധിക്കുമെന്ന് തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റി കണ്‍സള്‍ട്ടന്‍റ് ഫിസിയാട്രിസ്റ്റ് ഡോ. മുനീര്‍ പറഞ്ഞു.

ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (പിഎംആര്‍) പ്രത്യേക ശ്രദ്ധ നല്‍കി കേരളത്തെ ഒരു ഹെല്‍ത്ത് ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കാട്ടുന്നതിനാല്‍ ജി-ഗെയ്റ്ററിന് വലിയ പങ്ക് വഹിക്കാനാകും. ജി -ഗെയ്റ്റര്‍ ഉപയോഗിച്ചുള്ള റോബോട്ടിക് ചികിത്സ കേരളത്തിലെ  ആശുപത്രികളില്‍ അതിവേഗത്തില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ആസ്റ്റര്‍ ഗ്രൂപ്പ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള വിവിധ ആശുപത്രികളില്‍ വൈകാതെ ഈ സേവനം ലഭ്യമാക്കും.

സാമൂഹ്യപ്രതിബദ്ധതയുള്ള റോബോട്ടിക് സ്റ്റാര്‍ട്ടപ്പായ ജെന്‍റോബോട്ടിക്സ് എഴ് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജി-ഗെയ്റ്റര്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ ആരോഗ്യപരിചരണ പുനരധിവാസ മേഖലയില്‍ ഗുണകരമായ മാറ്റം വരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ജെന്‍റോബോട്ടിക്സിനെ വ്യത്യസ്തമാക്കുന്നത്.

മാന്‍ഹോളില്‍ നിന്ന്  മാലിന്യങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന 'ബാന്‍ഡിക്യൂട്ട്'  റോബോട്ടിനെ വികസിപ്പിച്ചതിലൂടെ ജെന്‍റോബോട്ടിക്സ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ മികച്ച കാല്‍വെയ്പ്പ് നടത്തി ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
 

Photo Gallery

+
Content