കന്നുകാലി ചികിത്സയ്ക്ക് എല്ലാ ബ്ലോക്കിലും ആംബുലന്‍സ്:മന്ത്രി ചിഞ്ചുറാണി

കേരള ഫീഡ്സിന്‍റെ ഡെയറി നെക്സ്റ്റ് സെമിനാര്‍ പരമ്പര മന്ത്രി ഉദ്ഘാടനം ചെയ്തു ബ്രാന്‍ഡ് അംബാസഡര്‍ ചലച്ചിത്ര താരം ജയറാം ക്ഷീരകര്‍ഷകരുമായി അനുഭവങ്ങള്‍ പങ്കുവച്ചു
തിരുവനന്തപുരം / March 23, 2022

 കന്നുകാലികളുടെ രോഗചികിത്സ കാര്യക്ഷമമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആംബുലന്‍സുകള്‍ അനുവദിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. 'ഡെയറി നെക്സ്റ്റ്-പ്രയോഗവും പ്രയോജനവും' സെമിനാര്‍ പരമ്പര ആനയറ കര്‍ഷക ഭവനം സമേതിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കേരള ഫീഡ്സ് കേരള ലൈവ്സ്റ്റോക് ഡെവലപ്മെന്‍റ് ബോര്‍ഡ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ച് ക്ഷീരസംരംഭ രംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകളും സര്‍ക്കാര്‍ പദ്ധതികളും ക്ഷീരകര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കാനായിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.


എല്ലാ സൗകര്യങ്ങളോടും കൂടിയ 29 ആംബുലന്‍സുകള്‍ ആദ്യഘട്ടത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും ഇത് എല്ലാ ബ്ലോക്കിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ച് രാത്രിയിലും സേവനം ലഭ്യമാക്കുന്നതോടെ കന്നുകാലികളുടെ ചികിത്സാവിഷയത്തിലുള്ള കര്‍ഷകരുടെ ആശങ്ക അകറ്റാനാകും. ചികിത്സയ്ക്കായി എല്ലാ ജില്ലകളിലും ടെലി വെറ്ററിനറി യൂണിറ്റുകളും ആരംഭിക്കും. ഡെയറി, ലൈവ് സ്റ്റോക്ക് മേഖലയിലെ പുതിയ സംരംഭകര്‍ക്ക് വായ്പയ്ക്ക് 50 ശതമാനം സര്‍ക്കാര്‍ സബ്സിഡി അനുവദിക്കും. ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസംരംഭ രംഗത്തെ പുതിയ അറിവുകളും ശാസ്ത്രീയ രീതികളും മനസ്സിലാക്കാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള മികച്ച അവസരമാണ് ഈ സെമിനാര്‍ പരമ്പരയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കേരള ഫീഡ്സ് ബ്രാന്‍ഡ് അംബാസഡറും ഡെയറി സംരംഭകനുമായ ചലച്ചിത്ര താരം ജയറാം ക്ഷീരകര്‍ഷകരോട് അനുഭവങ്ങള്‍ പങ്കുവച്ചു. കേരള ഫീഡ്സിന്‍റെ കാലിത്തീറ്റയാണ് പെരുമ്പാവൂരിലെ തന്‍റെ ഫാമില്‍ പശുക്കള്‍ക്ക് നല്‍കുന്നതെന്നും ഇത് മികച്ച ഗുണഫലമാണ് ഉണ്ടാക്കുന്നതെന്നും ജയറാം പറഞ്ഞു. ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സര്‍ക്കാര്‍ നടപടികളെ അദ്ദേഹം പ്രശംസിച്ചു.


കേരള ഫീഡ്സിന്‍റെ വളര്‍ച്ചയില്‍ ക്ഷീരകര്‍ഷകരുടെ പങ്ക് വിലമതിക്കാനാകാത്തതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള ഫീഡ്സ് ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.


ക്ഷീരകര്‍ഷകര്‍ക്ക് പുതിയ ആശയങ്ങള്‍ കേരള ഫീഡ്സുമായി പങ്കുവയ്ക്കാനും പദ്ധതികള്‍ക്ക് രൂപം നല്‍കാനുമുള്ള വേദിയാണ് ഡെയറി നെക്സ്റ്റ് സെമിനാര്‍ പരമ്പരയെന്ന് സ്വാഗതം ആശംസിച്ച ഡെയറി നെക്സ്റ്റ് ചെയര്‍മാന്‍ ഡോ.ബി.ശ്രീകുമാര്‍ പറഞ്ഞു.


മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ.കൗശിഗന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജയദേവന്‍, ഡെയറി നെക്സ്റ്റ് കണ്‍വീനര്‍ ഡോ.രാജീവ് ആര്‍. എന്നിവര്‍ സംസാരിച്ചു.


തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ.എം.കെ.നാരായണന്‍ (കിടാവില്‍ നിന്ന് പശുവിലേക്ക്:കാലക്രമീകരണം), ഡോ.അവിനാശ് കുമാര്‍ (കിടാക്കളുടെ ശാസ്ത്രീയ പരിപാലനവും പ്രയോജനവും, പ്രത്യുല്‍പ്പാദനവും പ്രജനനവും) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.


സെമിനാറിന്‍റെ രണ്ടാം ദിവസം ഡയറി ഫാം ഇക്കണോമിക്സ് (ഡോ.ജയദേവന്‍), ട്രാന്‍സിഷന്‍ കാലഘട്ടത്തിലെ കറവപ്പശുക്കളുടെ പോഷക ക്രമീകരണം (ഡോ.അനുരാജ് കെ.എസ്.), പ്രയോഗവും പ്രയോജനവും (ഡോ.ആര്‍ വേണുഗോപാല്‍) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഡോ.രാജീവ് ആര്‍., ഡോ.ജയദേവന്‍ എന്നിവര്‍ സെമിനാര്‍ അവലോകനം നടത്തും.


മൃഗസംരക്ഷണ മേഖലയിലെയും, കേരള വെറ്ററിനറി സര്‍വകലാശാലയിലെയും വിദഗ്ധരുടെ അറിവുകള്‍ വ്യാവസായികമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഡെയറി നെക്സ്റ്റ്-പ്രയോഗവും പ്രയോജനവും എന്ന ആദ്യഘട്ട ദ്വിദിന സെമിനാര്‍ ചര്‍ച്ച ചെയ്യുന്നത്. പശുവിന്‍റെ ആദ്യപ്രസവം 22 മുതല്‍ 24 മാസം വരെയായി കുറയ്ക്കുന്നതിനായുള്ള കേരള വെറ്ററിനറി സര്‍വകലാശാലയുടെ ഗവേഷണം, പശുക്കളിലെ പെണ്‍, ആണ്‍ അനുപാതം 50:50 ല്‍ നിന്ന് 75:25 ലേക്ക് എത്തിക്കുന്നതിനായി കൃത്രിമ ബിജ കുത്തിവെപ്പിലൂടെ പെണ്‍കിടാവിനെ തന്നെ ലഭിക്കുന്നതിനായുള്ള ശാസ്ത്രീയരീതി, ഫാമുകളിലെ മാലിന്യ പരിപാലനം, പരിപാലനച്ചെലവ് കുറയ്ക്കല്‍, പത്തില്‍ കൂടുതല്‍ പശുക്കളുള്ള ഫാമുകള്‍ എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ വിഷയങ്ങളിലെ നൂതന സാങ്കേതിക ആശയങ്ങള്‍ സെമിനാറില്‍ പങ്കുവയ്ക്കും. സെമിനാറിന്‍റെ രണ്ടാംഘട്ടം തൃശ്ശൂരിലും മൂന്നാംഘട്ടം കോഴിക്കോട്ടും നടക്കും.


പത്ത് പശുക്കളെയെങ്കിലും വളര്‍ത്തുന്ന, തൊഴില്‍ ദാതാക്കളായിട്ടുള്ള സംരംഭകരെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ക്ഷീര സംരംഭകരാണ് ആദ്യഘട്ട സെമിനാര്‍ പരമ്പരയില്‍ പങ്കെടുക്കുന്നത്. കേരള ഫീഡ്സ്, ഡെയറി നെക്സ്റ്റ്, ലൈവ് സ്റ്റോക് ഡെവലപ്മെന്‍റ് ബോര്‍ഡ്, കേരള വെറ്ററിനറി സര്‍വകലാശാല എന്നീ സ്ഥാപനങ്ങളുടെ ഗവേഷണങ്ങള്‍, കണ്ടെത്തലുകള്‍ മുതലയാവയും കര്‍ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

ഫോട്ടോ കാപ്ഷന്‍:

Pic 1 & 2: കേരള ഫീഡ്‌സ് സംഘടിപ്പിക്കുന്ന 'ഡെയറി നെക്സ്റ്റ്-പ്രയോഗവും പ്രയോജനവും'  സെമിനാര്‍ പരമ്പര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു. ഡെയറി നെക്സ്റ്റ് ചെയര്‍മാന്‍ ഡോ.ബി.ശ്രീകുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ.കൗശിഗന്‍, ചലച്ചിത്ര താരം ജയറാം, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.ശ്രീകുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജയദേവന്‍, ഡെയറി നെക്സ്റ്റ് കണ്‍വീനര്‍ ഡോ.രാജീവ് ആര്‍. എന്നിവര്‍ സമീപം.

Photo Gallery

+
Content
+
Content