മില്‍മ തിരുവനന്തപുരം യൂണിയന് 'ക്ഷീരമിത്ര' പുരസ്കാരം

തിരുവനന്തപുരം / December 23, 2021

മെട്രോ മീഡിയ മാര്‍ട്ട് ഏര്‍പ്പെടുത്തിയ 'ക്ഷീരമിത്ര' പുരസ്കാരം തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ടിആര്‍സിഎംപിയു) കരസ്ഥമാക്കി.

ദേശീയ കര്‍ഷക ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും എക്സിക്യുട്ടീവ് നോളജ് ലൈന്‍സും ചേര്‍ന്ന് സംഘടിപ്പിച്ച 'കിസാന്‍ എക്സ്പോ 2021' ന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്. കോണ്ടയ്ക്ക് പുരസ്കാരം കൈമാറി. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

ക്ഷീരകര്‍ഷകര്‍ക്ക് പാലിന്‍റെ ഗുണമേന്‍മയുടെ അടിസ്ഥാനത്തില്‍ കൃത്യമായ വില നല്‍കുന്നതും, 10 ദിവസം കൂടുമ്പോള്‍ പാലിന്‍റെ വില ലഭിക്കുന്നതും, വിപണിയിലെ ആവശ്യം പരിഗണിക്കാതെ ദിവസേന മുഴുവന്‍ പാല്‍ സംഭരിക്കുന്നതും കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി ഡി.എസ്. കോണ്ട പറഞ്ഞു. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ്, കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, വെറ്ററിനറി മരുന്നുകളുടെ സൗജന്യ വിതരണം, കാലിത്തീറ്റ സബ്സിഡികള്‍, ഡിസ്കൗണ്ടുകള്‍ തുടങ്ങിയ ടിആര്‍സിഎംപിയു പദ്ധതികളും ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ തുടരാന്‍ സഹായിച്ചിട്ടുണ്ട്. എന്‍.ഭാസുരാംഗന്‍റെ നേതൃത്വത്തിലുള്ള ടിആര്‍സിഎംപിയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ക്ഷീരമിത്ര പുരസ്കാരം. മില്‍മ ഉല്‍പ്പന്നങ്ങളുടെ വിപണനം ശക്തമാക്കുന്നതിന് നൂതനമായ പല കര്‍മ്മപദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എക്സിക്യുട്ടീവ് നോളജ് ലൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.കെ. മിശ്ര, മെട്രോ മാര്‍ട്ട് എക്സിക്യുട്ടീവ് എഡിറ്റര്‍ എന്‍.വിജയഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.

ഇന്നലെ സമാപിച്ച ദ്വിദിന 'കിസാന്‍ എക്സ്പോ 2021'ല്‍ ആകര്‍ഷകമായ മില്‍മ സ്റ്റാളും ഒരുക്കിയിരുന്നു.

ഫോട്ടോ കാപ്ഷന്‍ മെട്രോ മീഡിയ മാര്‍ട്ടിന്‍റെ ക്ഷീരമിത്ര പുരസ്‌കാരം ഗതാഗത മന്ത്രി  ആന്‍റണി രാജു തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്. കോണ്ടയ്ക്ക് സമ്മാനിക്കുന്നു. വി.കെ.പ്രശാന്ത് എം.എല്‍.എ., ടിആര്‍സിഎംപിയു അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രാജീവ് ജോസഫ്, എക്‌സിക്യുട്ടീവ് നോളജ് ലൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ സമീപം.

Photo Gallery

+
Content