കെഎസ് യുഎം വിവിധ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Kochi / April 30, 2023

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഇന്നൊവേഷന്‍ ഡ്രൈവ് 2023-ന്‍റെ ഭാഗമായി ഇന്നൊവേഷന്‍ ഗ്രാന്‍റുകള്‍ ലഭിക്കുന്നതിന് ഇന്നൊവേറ്റര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സംരംഭകര്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇവരുടെ നൂതന  ആശയങ്ങള്‍ പ്രവര്‍ത്തികമാക്കുവാനും  അവ  വാണിജ്യവല്‍ക്കരിക്കുന്നതിലും ആണ്  ഈ ഗ്രാന്‍റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ആവശ്യമായ ഘട്ടത്തില്‍ വര്‍ഷത്തില്‍ ഏത് സമയത്ത് വേണമെങ്കിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മെയ് ഒന്ന് മുതലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. https://grants.startupmission.in/. എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ മുതല്‍ ഗവേഷണ വികസന പദ്ധതികള്‍ക്ക് വരെയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അപേക്ഷകളില്‍ നിന്ന് യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ താത്കാലിക പട്ടിക പരിശോധനാ സമിതി തയ്യാറാക്കും. പിന്നീട് കെഎസ് യുഎം സംഘടിപ്പിക്കുന്ന ഐഡിയാ ഡേയില്‍ വിദഗ്ധ സമിതിയ്ക്ക് മുമ്പാകെ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാം. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്.

 ഐഡിയ ഗ്രാന്‍റ്, പ്രൊഡക്റ്റൈസേഷന്‍ ഗ്രാന്‍റ്, മാര്‍ക്കറ്റ് ആക്സിലറേഷന്‍ ഗ്രാന്‍റ്, സ്കെയില്‍-അപ്പ് ഗ്രാന്‍റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്നൊവേഷന്‍ ഗ്രാന്‍റുകള്‍ നടപ്പിലാക്കുന്നത് . കൂടാതെ, സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് ഗ്രാന്‍റിനുള്ള അപേക്ഷകളും തുറന്നിരിക്കുന്നു.

 ഐഡിയാ ഗ്രാന്‍റിന് തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതനാശയങ്ങള്‍ കൈമുതലായുള്ള വ്യക്തികള്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. പരമാവധി മൂന്ന് ലക്ഷം രൂപവരെയാണ് ഈ വിഭാഗത്തില്‍ ധനസഹായം ലഭിക്കുന്നത്.
ഉത്പന്ന  രൂപീകരണത്തിനായി പരമാവധി 7 ലക്ഷം രൂപവരെ ധനസഹായം ലഭിക്കും. ഇതേ വിഭാഗത്തില്‍ വനിതാ/ഭിന്നലിംഗ സംരംഭകര്‍ക്കായി പ്രത്യേകമായി 12 ലക്ഷം രൂപ ധനസഹായം വകയിരുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പിലെ ഭൂരിഭാഗം ഓഹരിയും വനിതകളുടെ/ഭിന്നലിംഗക്കാരുടെ പേരിലായിരിക്കണം.


വിപണി സാന്നിദ്ധ്യം കൂട്ടാനായി 10 ലക്ഷം രൂപ വരെയാണ് യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുവദിക്കുന്നത്. സ്കെയിലപ് ഗ്രാന്‍റ് വഴി പരമാവധി 15 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. ആറ് മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വരുമാനമുണ്ടാക്കുകയോ, 30 ലക്ഷത്തില്‍ കുറയാത്ത നിക്ഷേപം ആര്‍ജ്ജിക്കുകയോ ചെയ്ത സ്റ്റാര്‍ട്ടപ്പുകളെയാണ് ഈ ധനസഹായത്തിനായി പരിഗണിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതും നൂതനസംവിധാനവുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഗവേഷണ-വികസന(സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് ഗ്രാന്‍റ് ) ധനസഹായം ലഭിക്കുന്നത്. പരമാവധി 30 ലക്ഷം രൂപവരെ ഈ വിഭാഗത്തില്‍ ലഭിക്കും. ഉത്പന്നങ്ങളുടെ പേറ്റന്‍റ് കമ്പനികള്‍ക്ക് ഉണ്ടായിരിക്കണം.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസായം തുടങ്ങുവാനും മുന്നോട്ടുള്ള നിക്ഷേപം ലഭിക്കുവാനായിട്ടാണ്  കെഎസ് യുഎം ഇന്നോവേഷന്‍ ഗ്രാന്‍റ്  പദ്ധതി നടപ്പിലാക്കുന്നത് . പോയ സാമ്പത്തികവര്‍ഷം 179 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10 കോടി രൂപയുടെ ധനസഹായമാണ് കെഎസ് യുഎം അനുമതി നല്‍കിയത് . കെഎസ് യുഎം ഇതുവരെ  38 കോടി രൂപയുടെ ഗ്രാന്‍റിന് അനുമതി നല്‍കിയിട്ടുണ്ട്

 

Photo Gallery