ക്ഷീര സഹകരണ ഫെഡറേഷനുകള്‍ ഇതരസംസ്ഥാനങ്ങളില്‍ പാല്‍വില്‍പ്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മില്‍മ

നന്ദിനി ബ്രാന്‍ഡിന്‍റെ കേരളത്തിലെ വില്‍പ്പന ചൂണ്ടിക്കാട്ടി മില്‍മ ചെയര്‍മാന്‍
Trivandrum / April 13, 2023

തിരുവനന്തപുരം: വിവിധ ക്ഷീരസഹകരണ ഫെഡറേഷനുകള്‍ സംസ്ഥാനപരിധിക്കു പുറത്ത് പാല്‍വില്‍പ്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ). സംസ്ഥാന അതിര്‍ത്തി കടന്നുള്ള പാല്‍വില്‍പ്പന സഹകരണ പ്രസ്ഥാനത്തിന്‍റെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നതും രാജ്യത്തെ ക്ഷീരകര്‍ഷകരുടെ താത്പര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് മില്‍മ വ്യക്തമാക്കി.

ഇന്ത്യയിലെ ചില ക്ഷീര സഹകരണ ഫെഡറേഷനുകള്‍ അവരുടെ ഉത്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ വിപണനം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ത്രിഭുവന്‍ദാസ് പട്ടേലിനെയും ഡോ. വര്‍ഗീസ്  കുര്യനെയും പോലുള്ളവര്‍ കെട്ടിപ്പടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത രാജ്യത്തിന്‍റെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ നടപടിയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.

കര്‍ണാടകയില്‍ തങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അമൂലിന്‍റെ (ഗുജറാത്ത് മില്‍ക്ക് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍) നീക്കം ശക്തമായ എതിര്‍പ്പ് നേരിട്ടു. അതേസമയം കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍റെ നന്ദിനി ബ്രാന്‍ഡ് പാലും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിനായി കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ അടുത്തിടെ ഔട്ട്ലെറ്റുകള്‍ തുറന്നിരുന്നു. ഇത് ന്യായീകരിക്കാനാകില്ല. ആരു ചെയ്താലും ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ   ഹനിക്കുകയും ചെയ്യുന്ന അധാര്‍മികമായ കീഴ്വഴക്കമാണിത്. ഈ പ്രവണത സംസ്ഥാനങ്ങളെ അനാരോഗ്യകരമായ മത്സരത്തിലേക്ക് നയിക്കും. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്ന് സമവായം രൂപപ്പെടുത്തണമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

ഇതര സംസ്ഥാന സഹകരണ ഫെഡറേഷന്‍ ഔട്ട്ലറ്റുകള്‍ തുടങ്ങി ആദ്യം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും പിന്നീട് പാല്‍ വില്‍പ്പനയും നടത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം. പാല്‍ വിലയിലെ വ്യത്യാസവും ഉല്‍പ്പാദനച്ചെലവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന് പുറത്തുള്ള വിപണി പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഇത് ഒരു സംസ്ഥാനത്തെയും ക്ഷീരകര്‍ഷകരുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ല.

കേരളത്തില്‍ പാലുല്‍പ്പാദന ചെലവ് താരതമ്യേന കൂടുതലാണ്. എന്നാല്‍ വിറ്റുവരവിന്‍റെ 83 ശതമാനം നല്‍കിയാണ് ക്ഷീരകര്‍ഷകരോട് മില്‍മ പ്രതിബദ്ധത പ്രകടിപ്പിക്കുന്നത്. കൂടാതെ ലാഭത്തില്‍ നിന്നും സിംഹഭാഗവും അധിക പാല്‍വിലയായും കാലിത്തീറ്റ സബ്സിഡിയായും കര്‍ഷകര്‍ക്കു തന്നെ നല്‍കുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്ത് ക്ഷീര സഹകരണ ഫെഡറേഷനുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍പ്പന ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിനും ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുമുള്ള നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കെ.എസ് മണി ആവശ്യപ്പെട്ടു.

 

Photo Gallery