ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികപരിഹാരം തേടി ദേശീയ ഹാക്കത്തോണുമായി കെഎസ് യുഎം

Trivandrum / April 10, 2023

തിരുവനന്തപുരം: ലഹരി വിമുക്തപ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യ പരിഹാരം തേടി   കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍കോഡ് 30 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദേശീയ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കാസര്‍കോഡ് കേന്ദ്രസര്‍വകലാശാല, ജില്ലാപഞ്ചായത്ത്,   എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 26-27 തിയതികളില്‍ നടക്കുന്ന ഹാക്കത്തോണിലേക്ക് രാജ്യവ്യാപകായി 16-ാം തിയതി വരെ അപേക്ഷിക്കാവുന്നതാണ്.  https://startupmission.in/antidrug-hackathon/എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലാണ് പരിപാടി നടക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, നൂതന കണ്ടുപിടുത്തക്കാര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതികവിദ്യാ അഭിരുചിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരിഹാരങ്ങള്‍ എന്നതാണ് ഹാക്കത്തോണിന്‍റെ പ്രമേയം. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികളാണ് ഹാക്കത്തോണിനായി മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഏറ്റവും മികച്ച പരിഹാരം കണ്ടെത്തുന്ന വ്യക്തിക്ക് 50,000 രൂപ സമ്മാനവും കെഎസ്യുഎമ്മിന്‍റെ 3 ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന ഐഡിയാ ഗ്രാന്‍റ് പദ്ധതിയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

കേന്ദ്രസര്‍വകലാശാല കാസര്‍കോഡ് ജില്ലയിലെ 1000 വിദ്യാര്‍ത്ഥികളിലും 500   അധ്യാപകരിലും നടത്തിയ സര്‍വേ വഴി കണ്ടെത്തിയ പ്രശ്നങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. അറിയിപ്പ് കൊടുക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ പുറത്താകാതെ ലഹരി    ഉപയോഗത്തെക്കുറിച്ച് അറിവ് നല്‍കുന്ന സാങ്കേതികവിദ്യ ആവശ്യമാണ്. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനുമുള്ള സംവിധാനം വേണം. എല്ലാ വിവരങ്ങളും സമഗ്രമായി നല്‍കാന്‍ ശേഷിയുള്ളതാകണം ഈ പരിഹാരമാര്‍ഗങ്ങള്‍. കൃത്യമായ  ഇടവേളകളില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തുകയും അവരെ ആദരിക്കുകയും ചെയ്യാന്‍ സാധിക്കണം. സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ പങ്കാളികളാക്കാനും ഇത് വഴി ലക്ഷ്യമിടുന്നു.

വൈകാരികമായ മാറ്റങ്ങള്‍ നിരീക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി സാന്നിദ്ധ്യമുണ്ടോയെന്ന് കണ്ടെത്താനും പുതിയ സാങ്കേതികവിദ്യ വഴി കഴിയണം. വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം നിയന്ത്രണാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഇതിനെതിരെ സാങ്കേതികവിദ്യയുടെ സഹായം തേടാനുള്ള ശ്രമം നടത്തുന്നത്. ലഹരി വസ്തുക്കള്‍ കുട്ടികളിലെത്തിക്കാന്‍ നൂതനമാര്‍ഗങ്ങളാണ് മാഫിയകള്‍ ഉപയോഗിക്കുന്നത്. സ്കൂള്‍ വളപ്പില്‍ പോലും   കുട്ടികള്‍ ലഹരിമാഫിയയുടെ പീഡനങ്ങള്‍ക്കിരയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്‍റെയും സ്കൂള്‍ അധികൃതരുടെയും ഭാഗത്ത് നിന്നുള്ള ബോധവത്കരണ  പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് സാങ്കേതികവിദ്യയുടെ സഹായം കൂടി ഇതിനായി തേടാന്‍ തീരുമാനിച്ചത്.

Photo Gallery