മൈന്‍ഡ് പ്രോഗ്രാം: കെഎസ് യുഎം അപേക്ഷ ക്ഷണിക്കുന്നു

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 10
Trivandrum / April 5, 2023

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പ്രതിമാസ മെന്‍റര്‍ഷിപ്പ് പരിപാടിയായ മൈന്‍ഡിലേക്ക് (മെന്‍റര്‍ ഇന്‍സ്പയേര്‍ഡ് നെറ്റ്വര്‍ക്കിംഗ് ഓണ്‍ ഡിമാന്‍ഡ്) സോഷ്യല്‍ ഇംപാക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം.

സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും മാര്‍ഗനിര്‍ദേശകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ മെന്‍റര്‍ഷിപ്പ് പരിപാടി അവസരമൊരുക്കും. വിവിധ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളുമായി ബന്ധപ്പെട്ട വ്യവസായ പ്രമുഖര്‍, പരിചയസമ്പന്നരായ സ്ഥാപകര്‍, വിഷയവിദഗ്ധര്‍ എന്നിവരുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് സഹായകമാകും.

പരമ്പരാഗത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക-പാരിസ്ഥിതിക മേഖലകളില്‍ നല്ല മാറ്റങ്ങള്‍ക്ക് കാരണമാകാനും മികച്ച വരുമാനം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന സംരംഭങ്ങളാണ് സോഷ്യല്‍ ഇംപാക്ട് സ്റ്റാര്‍ട്ടപ്പുകള്‍. ദാരിദ്ര്യം, അസമത്വം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന ആവശ്യങ്ങള്‍ തുടങ്ങിയവയിലാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സോഷ്യല്‍ ഇംപാക്റ്റ് സ്റ്റാര്‍ട്ടപ്പുകള്‍ സാമ്പത്തിക ലാഭത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് നൂതന ബിസിനസ്സ് മാതൃകകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സമൂഹത്തിന് പ്രയോജനപ്രദമാകുന്ന സുസ്ഥിര പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ്.

മൈന്‍ഡിന്‍റെ ഏപ്രില്‍ പതിപ്പ്  29 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യുന്ന 30 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതില്‍ പങ്കെടുക്കാം.

അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക: https://bit.ly/MINDAPRIL

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10.

Photo Gallery