കോളേജുകളില്‍ ടൂറിസം ക്ലബ്ബുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Trivandrum / March 29, 2023

തിരുവനന്തപുരം:  വിനോദസഞ്ചാര മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ടൂറിസം ക്ലബ്ബുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്തെ കോളേജുകളില്‍ നിന്ന് വിനോദസഞ്ചാര വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി വിദ്യാര്‍ത്ഥികളുടെ ആശയങ്ങളും സാധ്യതകളും ഫലപ്രദമായി വിനിയോഗിച്ചുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനമാണ് ടൂറിസം ക്ലബ്ബിന്‍റെ പ്രാഥമിക ലക്ഷ്യം.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 'ഏണ്‍ വൈല്‍ യൂ ലേണ്‍' പ്രോഗ്രാമിലൂടെ സമ്പാദ്യശീലം വളര്‍ത്താനും ഇത് ലക്ഷ്യമിടുന്നു. ടൂറിസം ക്ലബ്ബിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും.

അതിവേഗം വളരുന്ന വിനോദസഞ്ചാര മേഖലയില്‍ ഭാവി പ്രൊഫഷണലുകളെ സൃഷ്ടിക്കുക, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുക, പരിസ്ഥിതി- പ്രകൃതി സംരക്ഷണത്തില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക, അതത് പ്രദേശങ്ങളിലെ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തുക എന്നിവയും ടൂറിസം ക്ലബ്ബുകളിലൂടെ ലക്ഷ്യമിടുന്നു.

ടൂറിസം ക്ലബിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര അനുബന്ധപരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി സാംസ്കാരിക ആശയവിനിമയവും സെമിനാറുകളും നടത്താനും പദ്ധതിയുണ്ട്.

ഒരു ക്ലബ്ബില്‍ പരമാവധി 50 വിദ്യാര്‍ത്ഥികള്‍ക്ക് അംഗങ്ങളായി ചേരാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ അഞ്ച്.

അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക:  https://forms.gle/y1baumLynaUFcx4z6.  

താഴെയുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8593826434/8089118782.

Photo Gallery