ഡിജിറ്റല്‍ ഇനോവേഷന്‍ അലയന്‍സിന്‍റെ ജി 20 കൊച്ചി സമ്മേളനം കേരള സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള സാധ്യതകള്‍ പരിശോധിക്കും

Kochi / March 31, 2023

കൊച്ചി: ആഗസ്റ്റ് 16 ന് ബംഗളുരുവില്‍ വച്ച് നടക്കാന്‍ പോകുന്ന ജി 20 ഡിജിറ്റല്‍ ഇനോവേഷന്‍ അലയന്‍സിനുള്ള(ജി20 ഡിഐഎ) ദേശീയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കേരളവും എത്തി. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്‍റെ ഉന്നമനത്തിനും വേണ്ടി പ്രയത്നിക്കുന്ന നൂതന കണ്ടുപിടുത്തങ്ങളും സംരംഭങ്ങളുമാണ് ഈ സുപ്രധാന ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുന്നത്.

ജി20 ഡിഐഎയ്ക്ക് മുന്നോടിയായി കളമശേരിയില്‍ നടത്തിയ റോഡ് ഷോയില്‍ ഇന്‍കുബേറ്റര്‍മാര്‍, വിസി നിക്ഷേപക സംരംഭങ്ങള്‍, എയ്ഞജല്‍ നിക്ഷേപക ശൃംഘല, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, വിദഗ്ധോപദേശകര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ ശൈശവ ദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള അവസരങ്ങള്‍ നേടിയെടുക്കാനുള്ള സമഗ്ര സാധ്യത തേടുകയാണ് ഇതിലൂടെ ലക്ഷ്യം വച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജാണ് പരിപാടി നടത്തിയത്. കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ നാല് പ്രഭാഷണങ്ങള്‍, മൂന്ന് പാനല്‍ ചര്‍ച്ചകള്‍, ഉത്പന്ന പ്രദര്‍ശനം എന്നിവയുണ്ടായിരുന്നു. ഡിജിറ്റല്‍ സൊല്യൂഷന്‍സ് ടു സോള്‍വ് ഗ്ലോബല്‍ ചലഞ്ചസ് എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ്, മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബ് എന്നിവയുടെ സഹകരണത്തോടെയാണ് നടന്നത്. അന്താരാഷ്ട്ര സമൂഹത്തിനായുള്ള ആറ് പ്രമേയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ചകള്‍.
 
ഐഒടി, റോബോട്ടിക്സ് എന്നിവയിലൂന്നിയ നൂതന ഉത്പന്നങ്ങള്‍ പലതും പ്രാദേശിക സാമൂഹ്യ ആവശ്യങ്ങള്‍ക്കപ്പുറം സാധ്യതയുള്ളതാണെന്ന് മേക്കര്‍ വില്ലേജ് സിഇഒ നിസാമുദ്ദീന്‍ മുഹമ്മദ് പറഞ്ഞു. മേക്കര്‍വില്ലേജിലെ പല ഉത്പന്നങ്ങളും മികച്ച അന്താരാഷ്ട്ര സാധ്യതയുള്ളതാണ്. രാജ്യത്തെ ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ മേക്കര്‍വില്ലേജിനുള്ള പ്രാധാന്യവും സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന സംഭാവനകളും ഇത് വെളിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് ഡിസൈന്‍, പ്രൊഡക്ട് ഡെവലപ്മന്‍റ് എന്നീ മേഖലയില്‍ സംസ്ഥാനത്തിന് പുത്തന്‍ സാധ്യതകള്‍ ഈ സമ്മേളനം നല്‍കുമെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല ഡീന്‍ ഡോ. അലക്സ് പി ജെയിംസ് പറഞ്ഞു. ഉത്പന്നങ്ങളും വാണിജ്യസാധ്യതയ്ക്കൊപ്പം അവയുടെ സാമൂഹിക സാധ്യതയും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എഡ് ടെക്, ഹെല്‍ത്ത് ടെക്, അഗ്രി ടെക്, ഫിന്‍ ടെക്, ഡിജിറ്റല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, സര്‍കുലര്‍ ഇകോണമി എന്നിവയാണ് സമ്മേളനത്തിന്‍റെ ആറ് പ്രധാന പ്രമേയങ്ങള്‍. ജി20 രാജ്യങ്ങളില്‍ നിന്നു കൂടാതെ മറ്റ് ഒമ്പത് അതിഥി രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 174 സ്റ്റാര്‍ട്ടപ്പുകളാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതെന്ന് എംഎസ്എച് പ്രോഗ്രാം ഡയറക്ടര്‍ ഓംകാര്‍നാഥ് പറഞ്ഞു. വാണിജ്യ സാധ്യത, കോര്‍പറേറ്റ് ബന്ധങ്ങള്‍, നെറ്റ് വര്‍ക്കിംഗ് മുതലായവയാണ് പ്രധാന ആകര്‍ഷണം. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.

കെഎസ് യുഎം, മേക്കര്‍ വില്ലേജ് എന്നിവയില്‍ ഇന്‍കുബേറ്റ് ചെയ്ത സില്‍സിയം സ്റ്റാര്‍ട്ടപ്പിന്‍റെ ആദ്യ സെമികണ്ടക്ടര്‍ റോഡ്ഷോയുടെ ഉദ്ഘാടന വേളയില്‍ പുറത്തിറക്കി. ഇതിനു പുറമെ കേരള ഡിജിറ്റല്‍ സര്‍കലാശാലയുടെ കെടോയ് ഡോട് കോം എന്ന ഉത്പന്നവും അവതരിപ്പിച്ചു.

നൂതന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള ചട്ടക്കൂട്, ജി20 രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുടെ തന്ത്രപ്രധാന ബന്ധം, ചെറുകിട നഗരങ്ങളിലെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, ജി20 രാജ്യങ്ങളിലെ മാനുഷിക മൂല്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിച്ചു.
 
ജി 20 രാജ്യങ്ങളില്‍ ഡിജിറ്റല്‍ നൂതനത്വത്തില്‍ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് , ഡിജിറ്റൈസേഷന്‍, ഐടി, ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈന്‍ എന്നിവയിലെ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷങ്ങളില്‍ പാനല്‍ ചര്‍ച്ച നടന്നു.

ജി 20 ഡിഐഎ റോഡ് ഷോയുടെ എട്ടാമത്തെ വേദിയായിരുന്നു കൊച്ചി. സൂറത്ത്, ഇന്‍ഡോര്‍, ഭുവനേശ്വര്‍, ബംഗളുരു, ഇംഫാല്‍, ഗ്രേറ്റര്‍ നോയിഡ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇതിനു മുമ്പ് റോഡ് ഷോ നടന്നത്.

Photo Gallery