ഡ്രൈവറില്ലാ കാര്‍ മുതല്‍ അര്‍ബുദത്തെ ചെറുക്കുന്ന മധുരക്കിഴങ്ങ് വരെ, കൗതുകം നിറച്ച് കെഐഇഡി പ്രദര്‍ശനം

Kochi / March 21, 2023

കൊച്ചി: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് ആരംഭിച്ച സംരംഭ വികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത് ഭാവിയുടെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങളാണ്. ഡ്രൈവറില്ലാ കാര്‍ മുതല്‍ അര്‍ബുദത്തെ ചെറുക്കുന്ന മധുരക്കിഴങ്ങ് വരെയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിട്ട് 15 മാസമേ ആയിട്ടുള്ളുവെങ്കിലും റോഷ് എഐ എന്ന സ്റ്റാര്‍ട്ടപ്പിന് അമേരിക്ക, ആസ്ട്രേലിയ, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഉപഭോക്താക്കളായിക്കഴിഞ്ഞുവെന്ന് കമ്പനി സ്ഥാപകന്‍ ഡോ. റോഷി ജോണ്‍ പറഞ്ഞു. ഇന്ത്യയിലെ ഡ്രൈവിംഗ് ശീലങ്ങള്‍ വിദേശങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഡ്രൈവറില്ലാ കാര്‍ പരീക്ഷിച്ചത് ഇന്ത്യന്‍ റോഡുകളിലായതിനാല്‍ ഇത് ലോകത്തെവിടെയും വിജയകരമാകും. വൈദ്യുതി കാറിന് ആവശ്യക്കാരേറുന്ന ഡ്രൈവറില്ലാ കാറിനും ഇന്ത്യയില്‍ സാധ്യതയുണ്ടെന്ന് റോഷി ചൂണ്ടിക്കാട്ടി.


തിരുവനന്തപുരത്തെ ഐസിഎആര്‍-സെന്‍റ്രല്‍ ട്യൂബര്‍ കോര്‍പ്സ് റിസര്‍ച്ച് പുറത്തിറക്കിയിരിക്കുന്നത് കാന്‍സറിനെ ചെറുക്കുന്ന മധുരക്കിഴങ്ങ് ഉപ്പേരിയാണ്. ഇതിനു പുറമെ കപ്പ കൊണ്ടുണ്ടാക്കിയ കീടനാശിനി, സിടിസിആര്‍ഐയുടെ വ്യാവസായിക ആവശ്യത്തിനുള്ള പശ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടായിരുന്നു.
നാനോ മാസ്ക്, വായുശുദ്ധീകരണി, സാനിറ്റൈസര്‍, സ്വയം സഞ്ചരിക്കുന്ന ഇ-ചക്രക്കസേര എന്നിവയാണ് അമൃത വിശ്വവിദ്യാപീഠം ഒരുക്കിയത്. അങ്കമാലി മറ്റൂരിലെ ലെനോറാകട്ടെ ഓട്ടോമൊബൈല്‍ യന്ത്രഭാഗങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ പാനലുകള്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. പെരുമ്പാവൂരിലെ ഇബി ഫുഡ് പ്രദര്‍ശിപ്പിച്ച വാക്വം ഫ്രൈയിംഗ് മെഷീനും ശ്രദ്ധ പിടിച്ചു പറ്റി.


അന്നമനടയിലെ യുവ സംരംഭകരായ നേഹ റോസ് ജയന്‍,  മേഘ മരിയ ബിജു എന്നിവര്‍ വികസിപ്പിച്ചെടുത്ത ഡിജികരി സ്റ്റാര്‍ട്ടപ്പ് വഴി അരമണിക്കൂറിനുള്ളില്‍ ഏതു ഉത്പന്നവും ഓണ്‍ലൈന്‍ വഴി വില്‍ക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചെറു സംരംഭങ്ങള്‍ക്കും പ്രാദേശിക സംരംഭങ്ങള്‍ക്കും ഓണ്‍ലൈന്‍ സാന്നിദ്ധ്യം ഉറപ്പു വരുത്താന്‍ ഇത് സഹായിക്കും.


നവീനമായ ആശയങ്ങളില്‍ ഹ്രസ്വ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും നിലവില്‍ നടത്തുന്നവര്‍ക്കും  പ്രായോഗിക പരിഹാരങ്ങളും സഹായങ്ങളും ലഭ്യമാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള നൂതനമായ പദ്ധതിയാണ് സംരംഭ വികസന കേന്ദ്രം. ഹ്രസ്വ-ചെറുകിട സംരംഭക മേഖലയിലെ നൈപുണ്യം, സാങ്കേതികവിദ്യ ഗവേഷണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം, വിദഗ്ധരുടെ സേവനം  മുതലായ ഘടകങ്ങളെ ഒരു കുടക്കീഴില്‍ സംരംഭകര്‍ക്കായി ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.


വിവിധ കേന്ദ്ര സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ, ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടന്നു. സംരംഭകത്വ മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കാനുള്ള സെഷനുകള്‍, വിജയിച്ച സംരംഭകരുടെ പ്രഭാഷണം, എന്നിവയുമുണ്ടായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- www.edckerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Photo Gallery

+
Content
+
Content