കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് സൗജന്യ കോസ്റ്റ് അക്കൗണ്ടിംഗ് സേവനം നല്‍കും- പി രാജീവ്

Kochi / March 21, 2023

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം(എംഎസ്എംഇ) വ്യാപാര സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്‍റ്(കെ ഐ ഇ ഡി) ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സംരംഭക വികസന കേന്ദ്രം അങ്കമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനവുമായി ചേര്‍ന്നു കൊണ്ടായിരിക്കും സംസ്ഥാന വാണിജ്യ വ്യവസായ ഡയറക്ടറേറ്റ് ഈ പദ്ധതി നടപ്പാക്കുക. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നടപ്പില്‍ വരുത്താനാണ് തീരുമാനം.

സംസ്ഥാനത്തെ മുന്നൂറോളം ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി ഗുണകരമാകും.  ഇത്തരം സംരംഭങ്ങള്‍ പൂട്ടിപ്പോകുന്നതിന്‍റെദേശീയ ശരാശരി 30 ശതമാനമാണ്. കേരളത്തില്‍ ഇതിലും കുറവാണ്.

എം എസ് എം ഇകളുടെ വികസനത്തിനും സാമ്പത്തിക നൂതനത്വത്തിനുമുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മന്‍റ്(കെഐഇഡി) യുടെ എംഎസ്എംഇ ഇന്‍കുബേഷന്‍ പരിപാടി മന്ത്രി പ്രഖ്യാപിച്ചു. 35 ലക്ഷം മുതല്‍ 50 കോടി വരെ വാര്‍ഷിക വരുമാനമുള്ള എംഎസ്എംഇകളെയാണ് ഇതിനായി പരിഗണിക്കുന്നത്. ഉത്പാദന മേഖലയിലോ പ്രത്യേക സേവനങ്ങള്‍ നല്‍കുന്ന മേഖലയിലോ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് www.edckerala.org  എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.


ഗവേഷണങ്ങള്‍ ഉല്‍പ്പന്നങ്ങളായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് വരും വര്‍ഷങ്ങള്‍ ബയോ ടെക്നോളജിയുടെ കാലമാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയോട് ചേര്‍ന്ന് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സഹകരണത്തിലൂടെ ഗവേഷണ ഫലങ്ങളെ വിജയകരമായ വാണിജ്യ ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ നിക്ഷേപ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ തുടരുമെന്ന് പറഞ്ഞ മന്ത്രി രാജ്യത്തെ ഏറ്റവും നിക്ഷേപ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്തിനുള്ളിലെത്താനാണ് സംസ്ഥാനത്തിന്‍റെ ശ്രമമെന്നും പറഞ്ഞു.  28-ാം സ്ഥാനത്തു നിന്നും കേരളം ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചിലേക്ക് എത്തി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്‍റെ വ്യവസായങ്ങളില്‍ ഉല്‍പാദന മേഖലയുടെ സംഭാവന 18.9 ശതമാനമാണിത്. കേരളത്തിന്‍റെ മൊത്ത വരുമാനത്തിന്‍റെ 17.3% ശതമാനം വരുമിത്.  നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒന്നരലക്ഷം സംരംഭങ്ങള്‍ എന്നതാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കൊവിഡാനന്തര കാലത്തില്‍ വ്യവസായമേഖലയ്ക്ക് പുത്തനുണര്‍വ് വന്നിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വാണിജ്യ വ്യവസായ ഡയറക്ടറേറ്റ് ജനറല്‍ മാനേജര്‍ പി എ നജീബ് പറഞ്ഞു. കെഐഇഡി സി ഇ ഒ ശരത് വി രാജ് സ്വാഗതവും കെഐഇഡി ഡെ. മാനേജര്‍ പി ജെ ജോസഫ് നന്ദിയും പറഞ്ഞു. നൈപുണ്യവികസനം, സഹകരണം, പ്രാദേശിക വ്യവസായ ആവാസ വ്യവസ്ഥ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വട്ടമേശ സമ്മേളനവും നടന്നു.

നവീനമായ ആശയങ്ങളില്‍ ഹ്രസ്വ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും നിലവില്‍ നടത്തുന്നവര്‍ക്കും  പ്രായോഗിക പരിഹാരങ്ങളും സഹായങ്ങളും ലഭ്യമാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള നൂതനമായ പദ്ധതിയാണ് സംരംഭ വികസന കേന്ദ്രം. ഹ്രസ്വ-ചെറുകിട സംരംഭക മേഖലയിലെ നൈപുണ്യം, സാങ്കേതികവിദ്യ ഗവേഷണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം, വിദഗ്ധരുടെ സേവനം  മുതലായ ഘടകങ്ങളെ ഒരു കുടക്കീഴില്‍ സംരംഭകര്‍ക്കായി ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

വിവിധ കേന്ദ്ര സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ, ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടന്നു. സംരംഭകത്വ മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കാനുള്ള സെഷനുകള്‍, വിജയിച്ച സംരംഭകരുടെ പ്രഭാഷണം, എന്നിവയുമുണ്ടായിരുന്നു.

Photo Gallery

+
Content
+
Content
+
Content