സംസ്ഥാനത്തെ ആദ്യ സംരംഭ വികസന കേന്ദ്രം ഉദ്ഘാടനം മാര്‍ച്ച് 21 ന്

Kochi / March 18, 2023

കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന പരിശീലന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ ഒണ്‍ട്രപ്രണര്ഷിപ് ഡവലപ്മെന്‍റ്(കെഐഇഡി) സംസ്ഥാനത്തെ ആദ്യ സംരംഭ വികസന കേന്ദ്രം(ഇഡിസി) അങ്കമാലിയില്‍ ആരംഭിക്കുന്നു. അങ്കമാലിയിലെ ഇന്‍കെല്‍ ടവറില്‍ മാര്‍ച്ച് 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.

നവീനമായ ആശയങ്ങളില്‍ ഹ്രസ്വ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും നിലവില്‍ നടത്തുന്നവര്‍ക്കും  പ്രായോഗിക പരിഹാരങ്ങളും സഹായങ്ങളും ലഭ്യമാക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള നൂതനമായ പദ്ധതിയാണ് സംരംഭ വികസന കേന്ദ്രം ഹ്രസ്വ-ചെറുകിട സംരംഭക മേഖലയിലെ നൈപുണ്യം, സാങ്കേതികവിദ്യ ഗവേഷണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം, വിദഗ്ധരുടെ സേവനം  മുതലായ ഘടകങ്ങളെ ഒരു കുടക്കീഴില്‍ സംരംഭകര്‍ക്കായി ലഭ്യമാകുക എന്ന ഉദ്ദേശത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

 സംരംഭകത്വ മേഖലയിലെ വിദഗ്ധര്‍, സംരംഭകര്‍, ഗവേഷണ സ്ഥാപന പ്രതിനിധികള്‍,  സര്‍വകലാശാല- വ്യവസായ മേഖലയിലെ പ്രതിനിധികള്‍,  ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഹ്രസ്വ-ചെറുകിട മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കും. കൂടാതെ വിവിധ കേന്ദ്ര സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയിലുള്ള സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനുള്ള അവസരവുമുണ്ട്. സംരംഭകത്വ മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കാനുള്ള സെഷനുകള്‍, വിജയിച്ച സംരംഭകരുടെ പ്രഭാഷണം, കെഐഇഡി യുടെ വിവിധ പദ്ധതികളുടെ ഭാഗമായ സംരംഭകരുടെ ഉത്പന്ന പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്.

Photo Gallery