ഭക്ഷ്യ-കാര്‍ഷിക മന്ത്രിമാര്‍ എന്‍ ഐ ഐ എസ് ടി യിലെ മില്ലറ്റ് ഫുഡ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചു

Trivandrum / March 16, 2023

തിരുവനന്തപുരം: പാപ്പനംകോട് സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) കാമ്പസില്‍ നടക്കുന്ന മില്ലറ്റ് ഫുഡ് ഫെസ്റ്റിവല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി  ജി. ആര്‍ അനിലും കൃഷി മന്ത്രി പി. പ്രസാദും സന്ദര്‍ശിച്ചു.

ലോകത്തിലെ ഭക്ഷ്യസമ്പത്തിന്‍റെ  പ്രധാന ഘടകമായി ഉയര്‍ന്നുവരുന്ന ചെറുധാന്യങ്ങളുടെ കൃഷി, മൂല്യവര്‍ദ്ധന, ഉപഭോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ചതിന്  സി എസ് ഐ ആര്‍- എന്‍ ഐ ഐ എസ് ടി യെ മന്ത്രിമാര്‍ അഭിനന്ദിച്ചു.

മന്ത്രിമാരെ സി എസ് ഐ ആര്‍ - എന്‍ ഐ ഐ എസ് ടി ഡയറക്ടര്‍ ഡോ.സി. അനന്തരാമകൃഷ്ണന്‍, മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മില്ലറ്റ് ഫെസ്റ്റിവലിന് പൊതുജനങ്ങള്‍, കര്‍ഷക സമൂഹം, എംഎസ്എംഇ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നു ലഭിച്ച സ്വീകാര്യതയെക്കുറിച്ച്  ഡോ.സി. അനന്തരാമകൃഷ്ണന്‍  വിവരിച്ചു.

ചെറുധാന്യങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിലൂടെയും ഉപയോഗിക്കുന്നതിലൂടെയും ജനങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ-സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കാന്‍ മില്ലറ്റ് ഫെസ്റ്റിവലും എക്സ്പോയും സംഘടിപ്പിച്ചത് സഹായകമാകുമെന്ന് മന്ത്രി അനില്‍ പറഞ്ഞു.

ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ചെറുധാന്യങ്ങള്‍ നിര്‍ണായക ഘടകമാണെന്നും ഐക്യരാഷ്ട്രസഭ 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മില്ലറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് ഉചിതമാണെന്നും മന്ത്രി പ്രസാദ് പറഞ്ഞു.

മുന്‍ ഗവര്‍ണറും ബി ജെ പി നേതാവുമായ കുമ്മനം രാജശേഖരനും മില്ലറ്റ് ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായി പാപ്പനംകോട് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന മില്ലറ്റ് ഫുഡ് ഫെസ്റ്റിവല്‍ 18 ന് അവസാനിക്കും.

Photo Gallery

+
Content
+
Content