സമൂഹത്തെ സേവിക്കാന്‍ യുവതികള്‍ മുന്നോട്ട് വരണം: ആശ്രയ സ്ഥാപക

ആര്‍ജിസിബിയില്‍ വനിതാ ദിനം ആഘോഷിച്ചു
Trivandrum / March 8, 2023

തിരുവനന്തപുരം: സമൂഹത്തില്‍ പിന്തുണയും കൈത്താങ്ങും ആവശ്യമുള്ളവരെ സഹായിക്കാന്‍ സ്വമേധയായുള്ള സാമൂഹിക സേവനത്തിനായി സമയം കണ്ടെത്തുന്നതിലൂടെ യുവതികള്‍ക്ക് സമൂഹത്തില്‍ ഗുണകരമായ മാറ്റമുണ്ടാക്കാന്‍് കഴിയുമെന്ന് 'ആശ്രയ' വോളണ്ടിയര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപക ശാന്താ ജോസ് പറഞ്ഞു.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ (ആര്‍സിസി) രോഗികള്‍ക്ക് 'ആശ്രയ' നല്കുന്ന പാലിയേറ്റീവ് കെയര്‍ എങ്ങനെയാണ് സന്തോഷവും ആശ്വാസവും നല്‍കുന്നതെന്നതിനെക്കുറിച്ച്  ശാന്താ ജോസ് സംസാരിച്ചു.

ആര്‍സിസിയിലെ പാലിയേറ്റീവ് കെയറില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ 'ആശ്രയ' യ്ക്കു കഴിഞ്ഞിട്ടുണ്ട്. ആശ്രയ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും യുവ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പ്രധാന പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.

ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ത്രീകളുടെ നേട്ടങ്ങള്‍ രാജ്യം ആഘോഷിക്കുമ്പോഴാണ് ഈ വര്‍ഷത്തെ വനിതാ ദിനം ആചരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിരവധി സ്ത്രീകള്‍ വൈവിധ്യമാര്‍ന്ന ജോലികള്‍ ഏറ്റെടുക്കുന്നതിനും സമൂഹത്തില്‍ മികവ് പുലര്‍ത്തുന്നതിനും ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ആര്‍ജിസിബിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നത് വനിതാ ശാസ്ത്രജ്ഞരാണ്. സഹാനുഭൂതി, അനുകമ്പ എന്നിവയില്‍ നിന്ന് പിറവിയെടുക്കുന്ന ഒരു ആശയത്തിന് ലോകത്ത് കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിയും എന്നതിന്‍റെ തെളിവാണ് ശാന്താ ജോസിന്‍റെ പാലിയേറ്റീവ് സംരംഭങ്ങളെന്നും പ്രാഫ.ചന്ദ്രഭാസ് നാരായണ കൂട്ടിച്ചേര്‍ത്തു.

വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി  പ്രഭാഷണ മത്സരവും നടത്തി.

 

Photo Gallery

+
Content