സാജിനോമിലെത്തൂ; സ്തനാര്‍ബുദം മുന്‍കൂട്ടി കണ്ടെത്താം

ഒരു മാസത്തെ പ്രചാരണ പരിപാടികള്‍ക്കു തുടക്കമായി
Trivandrum / March 8, 2023

തിരുവനന്തപുരം: സാജിനോം ഗവേഷണ സ്ഥാപനത്തിന്‍റെ നേതൃത്വത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് സ്തനാരോഗ്യത്തെ കുറിച്ചുള്ള ബോധവല്ക്കരണത്തിനും ജനിതക പരിശോധനയുടെ പ്രചാരണ പരിപാടികള്‍ക്കും തുടക്കമായി. ഒരു മാസം നീളുന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം പേട്ടയിലുള്ള സാജിനോമിന്‍റെ ജീന്‍വാലി കാമ്പസില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു.

ജനിതകശാസ്ത്രത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉമിനീര്‍, രക്തം എന്നിവയിലെ ഡി എന്‍ എ പരിശോധനയിലൂടെ രോഗങ്ങളും രോഗസാധ്യതയും തിരിച്ചറിയാന്‍ സഹായിക്കുന്ന സാജിനോമിന്‍റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഡോ. ആര്‍. ബിന്ദു പറഞ്ഞു.  കേരളത്തില്‍ പരിമിതമായ അവസരങ്ങളാണ്  ജീനോം മേഖലയിലെ പഠനത്തിനുള്ളതെന്നും കൂടുതല്‍ വികസിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ കേരള സര്‍വകലാശാലയിലും സാങ്കേതിക സര്‍വകലാശാലയിലും  ജീനോം പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.  കേരളത്തില്‍ അതിനായുള്ള ആദ്യ ചുവടുവയ്പ്പ് നടത്താന്‍ സാജിനോമിനു കഴിഞ്ഞത് അഭിനന്ദനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെ 28 സ്ത്രീകളിലൊരാള്‍ക്ക് സ്തനാര്‍ബുദമുണ്ടാകുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനെതിരേ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിര്‍മ്മിത ബുദ്ധി, മെഷീന്‍ ഇന്‍റലിജന്‍സ് എന്നിവയുടെ സാധ്യതകള്‍ ഗുണകരമായി ഉപയോഗിക്കാറുള്ള മേഖലകളില്‍ ആദ്യത്തേത് ആരോഗ്യമേഖലയാണ്. ഇനിയും വികസിക്കേണ്ട മേഖലയാണ് ഇത്. വേദനയും റേഡിയേഷനും പാര്‍ശ്വഫലങ്ങളും ഇല്ലാത്ത പരിശോധനാ രീതികള്‍ സാമൂഹ്യപ്രതിബദ്ധതയോടെ നടപ്പിലാക്കുന്നതില്‍ സാജിനോം വളരെ മുന്നിലാണ്. സ്ത്രീകള്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

സാജിനോം ചെയര്‍മാന്‍ ഡോ. എം. അയ്യപ്പന്‍ അധ്യക്ഷനായിരുന്നു. സ്ത്രീകള്‍ക്കുണ്ടാകുന്ന കാന്‍സറില്‍ 25 ശതമാനവും സ്തനാര്‍ബുദമാണെന്ന് അദ്ദേഹം പറഞ്ഞു. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം സൃഷ്ടിക്കാന്‍ സാജിനോമിന്‍റെ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. വേദനരഹിതവും ആയാസരഹിതവുമായ പരിശോധനാ രീതികളാണ് സാജിനോമിലുള്ളത്.

നേരത്തേ കണ്ടെത്തുന്നതിലൂടെ സ്താനാര്‍ബുദത്തെ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. ആയാസരഹിതവും വേദനയില്ലാതെയും റേഡിയേഷന്‍ സാധ്യത ഒഴിവാക്കിയും ചെയ്യാനാകുന്ന ഇ-ബ്രസ്റ്റ് പരിശോധനയ്ക്കൊപ്പം കാന്‍സര്‍ സാധ്യത കണ്ടെത്തുന്ന ജനിതക പരിശോധനകളായ ബ്രാക്ക വണ്‍, ബ്രാക്ക ടു എന്നീ ടെസ്റ്റുകളും മിതമായ നിരക്കില്‍ ഒരു മാസം നീളുന്ന ബോധവല്ക്കരണ പരിപാടിയിലൂടെ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളില്‍ സ്തനാര്‍ബുദം പോലെയുള്ള അസുഖങ്ങള്‍ വര്‍ധിക്കുന്നുണ്ട്. പ്രായഭേദമില്ലാതെ സ്ത്രീകളെ ബാധിക്കുന്ന അസുഖങ്ങളില്‍ ഒന്നായിതു മാറിയിട്ടുണ്ടെന്ന് ഡോ. വിശ്വനാഥന്‍ പറഞ്ഞു.

യൗവനകാലത്തെ അമിതവണ്ണം ഇതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് രോഗത്തെക്കുറിച്ചും രോഗനിര്‍ണയ രീതികളെക്കുറിച്ചും ശരിയായ അവബോധം നല്കാന്‍ കഴിയണം. സ്തനത്തിലുണ്ടാകുന്ന മുഴകളെല്ലാം കാന്‍സറിന്‍റെ ലക്ഷണമല്ലെന്ന് സ്ത്രീകള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് സ്വയം സ്തനങ്ങള്‍ പരിശോധിക്കാന്‍ സഹായകമാകുന്ന ഐ ബ്രസ്റ്റ് ഡിവൈസിന്‍റെ ഗുണങ്ങളെക്കുറിച്ച് ഗൈനക്കോളജിസ്റ്റായ ഡോ. രാധിക രാജന്‍ സംസാരിച്ചു. മാമോഗ്രാഫി പോലെയുള്ള ചികിത്സാ നിര്‍ണയ ഉപാധികളില്‍ നിന്ന് വ്യത്യസ്തമായി ഐ ബ്രസ്റ്റ് ഡിവൈസ് വേദനാരഹിതമാണെന്ന് അവര്‍ പറഞ്ഞു.

ജനിതക പരിശോധനയിലൂടെ അണ്ഡാശയ-സ്താനാര്‍ബുദങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നത് അതുവഴി ഉണ്ടാകുന്ന അപകട സാധ്യത കുറയ്ക്കാനും ശരിയായ ചികിത്സ യഥാസമയം ലഭ്യമാക്കാനും സഹായകമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഡോ. ശ്രീകുമാര്‍, അനിത ഉണ്ണിത്താന്‍, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ഡോ. ദിനേശ് റോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Gallery

+
Content