വനിതാ ദിനത്തില്‍ 'സുരക്ഷിത്' പദ്ധതിയുമായി കേരളാ ഫീഡ്സ്

Trivandrum / March 7, 2023

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മെന്‍സ്ട്രല്‍ കപ്പ് (എം-കപ്പ്) പ്രോത്സാഹിപ്പിക്കുന്നതിനായി 'സുരക്ഷിത്' പദ്ധതിയുമായി കേരള ഫീഡ്സ് ലിമിറ്റഡ് (കെഎഫ്എല്‍). 13 മുതല്‍ 17 വരെ പ്രായത്തിലുള്ള സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള പദ്ധതി ഇന്ന് (മാര്‍ച്ച് 8) വനിതാ ദിനത്തില്‍ ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിക്കും.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്കൂളുകളിലെ 15,000 ത്തിലധികം കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കേരള ഫീഡ്സിന്‍റെ സിഎസ്ആര്‍ പദ്ധതി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. മാര്‍ച്ച് 31 നകം മെന്‍സ്ട്രല്‍ കപ്പ് വിതരണം പൂര്‍ത്തിയാക്കും. കേരള ഫീഡ്സിന്‍റെ 2021-2022 സാമ്പത്തിക വര്‍ഷത്തെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡുമായി (എച്ച്എല്‍എല്‍) സഹകരിച്ചാണ് 'സുരക്ഷിത്' നടപ്പാക്കുന്നത്. പരിസ്ഥിതിസൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് സാനിറ്ററി നാപ്കിനുകളുടെ ബദലായിട്ടാണ് കണക്കാക്കുന്നത്. മെഡിക്കല്‍-ഗ്രേഡ് സിലിക്കണ്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സംരക്ഷണം നല്‍കും. ചോര്‍ച്ചയും ദുര്‍ഗന്ധവുമില്ലാത്ത മെന്‍സ്ട്രല്‍ കപ്പ് 10 വര്‍ഷം വരെ ഉപയോഗിക്കാനുമാകും.

Photo Gallery