വനിതാ സംരംഭക സംഗമം നാളെ (മാര്‍ച്ച് 8) തിരുവനന്തപുരത്ത് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും;

മന്ത്രിമാരായ പി. രാജീവ്, ജെ. ചിഞ്ചുറാണി, ആര്‍. ബിന്ദു എന്നിവര്‍ പങ്കെടുക്കും
Trivandrum / March 6, 2023

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കേരളത്തിലെ വനിതാ സംരംഭകര്‍  ഒത്തുചേരുന്നു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നാളെ (മാര്‍ച്ച് 8) തിരുവനന്തപുരത്താണ് വനിതാ സംരംഭക സംഗമം. കേരളത്തിലെ നിലവിലെ സംരംഭക സൗഹാര്‍ദ്ദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതാകും   സംരംഭകവര്‍ഷത്തിന്‍റെ ഭാഗമായി നടക്കുന്ന ഈ പരിപാടി.

സംരംഭക സംഗമം ഇടപ്പഴിഞ്ഞി ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ രാവിലെ 9:30 ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന നിയമ-വ്യവസായ-കയര്‍ മന്ത്രി പി. രാജീവ് വനിതാ സംരംഭകരംഗത്ത് സമഗ്ര സംഭാവന നല്‍കിയവരെ ആദരിക്കും. വനിതാദിന പ്രഖ്യാപനങ്ങളും മന്ത്രി നടത്തും. ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പി.എം.എഫ്.എം.ഇ. പ്രൊമോഷണല്‍ ഫിലിമിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു വ്യവസായകേരളം മാസിക ഡിജിറ്റല്‍ പതിപ്പ് ഉദ്ഘാടനവും ഇ.ഡി. ക്ലബുകള്‍ക്കായുള്ള രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും നിര്‍വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.  

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 43,000-ത്തില്‍ അധികം വനിതകളാണ്     സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍    നിന്നുള്ള അഞ്ഞൂറിലധികം വനിതാ സംരംഭകര്‍ സംരംഭക സംഗമത്തില്‍ പങ്കെടുക്കും. സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, ചര്‍ച്ചകള്‍, ഉത്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ     നടക്കും. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കെ.എസ്.ഐ.ഡി.സി, കെ-ബിപ് എന്നിവയുടെ നേതൃത്വത്തില്‍  സംരംഭകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്.

Photo Gallery