സീഡിംഗ് കേരളയിലൂടെ നാല് എയ്ഞ്ജല്‍ നെറ്റ്വര്‍ക്കുകള്‍ 18 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനം നടത്തി

Kochi / March 6, 2023

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ആറാമത് സീഡിംഗ് കേരള സമ്മേളനത്തില്‍ 18.4 കോടി രൂപയുടെ നിക്ഷേപം നാല് എയ്ഞ്ജല്‍ നെറ്റ്വര്‍ക്കുകള്‍ പ്രഖ്യാപിച്ചു. എയ്ഞ്ജല്‍ നെറ്റ്വര്‍ക്കുകളുടെ നേതൃത്വത്തിലാണ് ഈ നിക്ഷേപ തുക സമാഹരിക്കുന്നത്.

സ്പാര്‍ക്സ് എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്‍റെ നേതൃത്വത്തില്‍ നാല് സ്റ്റാര്‍ട്ടപ്പുകളിലായി എട്ടു കോടി രൂപ, കേരള എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്‍റെ നേതൃത്വത്തില്‍ നാല് സ്റ്റാര്‍ട്ടപ്പുകളിലായി അഞ്ച് കോടി രൂപ, ഫീനിക്സ് എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്‍റെ നേതൃത്വത്തില്‍ രണ്ട് സ്റ്റാര്‍ട്ടപ്പുകളിലായി മൂന്നര കോടി രൂപ, ജിഎസ് എഫ് ആക്സിലറേറ്റര്‍ 40 ലക്ഷം രൂപ, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ ചേര്‍ന്ന് അഞ്ച് സ്റ്റാര്‍ട്ടപ്പുകളിലായി ഒന്നര കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപം പ്രഖ്യാപിച്ചത്.

 സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് മികച്ച നിക്ഷേപശേഷിയുള്ള വ്യക്തികളില്‍ (എച്ച് എന്‍ ഐ-ഹൈ നെറ്റ്വര്‍ത്ത് ഇന്‍ഡിവിഡ്വല്‍സ്) അവബോധം നല്‍കുന്നതിനും നിക്ഷേപവഴികള്‍ തുറക്കുന്നതിനുമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സീഡിംഗ് കേരള സംഘടിപ്പിക്കുന്നത്.

സര്‍വകലാശാലകളും വ്യവസായ ലോകവും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് ഊന്നല്‍ നല്‍കണമെന്ന് ഐടി-ഇലക്ട്രോണിക്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെ യ്യവെ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വളര്‍ച്ചാനിരക്കിന് ഏറെ സംഭാവന നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കുള്ള സഹായം സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇലക്ട്രോണിക്സ് വിപ്ലവമാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഐടി സേവന മേഖലയ്ക്കൊപ്പം ഐടി അധിഷ്ഠിത ഉത്പന്നങ്ങളില്‍ കൂടി ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ച്ചയ്ക്കായി നിക്ഷേപം, അടിസ്ഥാന സൗകര്യവികസനം, ബുദ്ധി പൂര്‍വമായ പ്രവര്‍ത്തനം എന്നിവയാണ് വേണ്ടത്. അവസാന രണ്ട് ഘടകങ്ങളും വേണ്ടുവോളം ഉണ്ടെങ്കിലും സ്റ്റാര്‍ട്ടപ്പ് ആവസവ്യവസ്ഥയ്ക്ക് വേണ്ടത് നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം (2022) കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതോ, പ്രവര്‍ത്തിക്കുന്നതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ 2000 കോടി രൂപയോളം നിക്ഷേപമാണ് സമാഹരിച്ചത്. സേവന ഉത്പന്നവിഭാഗമായ സാസിലാണ് (41.7 ശതമാനം)ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളുള്ളത്. ഹാര്‍ഡ് വെയറില്‍ 20.8 ശതമാനം സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. എഐ, ഫിന്‍ടെക്, എജ്യുടെക്, ഹെല്‍ത്ത്കെയര്‍ എന്നിവയില്‍ 8.3 ശതമാനം സ്റ്റാര്‍ട്ടപ്പുകളുമുണ്ട്. ഡിടുസി വിഭാഗത്തില്‍ 4.2 ശതമാനം സ്റ്റാര്‍ട്ടപ്പ്സംരംഭങ്ങളുമുണ്ട്.

നിക്ഷേപക സ്ഥാപനമായ 100 എക്സ് വിസി  സ്ഥാപകന്‍ സഞ്ജയ് മേത്ത, സീമെന്‍സ് വൈസ്പ്രസിഡന്‍റ് അമൃത വേണുഗോപാല്‍, സോഹോ ഗ്രൂപ്പ് സഹസ്ഥാപകന്‍ ടോണി തോമസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഈ വര്‍ഷത്തെ ഫണ്ട് ഓഫ് ഫണ്ട് പ്രഖ്യാപനവും സീഡിംഗ് കേരളയില്‍ നടന്നു. യൂണികോണ്‍ ഇന്ത്യ വെഞ്ച്വര്‍ ഫണ്ട്, ഇന്ത്യ എയ്ഞ്ജല്‍ നെറ്റ്വര്‍ക്ക്, സി ഫണ്ട്, എഡബ്ല്യൂഇ ഫണ്ട്, ട്രാന്‍സിഷന്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍സ് എ്ന്നിവരാണ് ഈ വര്‍ഷത്തെ ഫണ്ട് ഓഫ് ഫണ്ട് പങ്കാളികള്‍. അനൂപ് അംബികയാണ് പ്രഖ്യാപനം നടത്തിയത്.
എയ്ഞജല്‍ നിക്ഷേപങ്ങളെക്കുറിച്ചാണ് സീഡിംഗ് കേരളയില്‍ ഏറ്റവുമധികം ചര്‍ച്ച നടന്നത്. ഹൈദരബാദ് എയ്ഞജല്‍സിന്‍റെ രത്നാകര്‍ സാമവേദം, ചെന്നൈ എയ്ഞജല്‍സിന്‍റെ ചന്തു നായര്‍, യൂണികോണ്‍ ഇന്ത്യയുടെ അനില്‍ ജോഷി, മലബാര്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്‍റെ പി കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ അവതരണം നടത്തി.

 സോഹോ ഗ്രൂപ്പിന്‍റെ സിഇഒ ശ്രീധര്‍ വേമ്പു, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ അനീഷ് അച്യുതന്‍, ജെന്‍ റോബോട്ടിക്സിന്‍റെ വിമല്‍ ഗോവിന്ദ്, എന്നിവര്‍ സംസാരിച്ചു.
സര്‍ക്കാര്‍-വ്യവസായ-വിദ്യാഭ്യാസ-കോര്‍പറേറ്റ് മേഖലയിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത പ്രത്യേക സമ്മേളനവും നടന്നു.

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിലെ ലിംഗനീതി, സ്റ്റാര്‍ട്ടപ്പില്‍ നിന്ന് എയ്ഞജല്‍ നെറ്റ് വര്‍ക്കിലേക്ക്, എയ്ഞ്ജല്‍ നിക്ഷേപത്തിലെ സാധ്യതകള്‍, സ്റ്റാര്‍ട്ടപ്പുകളെ എങ്ങിനെ വിലയിരുത്താം, നിക്ഷേപം നടത്താം, എയ്ഞ്ജല്‍ നിക്ഷേപത്തിലെ പാഠങ്ങള്‍, എന്നീ വിഷയങ്ങളിലാണ് വിദഗ്ധര്‍ സംസാരിച്ചത്.

Photo Gallery

+
Content
+
Content