കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ഇന്ന്(ശനി) രാജഗിരി എന്‍ജിനീയറിംഗ് കോളേജില്‍

Kochi / March 3, 2023

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൊച്ചി രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് ഐഇഡിസി സമ്മിറ്റ് 2023 മാര്‍ച്ച് നാലിന് (ശനി) കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജില്‍ നടക്കും. വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് വേണ്ടിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയാണിത്. വിവിധ മേഖലകളിലെ നൂതനാശയക്കാരുടെ കാഴ്ചപ്പാടുകളെ ഒരുമിപ്പിക്കുക എന്ന ആശയമാണ് ഇക്കുറി ഉച്ചകോടി മുന്നോട്ട് വെക്കുന്നത്.

ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്യുഎം ആവിഷ്കരിച്ച സംരംഭമാണ് ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍. മെഡിക്കല്‍-കാര്‍ഷിക ശാസ്ത്ര പഠനം മുതല്‍ പോളിടെക്നിക്, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകളിലായി സംസ്ഥാനത്തൊട്ടാകെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 425 ഓളം ഐഇഡിസികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വിദ്യാര്‍ത്ഥി സംരംഭകരെ അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ സഹായിക്കുന്ന സുപ്രധാന ഉദ്യമമാണ് ഐഇഡിസി ഉച്ചകോടി. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങി ഒട്ടനവധി മേഖലകളുടെ സംയോജനമാണിത്. വ്യവസായ നേതാക്കള്‍, വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവരുമായി വിദ്യാര്‍ത്ഥി സമൂഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വേദിയുമുണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപരിചയം നേടാനും കൂടുതല്‍ വിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടിയില്‍ നാലായിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം 5000 പേരെയാണ് പ്രതീക്ഷിക്കുന്നത്.ഐഇഡിസി നോഡല്‍ ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന ശില്പശാലയോടെ വെള്ളിയാഴ്ച ഉച്ചകോടിക്ക് തുടക്കമായി. മാര്‍ച്ച് നാലിന് നടക്കുന്ന സമ്മേളനം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി, പൂര്‍ണിമ ഇന്ദ്രജിത്ത്, ലോകനാഥ് ബെഹറ, ജില്ലാകളക്ടര്‍ ഡോ. രേണു രാജ്, ലെന കുമാര്‍, ശിവാംഗി ജയിന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്ഷോപ്പുകള്‍, ഫയര്‍സൈഡ് ചാറ്റ്, എക്സ്പീരിയന്‍സ് സോണ്‍, പ്രൊഡക്റ്റു് എക്സ്പോ, സ്റ്റാര്‍ട്ടപ്പു എക്സ്പോ, ഇവി എക്സ്പോ, ഫ്ളീ മാര്‍ക്കറ്റ്, ഐഡിയത്തോണുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഉച്ചകോടിയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. 

Photo Gallery