ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി: അന്താരാഷ്ട്ര പ്രഭാഷകര്‍ മറവന്‍തുരുത്ത് വാട്ടര്‍ സ്ട്രീറ്റ് സന്ദര്‍ശിച്ചു

Kottayam / February 28, 2023

കോട്ടയം: കുമരകത്ത് ഫെബ്രുവരി 25 മുതല്‍ 27 വരെ നടന്ന ആദ്യ ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയിലെ പ്രഭാഷകര്‍ മറവന്‍തുരുത്ത് വാട്ടര്‍ സ്ട്രീറ്റ് സന്ദര്‍ശിച്ചു.

ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍ (യുകെ) അദാമ ബാ (ഗാംബിയ), ഗ്ലിന്‍ ഒ ലെറി (സൗത്ത് ആഫ്രിക്ക), ക്രിസ്ററഫര്‍ വാറന്‍ (ആസ്ട്രിയ), ചാര്‍ മറി മെലങ്ങ്, (ശ്രീലങ്ക) ശുഭം അഗ്നിഹോത്രി (തായ്വാന്‍), സാറാ ഹാസ് ബര്‍ഗ് (ആസ്ട്രേലിയ) തുടങ്ങി 12 വിദേശ പ്രഭാഷകരും, അരുണാചല്‍ പ്രദേശ്, മദ്ധ്യ പ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങി 14 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ടൂറിസം വകുപ്പ് പ്രതിനിധികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരടക്കം 42 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

രാവിലെ മറവന്‍തുരുത്ത് ഗ്രാമ പഞ്ചായത്തിലെത്തിയ സംഘത്തെ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രമ, വൈസ് പ്രസിഡന്‍റ് വി.ടി. പ്രതാപന്‍ മറ്റ് ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു.

തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി സംഘം ആശയവിനിമയം നടത്തി. അതിന് ശേഷം സ്ട്രീറ്റ് പ്രോജക്ടിന്‍റെ ഭാഗമായ വനിതകള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

കുലശേഖരമംഗലം ആര്‍ട്ട് സ്ട്രീറ്റ് സന്ദര്‍ശിച്ച സംഘത്തെ ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രവര്‍ത്തകര്‍ പഞ്ചവാദ്യത്തോടെ സ്വീകരിച്ചു. ആര്‍ടി ക്ലബ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയ സംഘം ആര്‍ട്ട് സ്ട്രീറ്റ് സന്ദര്‍ശിച്ചു.

വാട്ടര്‍ സ്ട്രീറ്റില്‍ യാത്ര ചെയ്ത സംഘം ശിക്കാര, കയാക്കിങ്ങ്, വള്ളം, കുട്ടവഞ്ചി സവാരി എന്നിവ ആസ്വദിച്ചു. തുടര്‍ന്ന് വാട്ടര്‍ സ്ട്രീറ്റില്‍ സന്ദര്‍ശിക്കവേ ജലയാനത്തില്‍ നടത്തിയ ഗരുഡന്‍ പറവ കലാരൂപം കൗതുകമായി.

വിവിധ വീടുകളില്‍ എത്തിയ സംഘം ഓലമെടയല്‍, തഴപ്പായ നെയ്ത്ത്, കയര്‍ പിരിത്തം എന്നിവ കാണുകയും അവര്‍ക്കൊപ്പം പണികളില്‍ ഏര്‍പ്പെടുകയും ചെയ്തു. നാല് മണി വരെയായിരുന്നു സന്ദര്‍ശനം.

Photo Gallery

+
Content
+
Content
+
Content