സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ 'വണ്‍ വീക്ക് വണ്‍ ലാബ്' എംഎസ്എംഇ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

മാര്‍ച്ച് 13 മുതല്‍ 18 വരെ നടക്കുന്ന പരിപാടിയില്‍ കര്‍ഷകസംഗമവും മില്ലറ്റ് എക്സിബിഷനും മുഖ്യ ആകര്‍ഷണം
Trivandrum / February 28, 2023

തിരുവനന്തപുരം: സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ ആറ് ദിവസത്തെ 'വണ്‍ വീക്ക് വണ്‍ ലാബ്' പരിപാടി ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും പൈതൃകത്തിന്‍റെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദര്‍ശനത്തിന് സാക്ഷ്യമാകും. കേന്ദ്ര സര്‍ക്കാരിന്‍റെ വണ്‍ വീക്ക് വണ്‍ ലാബ് സംരംഭത്തിന്‍റെ ഭാഗമായി തിരുവനന്തപുരം പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) കാമ്പസില്‍ മാര്‍ച്ച് 13 മുതല്‍ 18 വരെ നടക്കുന്ന പരിപാടി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) ശ്രദ്ധ കേന്ദ്രീകരിക്കും. വികസിച്ചുകൊണ്ടിരിക്കുന്ന എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള വഴികളും ആരായും.


വണ്‍ വീക്ക് വണ്‍ ലാബിന്‍റെ മുഴുവന്‍ പരിപാടികളും എംഎസ്എംഇ മേഖലയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.സി. അനന്തരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏകദേശം 64 ദശലക്ഷം വ്യവസായങ്ങള്‍ എംഎസ്എംഇയെ മേഖലയിലുണ്ട്. കഴിഞ്ഞ വര്‍ഷം ജിഡിപിയുടെ 30 ശതമാനവും എംഎസ്എംഇ മേഖലയില്‍ നിന്നാണ്. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തിന്‍റെ ഭാഗമായി ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ചെറുധാന്യ ഭക്ഷ്യമേളയും സംഘടിപ്പിക്കും. മില്ലറ്റ് മേഖലയ്ക്ക് ശാസ്ത്രസമൂഹത്തില്‍ നിന്ന് മാത്രമല്ല, കര്‍ഷകരില്‍ നിന്നും പങ്കാളികളില്‍ നിന്നും പിന്തുണ ആവശ്യമാണ്. കര്‍ഷക സംഗമത്തില്‍ പ്രാദേശിക കര്‍ഷകര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും ഫണ്ടിംഗും സംബന്ധിച്ച് മാര്‍ച്ച് 13ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന സെഷനുകളാണ് പരിപാടിയുടെ മറ്റൊരു പ്രത്യേകതയെന്നും അനന്തരാമകൃഷ്ണന്‍ പറഞ്ഞു.


മാര്‍ച്ച് 13 ന് വണ്‍ വീക്ക് വണ്‍ ലാബ് പരിപാടി സി.എസ്.ഐ.ആര്‍ ഡയറക്ടര്‍ ജനറലും ഡി.എസ്.ഐ.ആര്‍. സെക്രട്ടറിയുമായ ഡോ.എന്‍. കലൈസെല്‍വി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി.കെ.രാമചന്ദ്രന്‍ മുഖ്യാതിഥിയാകും. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ.സി.അനന്തരാമകൃഷ്ണന്‍, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി (റിസര്‍ച്ച് കൗണ്‍സില്‍) ചെയര്‍മാന്‍ പ്രൊഫ.ജാവേദ് ഇക്ബാല്‍, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്‍റിസ്റ്റ് ഡോ.പി.നിഷി എന്നിവര്‍ സംബന്ധിക്കും. ധാരണാപത്രം ഒപ്പുവയ്ക്കല്‍, മില്ലറ്റ് എക്സിബിഷന്‍, സ്റ്റാര്‍ട്ടപ്പ് സമ്മേളനം എന്നിവയുടെ ഉദ്ഘാടനവും 13 ന് നടക്കും.

ദേശീയ ശാസ്ത്രദിനത്തിന്‍റെ ഭാഗമായി എന്‍ഐഐഎസ്ടി കാമ്പസില്‍ നടന്ന ചടങ്ങില്‍ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ കര്‍ട്ടന്‍ റൈസര്‍ ഐഐടി കാണ്‍പൂര്‍ ചെയര്‍ പ്രൊഫസര്‍ പ്രൊഫ.വിനോദ്കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. അധ്യാപനത്തിലും ഗവേഷണത്തിലും നൂതനത്വം സ്വീകരിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിനോദ്കുമാര്‍ സിങ് പറഞ്ഞു. സുസ്ഥിരവികസനം സാധ്യമാകണമെങ്കില്‍ സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്ന ശാസ്ത്രത്തില്‍ കൂടുതല്‍ ശക്തരാകണം. ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവില്‍ സദ്ഭരണം, അടിസ്ഥാന സൗകര്യങ്ങള്‍, മാനേജ്മെന്‍റ്, നേതൃത്വം തുടങ്ങിയവ വളരെ പ്രധാനമാണ്. ഈ മേഖലകള്‍ ശക്തിപ്പെടുത്തിയാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഡോ. സി.അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.ചന്ദ്രദത്തന്‍, സിഎസ്ഐആര്‍-എന്‍ഇഇആര്‍ഐ നാഗ്പൂര്‍ മുന്‍ ഡയറക്ടര്‍ ഡോ.സുകുമാര്‍ ദെവോട്ട, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ടിപിഡി രാജന്‍, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റും വണ്‍വീക്ക് വണ്‍ ലാബ് കര്‍ട്ടന്‍ റൈസര്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. കെ.എന്‍ നാരായണന്‍ ഉണ്ണി എന്നിവര്‍ പങ്കെടുത്തു. വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ടീസര്‍ വീഡിയോയും ഔദ്യോഗിക ബ്രോഷറും ചടങ്ങില്‍ പ്രകാശനം ചെയ്തു.


ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ചുള്ള സാങ്കേതിക സെഷനില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്‍റിസ്റ്റ് ഡോ. എം രവി, ഡോ.സുകുമാര്‍ ദെവോട്ട, ബെംഗളൂരു ഭേല്‍ ആര്‍ ആന്‍ഡ് ഡി ജനറല്‍ മാനേജര്‍ ഡോ. സി ഡി മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. 'ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സിഎസ്ടിഡി ചീഫ് സയന്‍റിസ്റ്റ് ഡോ. പി സുജാതാദേവി, വി.എസ്.എസ്.സി എനര്‍ജി സിസ്റ്റംസ് ഡിവിഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ടി ഡി മേഴ്സി, ബെംഗളൂരു ഷെല്‍ ടെക്നോളജി സെന്‍റര്‍ നോവല്‍ മെറ്റീരിയല്‍സ് ആര്‍ ആന്‍ഡ് ഡി ജനറല്‍ മാനേജര്‍ ഡോ. ഹയാസിന്ത് മേരി ബാസ്റ്റ്യന്‍, തിരുവനന്തപുരം.എസ്സിടിഐഎംഎസ് ബയോമെറ്റീരിയല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി വകുപ്പ് മേധാവി ഡോ.ആര്‍.എസ്.ജയശ്രീ എന്നിവര്‍ സംസാരിച്ചു.


വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ അവസാന ദിവസമായ 18 ന് രാവിലെ 9 മുതല്‍ 4 വരെ പൊതുജനങ്ങള്‍ക്ക് കാമ്പസ് സന്ദര്‍ശിക്കാം.

Photo Gallery

+
Content