ടൂറിസത്തിലൂടെ വനിതാശാക്തീകരണം: ഐക്യരാഷ്ട്രസഭ വിമനും കേരള ടൂറിസവും ധാരണാപത്രം ഒപ്പിട്ടു

നടപ്പാക്കുന്ന ചുമതല ഉത്തരവാദിത്ത ടൂറിസം മിഷന്
Kottayam / February 26, 2023

കോട്ടയം: ടൂറിസത്തിലൂടെ വനിതാശാക്തീകരണവും പെണ്‍കുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ വിമനും കേരള ടൂറിസവും ധാരണാപത്രം ഒപ്പിട്ടു. ഉത്തരവാദിത്ത ടൂറിസം മിഷനാണ് ധാരണാപത്രത്തിലെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സി.

കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയില്‍ വച്ച് യുഎന്‍ വുമന്‍ ഇന്ത്യാ മേധാവി ശ്രീമതി സൂസന്‍ ഫെര്‍ഗൂസനും കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബി നൂഹും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ധാരണാപത്ര പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള ഈ മേഖലയിലെ പങ്കാളികള്‍, യുവപ്രതിനിധികള്‍, സിവില്‍ സംഘടനകള്‍ എന്നിവര്‍ക്ക് വനിതാസൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശീലനം നല്‍കും. വിവിധ വിഭാഗങ്ങളിലായി പരിശീലകര്‍ക്ക് വനിതാസൗഹൃദ വിഷയങ്ങളെക്കുറിച്ച് പരിശീലനം നല്‍കും. ലിംഗസമത്വ ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങള്‍, പരിശീലന വിഷയങ്ങള്‍ എന്നിവ രൂപീകരിക്കും.

ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗവേഷണം, റിപ്പോര്‍ട്ടുകള്‍, അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലേക്കുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയ്ക്കുള്ള സാങ്കേതിക സഹകരണം ഇതു വഴി ഉത്തരവാദിത്ത ടൂറിസം മിഷന് ലഭിക്കും. പൊതു ടൂറിസം സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന മോശം പെരുമാറ്റം, സാമൂഹിക അസമത്വം എന്നിവ തടയാനുള്ള ഇടപെടലുകളും ധാരണാപത്രത്തിലൂടെ ഉറപ്പു വരുത്തുന്നു.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച വനിതാസൗഹൃദ ടൂറിസം പരിപാടിയുടെ തുടര്‍ച്ചയായാണ് ഐക്യരാഷ്ട്രസഭ സംഘടനയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം സംരംഭങ്ങള്‍, അനുബന്ധ വ്യവസായങ്ങള്‍, ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ എന്നിവയിലുള്ള വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കും. വനിതാശാക്തീകരണം മുന്‍നിറുത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വനിതാ സഞ്ചാരികളുടെ സുരക്ഷ ഏറെ പ്രധാനമാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ വിമന്‍ ഇന്ത്യാ മേധാവി ശ്രീമതി സൂസന്‍ ഫെര്‍ഗൂസന്‍ പറഞ്ഞു. പുരുഷനും സ്ത്രീയും തമ്മിലുള്ള സാമ്പത്തിക അവസരങ്ങളിലെ അസമത്വം ഇല്ലാതാക്കാന്‍ പുരുഷ കേന്ദ്രീകൃതമായ തൊഴിലിടങ്ങളില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യമുണ്ടാകണം. വനിതകളുടെ തൊഴിലവസരങ്ങള്‍ കൂടുന്നതിലൂടെ വനിതാസഞ്ചാരികളുടെ സുരക്ഷ ഇതിലൂടെ ഉറപ്പാക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Photo Gallery

+
Content