ഉത്തരവാദിത്ത ടൂറിസത്തെ ജനകീയ മുന്നേറ്റമാക്കും - പി എ മുഹമ്മദ് റിയാസ്

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയ്ക്ക് തുടക്കമായി
Kottayam / February 26, 2023

കോട്ടയം: ഭാവിയെ മുന്നില്‍ കണ്ടു കൊണ്ട് ഉത്തരവാദിത്ത ടൂറിസം നയത്തില്‍ കാലാനുസൃതമായ പരിഷ്ക്കാരങ്ങള്‍ വരുത്തി ജനകീയ മുന്നേറ്റമാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ പരിഷ്ക്കരണങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആതിഥേയ യൂണിറ്റുകളിലും ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങള്‍ നടപ്പാക്കും. ഉത്തരവാദിത്ത, അനുഭവവേദ്യമായ, സുസ്ഥിര-ഗ്രാമീണ ടൂറിസം എന്നിവ അവതരിപ്പിക്കുന്നതിലൂടെ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനാകും.

ടൂറിസം പരിസ്ഥിതി സൗഹൃദവും വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്നതുമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തും. പരിസ്ഥിതിക സൗഹൃദമായ ടൂറിസം നയം, വനിതാ ശാക്തീകരണ-സൗഹൃദ നടപടികള്‍ എന്നിവയും ചര്‍ച്ചാവിഷയമാണ്. അന്താരാഷ്ട്രതലത്തിലെ മികച്ച ഉത്തരവാദിത്ത മാതൃകകള്‍ അവതരിപ്പിക്കുകയും ആഗോള തലത്തിലുള്ള സഹകരണം ഉറപ്പാക്കലും ഉച്ചകോടിയിലൂടെ ലക്ഷ്യം വയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി മാറ്റാനുമുള്ള തീരുമാനം സര്‍ക്കാരെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര ടൂറിസം വികസന മാതൃകളെക്കുറിച്ച് പ്രാദേശിക സമൂഹത്തിന് പരിശീലനം നല്‍കുകയും അതു വഴി സമഗ്ര ടൂറിസം വികസനം ഉറപ്പാക്കുകയുമാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സൊസൈറ്റിയാക്കുന്നതിലൂടെ ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ധസഹായം, സാങ്കേതിക വൈജ്ഞാനിക സഹകരണം എന്നിവ ഉത്തരവാദിത്ത ടൂറിസത്തിന് ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂട്ടായ പ്രവര്‍ത്തനവും കഠിനാധ്വാനവുമാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ഉത്തരവാദിത്ത ടൂറിസം മിഷനെ എത്തിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി ശ്രീ വി എന്‍ വാസവന്‍ പറഞ്ഞു. അന്തരിച്ച മുന്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഈയവസരത്തില്‍ നന്ദിയോടെ അനുസ്മരിക്കുന്നു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനത്തിലൂടെ അയ്മനം മാതൃകാ ടൂറിസം ഗ്രാമമായി മാറി. ഇനിയും ദൂരം പോകാനുണ്ടെന്ന ഓര്‍മ്മ വേണം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇത് സാധ്യമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ സ്വദേശി ദര്‍ശന്‍ പരിപാടിയില്‍ ഉള്‍പ്പെട്ടതിനാല്‍ കുമരകത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് ശ്രീ തോമസ് ചാഴിക്കാടന്‍ എം പി പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഉത്തരവാദിത്ത ടൂറിസമാണ് കേരള ടൂറിസത്തിന്‍റെ സവിശേഷ വില്‍പന ഉത്പന്നമെന്ന് (യുഎസ് പി) ചടങ്ങില്‍ സ്വാഗതമാശംസിച്ച സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. ഇത്രയധികം പ്രാദേശിക പങ്കാളിത്തമുള്ള ഒരു പദ്ധതി രാജ്യത്ത് മറ്റൊരിടത്തുമുണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളും ഈ പദ്ധതി അവരുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിന് കേരളത്തിലെ ആര്‍ടി മിഷനുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ചുള്ള വീഡിയോ അഡി. ചീഫ് സെക്രട്ടറി ശ്രീ വേണു വി നിര്‍വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മുന്നേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ പി ബി നൂഹ് അവതരിപ്പിച്ചു. ഉച്ചകോടിയുടെ ബ്രോഷര്‍ ജില്ലാകളക്ടര്‍ ശ്രീമതി പി കെ ജയശ്രീ പുറത്തിറക്കി. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 70 പ്രഭാഷകരും 280 പ്രതിനിധികളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ സഞ്ചാരികള്‍ ഭയക്കുന്ന അവസ്ഥ വരണമെന്ന് അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകന്‍ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍ പറഞ്ഞു. പ്രദേശവാസികള്‍ ടൂറിസത്തെയാണ് ഉപയോഗിക്കേണ്ടത്. ടൂറിസം അവരെ ഉപയോഗിക്കാന്‍ സമ്മതിക്കരുത്. പ്രദേശവാസികള്‍ക്കാണ് പ്രഥമപരിഗണന വേണ്ടത്. ഉത്തരവാദിത്ത ടൂറിസം സാമൂഹ്യമുന്നേറ്റമാകുകയാണ് വേണ്ടത്. അത് ബിസിനസ് അവസരമാക്കി മാറ്റാന്‍ അനുവദിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഐക്യരാഷ്ട്രസഭാ വിമന്‍ ഇന്ത്യാ മേധാവി ശ്രീമതി സൂസന്‍ ഫെര്‍ഗൂസന്‍ സംസാരിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീ കെ രൂപേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി കെ വി ബിന്ദു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ആര്യ രാജന്‍, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ധന്യ സാബു, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി മേഖല ജോസഫ്, ഗ്രാമപഞ്ചായത്തംഗം ശ്രീ പി കെ മനോഹരന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ശ്രീ ബേബി മാത്യു, സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം ശ്രീ എബ്രഹാം ജോര്‍ജ്ജ്, വിവിധ ടൂറിസം സംഘടനാ പ്രതിനിധികള്‍, ടൂറിസം വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Photo Gallery

+
Content
+
Content