ഗുരുവായൂരിലെ അഴുക്കുചാലുകള്‍ ഇനി യന്ത്രസഹായത്തോടെ വൃത്തിയാകും

ജെന്‍റോബോട്ടിക്സ് വികസിപ്പിച്ച സ്കാവെഞ്ചര്‍ ബാന്‍ഡികൂട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ പുറത്തിറക്കി
Guruvayur / February 24, 2023

ഗുരുവായൂര്‍ക്ഷേത്രനഗരത്തിലെ അഴുക്കുചാലുകള്‍ ഇനി യന്ത്രസഹായത്തോടെ വൃത്തിയാകും. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലെ അഴുക്കുചാലുകള്‍ ശുചിയാക്കുന്നതിനായി ജെന്‍റോബോട്ടിക്സ് വികസിപ്പിച്ച റോബോട്ടിക് ശുചീകരണ യന്ത്രമായ സ്കാവെഞ്ചര്‍ ബാന്‍ഡികൂട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുറത്തിറക്കി.

ഗുരുവായൂരില്‍ റോബോട്ടിക് സ്കാവെഞ്ചര്‍ ആരംഭിച്ചത് സംസ്ഥാനത്തുടനീളം മാന്‍ഹോള്‍ ശുചീകരണത്തിന് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണെന്ന് മന്ത്രി പറഞ്ഞു. ഇതോടെ കേരളത്തിലെ കമ്മീഷന്‍ ചെയ്തിരിക്കുന്ന എല്ലാ മാന്‍ഹോളുകളും റോബോഹോള്‍ വിപ്ലവത്തിലേക്ക് മാറും. ഗുരുവായൂരില്‍ റോബോട്ടിക് ശുചീകരണം നടത്തുന്നതിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിക്കും. മലിനജല ശുചീകരണ സംവിധാനങ്ങള്‍ ആധുനികമാകുന്നതോടെ  പകര്‍ച്ചവ്യാധികളും മറ്റ് രോഗങ്ങളും തുടച്ചുമാറ്റാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാന സര്‍ക്കാരിന്‍റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് കേരള വാട്ടര്‍ അതോറിറ്റി ഗുരുവായൂര്‍ സ്വീവറേജ് പദ്ധതിക്ക് കീഴില്‍ ബാന്‍ഡികൂട്ടിനെ ഉള്‍പ്പെടുത്തിയത്. അഴുക്കുചാലുകള്‍ ശുചീകരിക്കുന്നതിലെ മനുഷ്യപ്രയത്നം ഒഴിവാക്കാന്‍ റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ജെന്‍റോബോട്ടിക്സ് വികസിപ്പിച്ച സ്കാവെഞ്ചര്‍ ബാന്‍ഡികൂട്ട് രാജ്യത്ത് പല നഗരസഭകളും പ്രയോജനപ്പെടുത്തുന്നുണ്ട്.


ഗുരുവായൂര്‍ ക്ഷേത്രം പടിഞ്ഞാറെ നട പി.കൃഷ്ണപിള്ള സ്ക്വയറില്‍ നടന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. വിജയന്‍, കേരള വാട്ടര്‍ അതോറിറ്റി അംഗം ഷാജി പാമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു. കേരള വാട്ടര്‍ അതോറിറ്റി എം.ഡി. വെങ്കിടേശപതി എസ്. പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


ഗുരുവായൂര്‍ നഗരസഭയില്‍ ബാന്‍ഡികൂട്ട് പുറത്തിറക്കിയതോടെ മാന്‍ഹോള്‍ ശുചീകരണത്തിന് പൂര്‍ണമായും റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന് ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ് ഡയറക്ടര്‍ വിമല്‍ ഗോവിന്ദ് എം.കെ. പറഞ്ഞു.


ഒരു സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച ജെന്‍റോബോട്ടിക്സ് ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചര്‍ ബാന്‍ഡികൂട്ട് വികസിപ്പിച്ചുകൊണ്ട് വലിയ സ്വാധീനം ഈ മേഖലയില്‍ ചെലുത്തിയിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സ് വിമല്‍ ഗോവിന്ദ് എം.കെ, അരുണ്‍ ജോര്‍ജ്, റഷീദ് കെ., നിഖില്‍ എന്‍.പി. എന്നിവര്‍ ചേര്‍ന്നാണ് ആരംഭിച്ചത്.
നിലവില്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ബാന്‍ഡികൂട്ട് റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. 2018 ല്‍ തിരുവനന്തപുരത്തെ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി ബാന്‍ഡികൂട്ട് ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് എറണാകുളത്തും ഇത് അവതരിപ്പിച്ചു.


ബാന്‍ഡികൂട്ടിന്‍റെ പ്രധാന ഘടകമായ റോബോട്ടിക് ട്രോണ്‍ യൂണിറ്റ് മാന്‍ഹോളില്‍ പ്രവേശിച്ച് മനുഷ്യന്‍റെ കൈകാലുകള്‍ക്ക് സമാനമായി റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് മലിനജലം നീക്കം ചെയ്യും. മാന്‍ഹോളിനുള്ളിലെ ഹാനികരമായ വാതകങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന വാട്ടര്‍പ്രൂഫ്, എച്ച്ഡി വിഷന്‍ ക്യാമറകളും ഗ്യാസ് സെന്‍സറുകളും ഇതിലുണ്ട്.

Photo Gallery

+
Content
+
Content