പ്ലാന്‍റേഷന്‍ എക്സ്പോയിലേക്ക് വരൂ; കശുമാവ് തൈയുമായി മടങ്ങാം

Trivandrum / February 18, 2023

 

തിരുവനന്തപുരം: പ്ലാന്‍റേഷന്‍ എക്സ്പോയിലെത്തിയാല്‍ സംസ്ഥാന കശുമാവ് വികസന കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന കശുമാവ് തൈയുമായി തിരിച്ചു പോകാം. അത്യുല്പാദന ശേഷിയുള്ളതും മൂന്നു വര്‍ഷം കൊണ്ട് കായ്ഫലം നല്‍കുന്നതുമായ കശുമാവ് തൈകള്‍ സൗജന്യമായാണ് പൊതുജനങ്ങള്‍ക്ക് സ്റ്റാള്‍ വഴി ലഭ്യമാകുക.

വ്യവസായ-വാണിജ്യ വകുപ്പിന്‍റേയും പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റേയും നേതൃത്വത്തില്‍ കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടിലാണ് എക്സ്പോ നടക്കുന്നത്. കനക, ധരശ്രീ, വൃഥാചലം-3, പ്രിയങ്ക, രാഘവ്, അനഘ, ശ്രീ, പൂര്‍ണിമ, മാടയ്ക്കത്തറ തുടങ്ങിയ മുന്തിയ ഇനങ്ങളുടെ 1000 തൈകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്.

കശുമാവ് കൃഷി വ്യാപിപ്പിക്കുകയാണ് തൈ വിതരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കശുമാവിന് റബറിനേക്കാള്‍ കുറച്ച് പരിചരണം മതിയെന്ന ഗുണവുമുണ്ട്. ശാസ്ത്രീയമായി പരിപാലിക്കുന്ന തോട്ടങ്ങളില്‍ നിന്ന് ഏക്കറിന് ഒരു ലക്ഷം രൂപവരെ വരുമാനം ലഭിക്കും. 35 മുതല്‍ 40 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യമുള്ള കശുമാവിന്‍ തൈകളില്‍ നിന്ന് ഒരു വര്‍ഷം 18 കിലോ കശുവണ്ടിയാണ് ലഭിക്കുക.

കശുമാങ്ങ ഉപയോഗിച്ച് നിര്‍മ്മിച്ച സോഡ, അച്ചാര്‍, ജാം, വിനെഗര്‍ എന്നീ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്. ഇതിന്‍റെ നിര്‍മ്മാണത്തിന് പരിശീലനം ആവശ്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാകും. കുറഞ്ഞ വിലയില്‍ ശുദ്ധമായ കശുമാങ്ങ ഉപയോഗിച്ച് നിര്‍മ്മിച്ച സ്ക്വാഷ് വാങ്ങാനും അവസരമുണ്ട്. കര്‍ഷകര്‍ക്ക് കശുമാവിന്‍ കൃഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്യും.

തേങ്ങയില്‍ നിന്ന് എത്ര വിഭവങ്ങള്‍ ഉണ്ടാക്കാമെന്ന് അറിയണമെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലെത്തിയാല്‍ മതി. തേങ്ങയില്‍ നിന്നുള്ള ഏറ്റവും പുതിയ മൂല്യവര്‍ധിത ഉത്പന്നമായ തേങ്ങാ ചിപ്സ് മുതല്‍ പരിചിതമായ ഉരുക്കു വെളിച്ചെണ്ണ വരെയുള്ള ഇരുപതോളം ഉത്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പൊങ്ങില്‍ നിന്നുള്ള റെഡി ടു ഡ്രിങ്ക് ആയ ബിവറേജ്, കേരാ ഷുഗര്‍, കേരാ ഹണി, നീരയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, തേങ്ങാപ്പാല്‍ അടങ്ങിയിട്ടുള്ളതും മാറ്റിയിട്ടുള്ളതുമായ ചിരകിയ തേങ്ങ, ശര്‍ക്കരയ്ക്ക് പകരം ഉപയോഗിക്കാനാകുന്ന കേരാ ചക്കര തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടതാണ്. കുക്കീസ് ഉണ്ടാക്കുമ്പോള്‍ മൈദയ്ക്ക് പകരമായി തേങ്ങാപ്പാല്‍ മാറ്റിയിട്ടുള്ള തേങ്ങ ഉപയോഗിക്കാന്‍ കഴിയും. ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രത്തില്‍ ഇവയുടെ നിര്‍മ്മാണത്തിനുള്ള പരിശീലനവും ലഭിക്കും.

സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഒരുക്കിയ സ്റ്റാളുകളും എക്സ്പോയില്‍ ശ്രദ്ധേയമാണ്. കയര്‍കൊണ്ട് നിര്‍മ്മിച്ച വൈവിധ്യമാര്‍ന്ന ചെടിച്ചട്ടികള്‍, ചവിട്ടികള്‍, മെത്തകള്‍, ജൈവവളം, ചകിരിച്ചോറ് തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. പ്രകൃതി സൗഹാര്‍ദമാണെന്നത് ഇതിനെ വേറിട്ടതാക്കുന്നു. വിപണിയില്‍ ലഭിക്കുന്നതില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഇവിടുന്ന് കയറുല്‍പന്നങ്ങള്‍ വാങ്ങാനാകും.

വനംവകുപ്പിന്‍റെ വനശ്രീ സ്റ്റാളില്‍ നിന്ന് ഗോത്രവര്‍ഗക്കാര്‍ കാട്ടില്‍നിന്ന് ശേഖരിക്കുന്ന തടിയിതര ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും. വന്‍തേന്‍, കേരള സാന്‍ഡല്‍, പതിമുഖം, ഏലം, ഗ്രാമ്പൂ, അമക്കുരം, കുടംപുളി, വെള്ളക്കുന്തിരിക്കം, രാമച്ചം, കറുകപ്പട്ട, കുരുമുളക്, രക്തചന്ദനപ്പൊടി, അഗസ്ത്യ ഹെയര്‍ഓയില്‍ തുടങ്ങിയവ ഇവിടെ ലഭിക്കും.

ഞായറാഴ്ച സമാപിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Photo Gallery

+
Content