എന്‍.ഐ.ഐ.എസ്.ടിയില്‍ ചെറുധാന്യ ഭക്ഷ്യമേള; പാചക മത്സരത്തിന് അപേക്ഷിക്കാം

Trivandrum / February 18, 2023

തിരുവനന്തപുരം: അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തിന്‍റെ ഭാഗമായി മാര്‍ച്ച് 13 മുതല്‍ 18 വരെ തിരുവനന്തപുരം പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസില്‍ നടക്കുന്ന ചെറുധാന്യ ഭക്ഷ്യമേള-2023 ലെ ചെറുധാന്യ പാചക മത്സരത്തിനായി അപേക്ഷ ക്ഷണിച്ചു.

ചെറുധാന്യങ്ങളുടെ ഉപയോഗം ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാര്‍ഷിക സംഘടന (എഫ്.എ.ഒ) 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചത്.
കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ, വികസന സ്ഥാപനമാണ് എന്‍.ഐ.ഐ.എസ്.ടി. ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് എന്‍.ഐ.ഐ.എസ്.ടി. ചെറുധാന്യ ഭക്ഷ്യമേള ആസൂത്രണം ചെയ്തിരിക്കുന്നത്. ചെറുധാന്യ ഭക്ഷ്യശാലകള്‍, കര്‍ഷക സംഗമം, ചെറുകിട സംരംഭക സംഗമം, പാചകമത്സരം, ചെറുധാന്യ അവബോധ പരിപാടി, പാചക വിദഗ്ധരുടെ നൈപുണ്യ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍, ബി 2 ബി കൗണ്ടര്‍ എന്നിവ ഫെസ്റ്റിവെലില്‍ ഉണ്ടായിരിക്കും.

പാചക മത്സരം

പാചക മത്സരത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26 വൈകുന്നേരം 5.30 ആണ്. ആദ്യത്തെ 50 അപേക്ഷകളാണ് പരിഗണിക്കുക. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ പ്രാഥമിക തെരഞ്ഞെടുപ്പ് എന്‍.ഐ.ഐ.എസ്.ടി കാന്‍റീനില്‍ നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥികള്‍ അവരുണ്ടാക്കിയ വിഭവങ്ങള്‍ ജൂറി മുമ്പാകെ പ്രദര്‍ശിപ്പിക്കണം. ഒരു മത്സരാര്‍ഥിക്ക് ഒരു വിഭവം മാത്രമാണ് അനുവദിക്കുക. പാചക വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം വിഭവങ്ങള്‍ വിലയിരുത്തി അന്തിമ ഘട്ടത്തിലേക്ക് മികച്ച വിഭവങ്ങള്‍ തയ്യാറാക്കിയ ആറ് പേരെ തിരഞ്ഞെടുക്കും.

പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചെറുധാന്യ ഭക്ഷ്യോത്സവത്തിന്‍റെ വേദിയില്‍ തത്സമയം പാചകം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും വേണം. അന്തിമഘട്ട മത്സരം മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ കാമ്പസില്‍ സജ്ജീകരിച്ച ചെറുധാന്യ ഭക്ഷ്യശാലയില്‍ നടക്കും. ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച വിഭവത്തിന് ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും നല്‍കും.
പാചക മത്സരത്തില്‍ തയ്യാറാക്കുന്ന വിഭവത്തിന്‍റെ പ്രധാന ചേരുവ ചെറുധാന്യവും വീട്ടില്‍ എളുപ്പം പാചകം ചെയ്യാന്‍ സാധിക്കുന്നതും ആയിരിക്കണം. പേള്‍ മില്ലറ്റ് (കമ്പം), ഫോക്സ്ടെയില്‍ മില്ലറ്റ് (തിന), പ്രോസോ മില്ലറ്റ് (പനിവരഗ്), ഫിംഗര്‍ മില്ലറ്റ് (പഞ്ഞപ്പുല്ല്/റാഗി), കോഡോ മില്ലറ്റ് (വരഗ്), ബര്‍നിയാര്‍ഡ് മില്ലറ്റ് (കുതിരവാലി), ലിറ്റില്‍ മില്ലറ്റ് (ചാമ) എന്നീ ചെറുധാന്യങ്ങള്‍ പാചകത്തിന് ഉപയോഗിക്കാം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പേര്, വയസ്, മേല്‍വിലാസം എന്നിവ സഹിതം 8606135606 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് സന്ദേശമോ milletfestival2023@gmail.com ലേക്ക് ഇമെയിലോ ചെയ്യാം.

Photo Gallery