ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങള്‍ക്കുള്ള വിലക്ക് ഖത്തര്‍ നീക്കി

Kochi / February 17, 2023

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങള്‍ക്കുള്ള വിലക്ക് ഖത്തര്‍ നീക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പൂര്‍വാധികം മെച്ചമായി തുടരാന്‍ കളമൊരുങ്ങി.

 

ഫിഫ ലോകകപ്പിന് മുന്നോടിയായി കഴിഞ്ഞ നവംബറിലാണ് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങളുടെ ചില സാമ്പിളുകളില്‍ വിബ്രിയോ കോളറയുടെ അംശം കണ്ടെത്തിയത്. ഇത് കണക്കിലെടുത്ത് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ഖത്തര്‍ ഇന്ത്യയെ അറിയിച്ചു. ലോകകപ്പ് ഫുട്ബോളിന്‍റെ തിരക്കിലായതിനാല്‍ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കാനാകാത്തതു കൊണ്ടാണിതെന്നും അറിയിച്ചിരുന്നു.


ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി കേന്ദ്രവാണിജ്യ മന്ത്രാലയം ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിലായിരുന്നു. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് വിലക്ക് നീക്കാന്‍ തീരുമാനമായത്. എന്നാല്‍ തണുപ്പിച്ച സമുദ്രോത്പന്നങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.


ഖത്തറിലേതിന് പുറമെ 99 സമുദ്രോത്പന്ന സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് ചൈനയിലേക്കുണ്ടായിരുന്ന താത്കാലിക വിലക്കും കഴിഞ്ഞ ദിവസം നീങ്ങിയ സാഹചര്യത്തില്‍ സമുദ്രോത്പന്നകയറ്റുമതിയില്‍ ഇത് ശുഭസൂചകമായ വാരമാണെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ശ്രീ ഡി വി സ്വാമി പറഞ്ഞു. തണുപ്പിച്ച സമുദ്രോത്പന്നങ്ങള്‍ക്കുള്ള വിലക്കും പരിശോധനകള്‍ക്ക് ശേഷം ഉടന്‍ തന്നെ നീക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയില്‍ നിന്നുള്ള 99 സമുദ്രോത്പന്ന സംസ്ക്കരണ സ്ഥാപനങ്ങള്‍ക്കുള്ള താത്കാലിക വിലക്ക് ചൈന ഫെബ്രുവരി 14 ന് നീക്കിയിരുന്നു. ഉറവിടത്തിലെ ഗുണമേډ ഉറപ്പു വരുത്തുമെന്ന ഇന്ത്യയുടെ ഉറച്ച വാഗ്ദാനത്തെ തുടര്‍ന്നായിരുന്നു ഇത്. 2020 ഡിസംബര്‍ മുതല്‍ 110 സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന താത്കാലിക വിലക്ക് നീക്കിയതില്‍ എംപിഇഡിഎയും മറ്റ് സ്ഥാപനങ്ങളും നിരന്തരമായി നടത്തിയ ശ്രമങ്ങളാണ് നിര്‍ണായകമായത്.

Photo Gallery

+
Content