എന്‍.ഐ.ഐ.എസ്.ടി. കാമ്പസില്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും മില്ലറ്റ് ഫുഡ് ഫെസ്റ്റിവെലും

എന്‍.ഐ.ഐ.എസ്.ടി. ലോഗോയും വെബ്സൈറ്റും സി.എസ്.ഐ.ആര്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കി
Trivandrum / February 15, 2023

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ, വികസന സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി.) യുടെ ലോഗോയും നവീകരിച്ച വെബ്സൈറ്റും പുറത്തിറക്കി. പാപ്പനംകോട്ടെ എന്‍.ഐ.ഐ.എസ്.ടി. കാമ്പസില്‍ നടന്ന ചടങ്ങില്‍ സി.എസ്.ഐ.ആര്‍ ഡയറക്ടര്‍ ജനറലും ഡി.എസ്.ഐ.ആര്‍. സെക്രട്ടറിയുമായ ഡോ.എന്‍. കലൈസെല്‍വി ഓണ്‍ലൈനായാണ് വെബ്സൈറ്റ് പുറത്തിറക്കിയത്.

ദേശീയ വികസനത്തിന് വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് എന്‍.ഐ.ഐ.എസ്.ടി.

എന്‍.ഐ.ഐ.എസ്.ടി. നടത്തുന്ന ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം നല്‍കുന്ന പിന്തുണ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റ് വികസന മേഖലകളുമായുള്ള ബന്ധം വികസിപ്പിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടിന് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് ഡോ.എന്‍.കലൈസെല്‍വി പറഞ്ഞു. ഇത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സാങ്കേതിക സംരംഭങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവാന്‍മാരാക്കും. റബ്ബര്‍, കയര്‍ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.

എന്‍.ഐ.ഐ.എസ്.ടി. നിരവധി നൂതന ആശയങ്ങളും സംരംഭങ്ങളും ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് എന്‍.ഐ.ഐ.എസ്.ടി. ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. വണ്‍ വീക്ക് വണ്‍ ലാബ് പ്രോഗ്രാമിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും ഒരാഴ്ച നീളുന്ന മില്ലറ്റ് ഫുഡ് ഫെസ്റ്റിവെലും നടത്തും. സ്റ്റാര്‍ട്ടപ്പുകളെ എന്‍.ഐ.ഐ.എസ്.ടി. കാമ്പസില്‍ ഇന്‍കുബേറ്റ് ചെയ്യിക്കുന്നതു സംബന്ധിച്ച് കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. എന്‍.ഐ.ഐ.എസ്.ടിക്ക് സാമ്പത്തിക, അടിസ്ഥാനസൗകര്യ കാര്യങ്ങളില്‍ പിന്തുണയുണ്ടാകുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എസ്.ഐ.ആര്‍ ചീഫ് സയന്‍റിസ്റ്റ് ഡോ.പി.നിഷി ചടങ്ങിന് നന്ദി പറഞ്ഞു.

1975 ല്‍ സി.എസ്.ഐ.ആര്‍ കോംപ്ലക്സായി സ്ഥാപിതമായ എന്‍.ഐ.ഐ.എസ്.ടി 1978 ല്‍ റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി എന്ന് പുനര്‍നാമകരണം ചെയ്തു. 2007 ലാണ് എന്‍.ഐ.ഐ.എസ്.ടി. എന്ന് പേര് സ്വീകരിച്ചത്. അഗ്രോ-പ്രോസസിംഗ് ആന്‍ഡ് ടെക്നോളജി, കെമിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മൈക്രോബയല്‍ പ്രോസസസ് ആന്‍ഡ് ടെക്നോളജി, എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണ വികസന പരിപാടികള്‍ സംഘടിപ്പിക്കുന്ന എന്‍.ഐ.ഐ.എസ്.ടി പി.ജി., ഗവേഷണ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിലൂടെ മാനവ വിഭവശേഷി വികസനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

ഉന്നതനിലവാരമുള്ള ഗവേഷണം, ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ സാങ്കേതികവിദ്യകള്‍, മൂല്യവര്‍ധിത ഗവേഷണ വികസന സേവനങ്ങള്‍ എന്നിവയിലൂടെ ദേശീയ അന്തര്‍ദേശീയ സ്വാധീനം സൃഷ്ടിക്കുന്നതിനായി കെമിക്കല്‍-ബയോസയന്‍സ് ഇന്‍റര്‍ഫേസ്, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് എന്നീ മേഖലകളില്‍ മികവ് കൈവരിക്കുക, ദേശസുരക്ഷ, ദേശ പുരോഗതി, ശാസ്ത്രീയ ശേഷി എന്നിവ ലക്ഷ്യമിട്ട് വ്യവസായങ്ങളും പൊതുസമൂഹവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇടപഴകുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുക എന്നിവ എന്‍.ഐ.ഐ.എസ്.ടിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങളാണ്.

Photo Gallery

+
Content
+
Content