സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കെഎസ് യുഎമ്മിന്‍റെ ഇഗ്നൈറ്റ് പരിപാടി പാലക്കാട്ട്
Palakkad / February 15, 2023
പാലക്കാട്: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകരെ ബോധവത്ക്കരിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന 'ദി ഇഗ്നൈറ്റ്'പരിപാടി ഫെബ്രുവരി 17 ന് പാലക്കാട് നടക്കും. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദി സീഡിംഗ് കേരള 23 ന്‍റെ മുന്നോടിയായാണ് സംസ്ഥാനത്തെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇഗ്നൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്.
പാലക്കാട്ടെ ഹോട്ടല്‍ ഡിസ്ട്രിക്ട് നയനില്‍ രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഡക്ട് എക്സ്പോ, ഇന്‍വസ്റ്റര്‍ കഫെ, പിച്ച് ക്ലിനിക്ക്, മാസ്റ്റര്‍ ക്ലാസ്, വിവിധ ചര്‍ച്ചകള്‍ എന്നിവ ഉണ്ടാകും.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും സ്റ്റാര്‍ട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയായിരുന്നു ഇഗ്നൈറ്റിന്‍റെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ മികച്ച അവസരങ്ങള്‍ക്കായി ബോധവത്ക്കരിക്കുക, കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നിവയും ഇഗ്നൈറ്റിന്‍റെ ലക്ഷ്യങ്ങളാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപസമൂഹവുമായി ക്രിയാത്മകമായി ബന്ധപ്പെടാനുള്ള സാധ്യതകള്‍, നിക്ഷേപ സാധ്യതയുള്ള ധനശേഷിയുള്ള വ്യക്തികള്‍ക്കായുള്ള പ്രത്യേക സെഷനുകള്‍, പാലക്കാടിന്‍റെ സ്റ്റാര്‍ട്ടപ്പ് സാധ്യതകളെ ത്വരിതപ്പെടുത്തുന്നതിനായി ഈ മേഖലയിലെ പങ്കാളികളുമായുള്ള കൂടിയാലോചനകള്‍ എന്നിവയെല്ലാം ഇഗ്നൈറ്റിന്‍റെ ഭാഗമായി നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://seedingkerala.com/ignitepalakkad.html എന്ന വെബ്സൈറ്റിലോ അല്ലെങ്കില്‍ vignesh@startupmission.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Photo Gallery
