ദേശീയ കന്നുകാലി ഡിജിറ്റല്‍ വിവരശേഖരണ പദ്ധതി ഏപ്രില്‍ മുതല്‍ ദേശവ്യാപകമാക്കും- കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി

Thrissur / February 15, 2023

തൃശ്ശൂര്‍: രാജ്യത്തെ കന്നുകാലികളുടെ വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കുന്നതിനുള്ള നാഷണല്‍ ഡിജിറ്റലൈസേഷന്‍ ലൈവ്സ്റ്റോക് മിഷന്‍ പദ്ധതി ഏപ്രില്‍ മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് സെക്രട്ടറി ആര്‍ കെ സിംഗ് പറഞ്ഞു. തൃശൂരില്‍ ക്ഷീരസംഗമത്തോടനുബന്ധിച്ച് മില്‍മ സംഘടിപ്പിച്ച 'വിഷന്‍ 2023' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായിരുന്നു.

കര്‍ഷകരുടെ വരുമാനവര്‍ധനവിനും രോഗ സംക്രമണം തടയുന്നതിനും വിപണനത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഗുണം ലഭ്യമാക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ലൈവ്സ്റ്റോക് പദ്ധതി ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡിലാണ് ഈ പദ്ധതി നടപ്പാക്കിയതെന്ന് ആര്‍ കെ സിംഗ് പറഞ്ഞു. ഏപ്രിലില്‍ ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കും. ഇതോടെ ലോകത്തില്‍ ഇത്തരം ബൃഹത്തായ വിവരശേഖരണം നടത്തുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യമാറുമെന്നും അദ്ദേഹം പറഞ്ഞു.

മൃഗസംരക്ഷണത്തില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ഉത്തരാഖണ്ഡ്, ഹരിയാന, കേരളം എന്നീ സംസ്ഥാനങ്ങളാണ്. പാലുല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറുകയാണ്. എന്നാല്‍ രാജ്യത്തുല്‍പാദിപ്പിക്കുന്ന പാലിന്‍റെ 25 ശതമാനം മാത്രമേ സംസ്കരിക്കുന്നുള്ളൂ. ഇതിന് മാറ്റം വരുത്താന്‍ ശീതീകരണ ശൃംഖല വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധ മരുന്നുകള്‍ക്കും കൃത്രിമ ബീജസങ്കലനത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കണം. കേരളത്തിലേക്ക് ഐവിഎഫ് പ്രജനന സംവിധാനമുള്ള മൊബൈല്‍ വാഹനം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ 4000 വെറ്റിനറി വാഹനങ്ങളും രാജ്യത്താകമാനം നല്‍കുമെന്ന് സെക്രട്ടറി പറഞ്ഞു.

ശാസ്ത്രീയമായ തീറ്റരീതികള്‍ കര്‍ഷകര്‍ അവലംബിക്കണമെന്ന് ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മിനേഷ് സി ഷാ പറഞ്ഞു. കയറ്റുമതി സാധ്യതകളുള്ള പാലുല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കണം. പാരിസ്ഥിതിക സുസ്ഥിരമായ കാര്‍ഷിക ശീലങ്ങള്‍ വികസിപ്പിച്ചെടുക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം. സങ്കരയിനം പശുക്കളില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കരുതെന്ന് അദ്ദേഹം കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാലുല്‍പാദനം കൂട്ടുന്നതിനു വേണ്ടി ബീജസങ്കലനത്തില്‍ വിദേശയിനത്തിന്‍റെ ജനിതകഘടകം കൂടുതലായി ഉപയോഗിക്കുന്നത് അപകടരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂതനത്വവും സാങ്കേതികവിദ്യയുമാണ് കേരളത്തിലെ ക്ഷീരമേഖലയുടെ ഭാവിയ്ക്കുള്ള ഏറ്റവും വലിയ നിക്ഷേപമെന്ന് സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് പറഞ്ഞു. പൂര്‍ണമായ ക്ഷീരോത്പാദനം, സാര്‍വത്രിക ഇന്‍ഷുറന്‍സ്, രോഗപ്രതിരോധം-നീരീക്ഷണം, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സമയബന്ധിതമായ ആധുനികവത്കരണം എന്നിവയാണ് സം്സ്ഥാന സര്‍ക്കാര്‍ ക്ഷീരമേഖലയുടെ ഉന്നമനത്തിനായി ലക്ഷ്യം വയ്ക്കുന്നത്. ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളെയും പങ്കാളികളെയും ഒരു പൊതുസംവിധാനത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റയാണ് കേരളത്തിലെ ക്ഷീരമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അമുലിന്‍റെ മുന്‍ എംഡി ഡോ. ആര്‍ എസ് സോധി പറഞ്ഞു. പാലിന്‍റെ ഉപഭോഗം കൂട്ടാനുള്ള പ്രചാരണം കേരളത്തില്‍ കാര്യമായി നടത്തേണ്ടതുണ്ട്. കേരളത്തിലെ പാല്‍ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ ഏറെ കുറവാണ്.

2047 ആകുമ്പോഴേക്കും രാജ്യത്തെ ദൈനംദിന പാലുല്‍പാദനം 620 ദശലക്ഷം ടണ്ണാകും. എന്നാല്‍ 800 ഗ്രാം വച്ച് ദിനം തോറും ജനങ്ങള്‍ ഉപയോഗിച്ചാലും 110 ദശലക്ഷം ടണ്‍ പാല്‍ ബാക്കിയാകും. ഇത് കയറ്റുമതി ചെയ്താല്‍ മാത്രമേ ക്ഷീരമേഖല ലാഭകരമാകുകയുള്ളൂ. സംഭരണ-വിതരണ ശൃംഖലയാണ് രാജ്യത്തെ ക്ഷീരവ്യവസായത്തിന്‍റെ ശക്തി. ഇത് വര്‍ധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യത്തില്‍ വന്‍തോതിലുള്ള നിക്ഷേപം നടത്തണമെന്നും ആര്‍ എസ് സോധി പറഞ്ഞു.

ക്ഷീരമേഖലയില്‍ സബ്സിഡികളുടെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡി ആത്യന്തികമായി ഉപഭോക്താവിനാണ് ഗുണകരമാകുന്നത്. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നത് പാലും പാലുല്‍പ്പന്നങ്ങളുടെയും വില്‍പനയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന വിപണന രീതികളും ഡാറ്റയും ഇന്ത്യയില്‍ അടിസ്ഥാനമാക്കുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റേഷന്‍ മാനേജ്മന്‍റ് ഡയറക്ടര്‍ ഡോ. രാകേഷ് മോഹന്‍ ജോഷി ചൂണ്ടിക്കാട്ടി. പാലും പാലുല്‍പ്പന്നങ്ങളും ദോഷകരമാണെന്ന പ്രചാരണം വ്യാപകമാണ്. 130 കോടി ജനങ്ങളുള്ള വിപണിയാണ് നമ്മുടെ രാജ്യമെന്നും അതിനനുസരിച്ച വിപണന രീതികളുമാണ് അവലംബിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍,  കേരള വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥ്, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍, തിരുവനന്തപുരം യൂണിയന്‍ ഭരണസമിതി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍, മില്‍മ എംഡി ആസിഫ് കെ യൂസഫ്, കേന്ദ്ര ക്ഷീരവികസന വകുപ്പ് അസി. കമ്മീഷണര്‍ അജിത് കുമാര്‍ കെ, ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. എസ് എന്‍ രാജകുമാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

 

Photo Gallery

+
Content