പ്ലാന്‍റേഷന്‍ എക്സ്പോയ്ക്ക് ഇന്ന് (വ്യാഴം) തുടക്കം

Trivandrum / February 15, 2023

തിരുവനന്തപുരം: രാജ്യത്തെ ആദ്യ പ്ലാന്‍റേഷന്‍ എക്സ്പോ ഇന്ന് (വ്യാഴം) ആരംഭിക്കും. വൈകിട്ട് ആറിന് കനകക്കുന്ന് സൂര്യകാന്തി പ്രദര്‍ശന നഗരിയില്‍ വ്യവസായ - നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

ആഗോളതലത്തില്‍ കേരള പ്ലാന്‍റേഷന്‍ എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുളള ആദ്യപടിയായാണ് പ്ലാന്‍റേഷന്‍ എക്സ്പോ 2023 സംഘടിപ്പിക്കുന്നത്. തോട്ടം മേഖലയിലെ വിപണി വൈവിധ്യങ്ങള്‍ നേരിട്ടറിയുന്നതിനും പൊതുജനങ്ങള്‍ക്ക് തോട്ടം ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും എക്സ്പോ അവസരമൊരുക്കും.

ഉദ്ഘാടന ചടങ്ങില്‍ നിയമസഭാംഗം വി കെ പ്രശാന്ത് അദ്ധ്യക്ഷനായിരിക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല സ്വാഗതം പറയും. മേയര്‍ ആര്യ രാജേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. തൊഴിലും നൈപുണ്യവും, സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ പ്രത്യേക പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, നഗരസഭ വിദ്യാഭ്യാസ- സ്പോര്‍ട്സ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. റീന കെ എസ്, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍ അശോക്, അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഴ്സ് കേരള ചെയര്‍മാന്‍ എ കെ ജലീല്‍, വ്യവസായ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍മാരായ  കെ സുധീര്‍, പി എസ് സുരേഷ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അജിത്ത് എസ് തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും. വ്യവസായ - വാണിജ്യ വകുപ്പ് ഡയറക്ടറും  പ്ലാന്‍റേഷന്‍ സ്പെഷ്യല്‍ ഓഫീസറുമായ എസ് ഹരികിഷോര്‍ നന്ദി പറയും.

സൂര്യകാന്തി പ്രദര്‍ശന നഗരിയില്‍ പ്രത്യേകം തയ്യാറാക്കുന്ന 100 സ്റ്റാളുകളിലായാണ് പ്ലാന്‍റേഷന്‍ എക്സ്പോ ഒരുക്കുന്നത്. എക്സ്പോയുടെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ തോട്ടം മേഖലയിലെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും. ഞായറാഴ്ച വരെ നടക്കുന്ന എക്സ്പോ രാവിലെ 11 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം.

Photo Gallery