നാലാമത് അന്താരാഷ്ട്ര ടൂറിസം ടെക്നോളജി സമ്മേളനം(ഐസിടിടി) 24 ന് കൊച്ചിയില്‍

സാമൂഹ്യമാധ്യമങ്ങളെ വരുമാനവര്‍ധനക്ക് ഉപയോഗിക്കുന്നത് പ്രധാന ചര്‍ച്ച
Kochi / February 15, 2023

കൊച്ചി: അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയി)യും കേരള ടൂറിസവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂറിസം ടെക്നോളജി സമ്മേളനം (ഐസിടിടി 2023) ഫെബ്രുവരി 24 ന് കൊച്ചിയില്‍ നടക്കും. സാമൂഹ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ പ്രചാരണം, മൊബൈല്‍ ആപ്പ് എന്നിവയില്‍ കൂടി വരുമാനവര്‍ധന ഉണ്ടാക്കുന്നതിനെക്കുറിച്ചാകും രാജ്യത്തെ വിദഗ്ധര്‍ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

കൊച്ചിയിലെ ഗോകുലം കണ്‍വൈന്‍ഷന്‍ സെന്‍ററിലാണ് ഐസിടിടി 2023 നടക്കുന്നത്. വിജ്ഞാനവും ആശയങ്ങളും പങ്ക് വയ്ക്കല്‍, ടൂറിസം സാങ്കേതിക മേഖലയിലെ പുത്തന്‍ വികസനങ്ങള്‍ ചര്‍ച്ച ചെയ്യല്‍ മുതലായവയാണ് ഈ സമ്മേളനത്തില്‍ നടക്കുന്നതെന്ന് അറ്റോയി പ്രസിഡന്‍റ് വിനോദ് സിഎസ് പറഞ്ഞു. ടൂറിസം രംഗത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ ചട്ടങ്ങള്‍, മാനദണ്ഡങ്ങള്‍, മികച്ച മാതൃകകള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും.

പ്ലാന്‍, ബുക്കിംഗ്, അനുവവേദ്യ യാത്രകള്‍ എന്നിങ്ങനെ ടൂറിസം രംഗത്ത് സാങ്കേതികവിദ്യയ്ക്ക് അതീവ പ്രാധാന്യം കൈവന്നിരിക്കുന്ന ഇക്കാലത്ത് ഐസിടിടി 2023 പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. പുതിയ പങ്കാളിത്തവും സഹകരണവും വര്‍ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യയെക്കുറിച്ച് മനസിലാക്കാനുള്ള അവസരമായും ഇതിനെ കാണാമെന്നും വിനോദ് പറഞ്ഞു.

കൊവിഡ് മഹാമാരിക്ക് ശേഷം സഞ്ചാരികളില്‍ 65 ശതമാനവും ഓണ്‍ലൈന്‍ ബുക്കിംഗാണ് നടത്തുന്നതെന്ന് ഐസിടിടി കണ്‍വീനര്‍ അനീഷ് കുമാര്‍ പി കെ പറഞ്ഞു. അതിനാല്‍ ഹോട്ടലുകളും ടൂര്‍ ഓപറേറ്റര്‍മാരും ഡിജിറ്റല്‍ പശ്ചാത്തലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ അതീവ താത്പര്യം കാണിക്കുന്നുണ്ട്.
ഇക്കുറി അഞ്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയങ്ങളാണ് ഐസിടിടി 2023 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റാഗ്രാം റീലുകള്‍ വൈറലാകുന്നതിനുള്ള നുറുങ്ങുകള്‍, ഫലപ്രദമായ എസ് ഇ ഒ വഴി എങ്ങിനെ ഓണ്‍ലൈന്‍ പ്രാതിനിധ്യം കൂട്ടാം, എങ്ങിനെ ഫലപ്രദമായ ഓണ്‍ലൈന്‍ പരസ്യം നിര്‍മ്മിക്കാം, കഥകള്‍ പറയുന്നതിന്‍റെ പ്രാധാന്യം എന്നിവയാണ് ഉള്‍ക്കാഴ്ച നല്‍കുന്ന വിഷയങ്ങള്‍.

സൗരവ് ജെയിന്‍, ദീപ്തി പാര്‍മര്‍, ഡോ. സീമ ഗുപ്ത, സച്ചിന്‍ ബന്‍സാല്‍, ഇവാന പെറോവിച്ച് എന്നിവരാണ് പ്രഭാഷകര്‍.
ടൂറിസം പ്രദേശത്തെ കാഴ്ചക്കാരിലെത്തിക്കുക, വരുമാനം വര്‍ധിപ്പിക്കുക, യാത്ര രസകരമാക്കുക എന്നിവയ്ക്ക് ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നറിയപ്പെടുന്ന ഹ്രസ്വ വീഡിയോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഇത്തരം വീഡിയോകളുടെ സഹായത്താല്‍ സഞ്ചാരികളുടെ യാത്രയും അവിസ്മരണീയമാക്കാന്‍ സാധിക്കും. അതിലൂടെ ബിസിനസ് വര്‍ധിക്കുകയും ചെയ്യും.

കൂടാതെ സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍(എസ് ഇ ഒ) വലിയ പ്രാധാന്യമുള്ളതാണ്. ടൂറിസത്തെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ തിരയുമ്പോള്‍ സ്വന്തം വെബ്സൈറ്റിന് എങ്ങിനെ മെച്ചപ്പെട്ട പരിഗണന കിട്ടാം എന്നതാണ് ഇതിന്‍റെ കാതല്‍. അതിന് വേണ്‍ നുറുങ്ങുകള്‍ സമ്മേളനത്തില്‍ വിദഗ്ധര്‍ പങ്ക് വയ്ക്കും. കൂടൂതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഡിജിറ്റല്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന്‍റെ വിശദാംശങ്ങള്‍, സ്വന്തം ഉത്പന്നത്തിലേക്ക് കാഴ്ചക്കാരെ എത്തിക്കുന്നതിനുള്ള പരസ്യ രീതികള്‍ എന്നിവയും ചര്‍ച്ച ചെയ്യും.
ചെലവു കുറഞ്ഞ രീതിയില്‍ സ്വന്തം ടൂറിസം ഉത്പന്നത്തിന്‍റെ മികച്ച വിപണനം, സുപ്രധാന വിവരങ്ങള്‍, ടൂറിസം പ്രദേശം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് യൂട്യൂബ് വീഡിയോകള്‍.

 ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം എന്നിവയെ ബിസിനസ് പ്രമേയത്തിലുള്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ വാണിജ്യ സംഘടനയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള അറ്റോയി. 2013 ല്‍ ആരംഭിച്ച ഐസിടിടി, 2017, 2019 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് നടന്നത്.

പങ്കെടുക്കുന്നതിന് http://icttindia.com/delegate-registration/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Photo Gallery