ക്ഷീരമേഖലയുടെ ഭാവിയ്ക്ക് സഹകരണ മേഖലയിലെ നൂതന സംരംഭങ്ങള്‍ അനിവാര്യം- റവന്യൂ മന്ത്രി കെ രാജന്‍

Thrissur / February 14, 2023

തൃശ്ശൂര്‍: കുത്തക മേഖലയില്‍ നിന്നുള്ള വെല്ലുവിളി നേരിടുന്നതിന് സഹകരണ മേഖലയില്‍ നൂതന ക്ഷീര സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി ശ്രീ കെ രാജന്‍ പറഞ്ഞു. ക്ഷീരവികസന വകുപ്പ് നടത്തുന്ന സംസ്ഥാന ക്ഷീരസംഗമത്തില്‍ മില്‍മ സംഘടിപ്പിച്ച ക്ഷീര സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് സംസ്ഥാന അതിര്‍ത്തികള്‍ അടച്ചപ്പോള്‍ നിത്യോപയോഗ സാധങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെട്ടു. പക്ഷെ സംസ്ഥാനത്തിന്‍റെ നിത്യോപയോഗ ഉത്പാദന രംഗത്ത് ക്ഷീരമേഖല നടത്തിയ മുന്നേറ്റം ശ്രദ്ധേയമായി. സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ ക്ഷീരമേഖല നല്‍കിയ സംഭാവനകള്‍ കാണാതിരിക്കാനാവില്ലെന്നും കെ രാജന്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്ഷീരമേഖലയില്‍ കോർപ്പറേറ്റ്വത്ക്കരണം കൊണ്ടുണ്ടാകുന്ന വെല്ലുവിളികള്‍ ചില്ലറയല്ല. അത്തരം ഭീഷണികളില്‍ നിന്ന് കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുന്നത് മില്‍മയും പ്രാദേശിക സഹകരണ സംഘങ്ങളുമാണ്. ഇക്കാര്യം ഫലപ്രദമായി ചെയ്യുന്നതിന് ക്ഷീര അധിഷ്ഠിതമായ നൂതന സംരംഭങ്ങള്‍ ഇവിടെയുണ്ടാകണം. അതിന് കാര്‍ഷിക- വെറ്റിനറി സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ കര്‍ഷകരിലേക്കിറങ്ങിച്ചെല്ലണമെന്നും മന്ത്രി പറഞ്ഞു.

സഹകരണ സംഘങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും അനാരോഗ്യ മത്സരത്തിലേക്ക് എത്തിക്കുകയാണ് കോര്‍പറേറ്റ് മേഖല ചെയ്യുന്നത്. ഇത് നേരിടുന്നതിന് മില്‍മയുടെ കീഴില്‍ സ്വാശ്രയത്തിനും സ്വയംപര്യാപ്തതയ്ക്കുമായി കര്‍ഷകര്‍ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളിലൂടെ നൂതന ക്ഷീരോപ്തപന്ന സംരംഭങ്ങളില്‍ നിക്ഷേപം നടത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷയായിരുന്ന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി പറഞ്ഞു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് സഹകരണ മേഖലയിലൂടെ വിപണി കണ്ടെത്തണം. കെ എസ് ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ പഴയ ബസ് ഉപയോഗിച്ച് തുടങ്ങിയ മില്‍മ ഓണ്‍ വീല്‍സ് ഇതിന്‍റെ ഭാഗമാണ്. മില്‍മയ്ക്ക് ലഭിക്കുന്ന ലാഭത്തിന്‍റെ 80 ശതമാനവും കര്‍ഷകര്‍ക്കാണ് നല്‍കുന്നത്. അതിനാല്‍ സഹകരണമേഖലയോടുള്ള പ്രതിബദ്ധത കര്‍ഷകര്‍ കാത്തു സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

2025 ആകുമ്പോഴേക്കും 10,000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി മില്‍മയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ ആശംസ അറിയിച്ച മില്‍മ എംഡി ശ്രീ ആസിഫ് കെ യൂസഫ് പറഞ്ഞു. കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ ശ്രീ എം എസ് മണി സ്വാഗതവും മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ശ്രീ എം ടി ജയന്‍ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം മേഖലാ ഭരണസമിതി കണ്‍വീനര്‍ ശ്രീ എന്‍ ഭാസുരാംഗന്‍, വിവിധ മേഖലാ യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

ദേശീയ ഗോകുല്‍രത്ന പുരസ്ക്കാര ജേതാക്കളെയും അവസാന റൗണ്ടിലെത്തിയ ക്ഷീരസഹകരണ സംഘങ്ങളെയും ചടങ്ങില്‍ വച്ച് ആദരിച്ചു.

 

Photo Gallery

+
Content