കാലിത്തീറ്റ ഗുണമേന്മാ നിയമനിര്‍മ്മാണം അവസാന ഘട്ടത്തില്‍-മന്ത്രി ജെ ചിഞ്ചുറാണി

Thrissur / February 14, 2023

തൃശ്ശൂര്‍: സംസ്ഥാനത്തെ കാലിത്തീറ്റ, ആടുതീറ്റ, കോഴിത്തീറ്റ എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി പറഞ്ഞു. നിയമം പതിനഞ്ചംഗ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഉടന്‍ തന്നെ ഈ നിയമനിര്‍മ്മാണം നടക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരവികസന വകുപ്പ് തൃശൂരില്‍ നടത്തുന്ന ക്ഷീര സംഗമത്തില്‍ മില്‍മ സംഘടിപ്പിച്ച സംവാദസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള പാലും പാലിന് വിലസ്ഥിരതയും ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അടുത്തിടെ പാലിന് ആറു രൂപ വിലകൂട്ടിയപ്പോള്‍ അതില്‍ അഞ്ചു രൂപ മൂന്ന് പൈസ കര്‍ഷകര്‍ക്കാണ് നല്‍കിയത്.

കാലിത്തീറ്റയുടെ ഉപയോഗം കുറച്ച് പച്ചപ്പുല്ല് കന്നുകാലികള്‍ക്ക് നല്‍കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും. നാടന്‍ കാലിയിനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതി കര്‍ഷകര്‍ ഉപയോഗപ്പെടുത്തണം. എല്ലാ ബ്ലോക്കിലും വെറ്റിനറി ആംബുലന്‍സും കൃത്രിമ ബീജസങ്കലന സംവിധാനവും ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ രാജനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

പാലിന് സ്ഥിരമായ വില ഉറപ്പു വരുത്താന്‍ മില്‍മയും സംസ്ഥാന സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മില്‍മ ചെയര്‍മാന്‍ ശ്രീ കെ എസ് മണി പറഞ്ഞു. എന്നാല്‍ ക്ഷീരകര്‍ഷകരുടെ ഭാവിക്ക് പാലിന് വില കൂട്ടുന്നതു മാത്രമല്ല ശാശ്വത പരിഹാരം.  രോഗപ്രതിരോധം, വാക്സിനേഷന്‍, സമാന്തര തീറ്റയുടെ ഉത്പാദനം എന്നിവയും ലാഭകരമായ ക്ഷീരാത്പോദനത്തിന് ആവശ്യമാണ്. കാലിത്തീറ്റയുടെ ഉപയോഗം കുറയ്ക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലികളിലെ രോഗപ്രതിരോധം, ശരിയായ പ്രജനനം, ചികിത്സാരീതികള്‍, സമീകൃതവും ചെലവ് കുറഞ്ഞതുമായ നൂതന തീറ്റ രീതികള്‍ എന്നീ വിഷയത്തിലാണ് സംവാദസദസ്സ് നടന്നത്. ദേശീയ ക്ഷീരവികസന ബോര്‍ഡിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. എ വി ഹരികുമാര്‍, സീനിയര്‍ മാനേജര്‍ റോമി ജേക്കബ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്.

പശുവിനെ വ്യക്തമായി നിരീക്ഷിക്കല്‍, പ്രതിരോധ കുത്തിവയ്പുകള്‍, മരുന്നുകള്‍, പാലിലൂടെ പശുക്കളിലെ രോഗങ്ങള്‍ തിരിച്ചറിയാനുള്ള ലളിത പരിശോധനകള്‍ എന്നിവയാണ് കന്നുകാലി വളര്‍ത്തലിലെ പ്രധാന സംഗതികളെന്ന് ഡോ. എ വി ഹരികുമാര്‍ പറഞ്ഞു. ചര്‍മ്മ മുഴ പോലുള്ള രോഗങ്ങള്‍ കേരളത്തില്‍ വിനാശം വിതയ്ക്കാത്തതിന് കാരണം നമ്മുടെ പ്രാദേശിക മൃഗാശുപത്രികളാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ രാജ്യത്തിന്‍റെ ഏതു ഭാഗത്ത് കാണുന്ന പകര്‍ച്ച വ്യാധികള്‍ വളരെ പെട്ടന്ന തന്നെ നമ്മുടെ നാട്ടിലെത്തുമെന്ന് കര്‍ഷകര്‍ തിരിച്ചറിയണം.

പശുക്കളില്‍ കാണുന്ന സങ്കീര്‍ണമായ പല അസുഖങ്ങള്‍ക്കും നാടന്‍ ചികിത്സാരീതികള്‍ വളരെ സഹായകരമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം അറിവുകള്‍ ക്രോഡീകരിക്കുന്നതിനുള്ള നടപടികള്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് എടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുണമേന്മയേറെ വൈവിദ്ധ്യമാര്‍ന്ന തീറ്റപ്പുല്ല് ചെലവ് ചുരുക്കലിന്‍റെ ആദ്യപടിയാണെന്ന് ശ്രീമതി റോമി ജേക്കബ് ചൂണ്ടിക്കാട്ടി. ഹൈബ്രിഡ് നേപിയര്‍ എന്നയിനം തീറ്റപ്പുല്ലാണ് 90 ശതമാനം കേരളത്തില്‍ കൃഷി ചെയ്യുന്നത്. പക്ഷെ മുരിങ്ങയില, ശീമക്കൊന്ന, തോട്ടപ്പയര്‍, തുടങ്ങിയവയും തീറ്റപ്പുല്ലിന് പകരം ഉപയോഗിക്കാം. ഈര്‍ക്കില്‍ കളഞ്ഞ പച്ചയോല, ചക്ക, കശുമാങ്ങ, കൊക്കോത്തൊണ്ട്, കരിമ്പിന്‍ തലപ്പ് എന്നിവയെല്ലാം ചെലവ് കുറഞ്ഞ സമാന്തര തീറ്റയാണെന്നും അവര്‍ പറഞ്ഞു.

മില്‍മ തിരുവനന്തപുരം മേഖലയിലെ 40 ബീജസങ്കലന കേന്ദ്രങ്ങള്‍, എറണാകുളം മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്കായുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതി, മലബാര്‍ യൂണിയനിലെ വിധവകളായ ഭവനരഹിതര്‍ക്കുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായം എന്നിവയും മന്ത്രി വിതരണം ചെയ്തു.

ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍ ഐഎഎസ്, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ശ്രീ എം ടി ജയന്‍, തിരുവനന്തപുരം മേഖലാ ഭരണസമിതി കണ്‍വീനര്‍ ശ്രീ എന്‍ ഭാസുരാംഗന്‍, വിവിധ മേഖലാ യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

Photo Gallery

+
Content