പ്ലാന്‍റേഷന്‍ എക്സ്പോ 2023 ഫെബ്രു. 16 മുതല്‍ കനകക്കുന്നില്‍

Trivandrum / February 14, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ പ്ലാന്‍റേഷന്‍ എക്സ്പോ സംഘടിപ്പിക്കുന്നു.

ആഗോളതലത്തില്‍ കേരളാ പ്ലാന്‍റേഷന്‍ എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ആദ്യ ചുവടുവയ്പ് എന്ന നിലയിലാണ് കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍  ഫെബ്രുവരി 16 മുതല്‍ 19 വരെ  പ്ലാന്‍റേഷന്‍ എക്സ്പോ സംഘടിപ്പിക്കുന്നത്.

തോട്ടവിപണിയിലെ വൈവിധ്യങ്ങള്‍ നേരിട്ടറിയുന്നതിനും ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും എക്സ്പോ അവസരമൊരുക്കുന്നു. രാജ്യത്തെ ആദ്യ സംരംഭമായ പ്ലാന്‍റേഷന്‍ എക്സ്പോ, അടുത്ത വര്‍ഷം ആഗോളതലത്തിലെത്തിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍,  തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവരാകും എക്സ്പോയില്‍ പങ്കെടുക്കുക. സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന നൂറ് സ്റ്റാളുകളിലാണ് എക്സ്പോ ഒരുക്കുന്നത്.

എക്സ്പോയോടനുബന്ധിച്ചു ഇവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും അവസരമുണ്ടാകും. എക്സ്പോയുടെ ഭാഗമായി 17,18 തീയതികളില്‍ തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്ന സെമിനാറുകളും സംഘടിപ്പിക്കും. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്  സന്ദര്‍ശനം. പ്രവേശനം സൗജന്യമാണ്.

Photo Gallery