ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനമേകി സംസ്ഥാന ക്ഷീരസംഗമത്തിലെ കെഎഫ്എല്‍ സ്റ്റാള്‍

Thrissur / February 12, 2023

തൃശ്ശൂര്‍: പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് ഉത്തേജനമേകി സംഘടിപ്പിച്ചിട്ടുള്ള 'പടവ് 2023' സംസ്ഥാന ക്ഷീരസംഗമത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആത്മവിശ്വാസവും പ്രയോജനവുമേകി കേരള ഫീഡ്സ് സ്റ്റാള്‍.

മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണിയും റവന്യൂ മന്ത്രി കെ.രാജനും ചേര്‍ന്നാണ് മണ്ണുത്തി വെറ്റിനറി കോളേജിലെ ഡയറി എക്സ്പോയിലെ കെഎഫ്എല്‍ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തത്. പി.ബാലചന്ദ്രന്‍ എം.എല്‍.എ. സംബന്ധിച്ചു.

കെഎഫ്എല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനു പുറമേ പ്രതിദിന ഭാഗ്യ നറുക്കെടുപ്പ് പദ്ധതിയും സ്റ്റാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയികള്‍ക്ക് സ്വര്‍ണനാണയവും പ്രോത്സാഹന സമ്മാനങ്ങളും കെഎഫ്എല്‍ ഡിസ്കൗണ്ട് കൂപ്പണും ലഭിക്കും. ക്ഷീരകര്‍ഷകര്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിച്ച് സംസ്ഥാനത്ത് എവിടെയുമുള്ള കെഎഫ്എല്‍ ഔട്ട്ലറ്റില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാനാകും. ഫെബ്രുവരി 10ന് ആരംഭിച്ച ക്ഷീരസംഗമം 15 ന് സമാപിക്കും.

കെഎഫ്എല്‍ സ്റ്റാളില്‍ നിന്ന് കമ്പനിയുടെ കെരാമിന്‍ വാങ്ങാനാകും. പാലുല്‍പ്പാദന ക്ഷമതയും രോഗപ്രതിരോധവും വര്‍ധിപ്പിച്ച് പാലുല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്ന ധാതു മിശ്രിതമാണ് കെരാമിന്‍.

ക്ഷീരകര്‍ഷകന്‍റെ മനോവീര്യം വര്‍ധിപ്പിക്കുക എന്നതാണ് കെഎഫ്എല്‍ സ്റ്റാളിന്‍റെ ആശയമെന്നും സമ്പദ്വ്യവസ്ഥയില്‍ കര്‍ഷകരുടെ പങ്കിന്‍റെ മൂല്യം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും കെഎഫ്എല്‍ ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.

സ്റ്റാളിലെ എല്‍ഇഡി സ്ക്രീനില്‍ കെഎഫ്എല്‍ സംരംഭങ്ങളുടെ ഗുണഭോക്താക്കള്‍ അവരുടെ അനുഭവവും മെച്ചപ്പെട്ട ഉപജീവനം സാധ്യമായ കഥകളും വിവരിക്കുന്നു. കെഎഫ്എല്ലിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ നടന്‍ ജയറാമാണ് ഗുണഭോക്താക്കള്‍ക്കിടയിലെ താരസാന്നിധ്യം. സ്റ്റാളില്‍ സെല്‍ഫി പോയിന്‍റ് സജ്ജീകരിച്ചിട്ടുണ്ട്. അവിടെ സന്ദര്‍ശകര്‍ക്കും കര്‍ഷകര്‍ക്കും 'മിടുക്കി' എന്നു പേരുള്ള പശുവിന്‍റെ മാതൃകയ്ക്കൊപ്പം സെല്‍ഫിയെടുക്കാം. പശുക്കിടാങ്ങളുടെ രൂപത്തിലുള്ള പാവകളാണ് സ്റ്റാളിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്.

ഇ.ആര്‍.സി.എം.പി.യു. ചെയര്‍മാന്‍ എം.ടി. ജയന്‍, കെഎഫ്എല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.ശ്രീകുമാര്‍ എന്നിവരും സ്റ്റാളിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്നലെ നടന്ന കെഎഫ്എല്‍ സാംസ്കാരിക സായാഹ്നത്തില്‍ നടന്‍ ജയറാം ഭാഗ്യ നറുക്കെടുപ്പിന് നേതൃത്വം നല്‍കി വിജയികളെ പ്രഖ്യാപിച്ചു.

Photo Gallery